‘ഗജകേസരീ യോഗത്തിലെ പല സീനുകളിലും മാമുക്ക ഇംപ്രൊവൈസ് ചെയ്തവയാണ്’ : ജഗദീഷ്
മാമുക്കോയയുടെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തി ജഗദീഷ്. നിരവധി സിനിമകളിലാണ് ജഗദീഷും മാമുക്കോയയും ഒന്നിച്ചെത്തിയത്. അവയിലെല്ലാം തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാൻ കഴിഞ്ഞ വ്യക്തിയായിരുന്നു മാമുക്കോയയെന്ന് ജഗദീഷ് ഓർത്തെടുത്തു. ( jagadeesh about mamukkoya films )
‘കഥാപാത്ര ആവിഷ്‌കാരം മാത്രമല്ല എന്റെ മനസിൽ വരുന്നത്. അദ്ദേഹത്തോടൊപ്പം ചെലവഴിച്ച നിമിഷങ്ങൾ കൂടിയാണ്. ഓരോ സീൻ കഴിഞ്ഞാലും ഞങ്ങൾ മാറി നിന്ന് പല സംഭവങ്ങളെ കുറിച്ചും സംസാരിക്കുമായിരുന്നു. നിരവധി കഷ്ടപ്പാടുകൾ അനുഭവിച്ചാണ് അദ്ദേഹം നാടകത്തിലെത്തിയത്. പപ്പുവിന്റെ പകരക്കാരനായാണ് ദൂരെ ദൂരെ ഒരു കൂടുകൂട്ടാൻ എന്ന സിനിമയിൽ വരുന്നത്. ശ്രീനവാസനായിരുന്നു മാമുക്കോയയെ നിർദേശിച്ചത്. അദ്ദേഹം സ്വാഭാവികമായ രീതിയിൽ ആ കഥാപാത്രം എങ്ങനെയാണ് പെരുമാറുകയെന്നാണ് കാണിച്ച് തരുന്നത്. ഡയലോഗ് കൊടുത്ത് കഴിഞ്ഞാൽ ഏറ്റവും ആദ്യം ഹൃദ്യസ്ഥമാക്കുക അദ്ദേഹമായിരിക്കും. ഏത് വിഷയത്തെ കുറിച്ചും നല്ല അറിവോടെ കൃത്യമായി നിലപാടെടുക്കാൻ സാധിക്കുന്ന വ്യക്തിയായിരുന്നു അദ്ദേഹം. അദ്ദേഹത്തെ കുറിച്ച് ഇന്നുവരെ ഒരു പരാതി പോലും ആരും പറഞ്ഞിട്ടില്ല. ഗജകേസരീ യോഗം എന്ന ചിത്രത്തിൽ ആന ബ്രോക്കറായി എത്തുന്ന സീനാണ്. അതിലെ പല ഡയലോഗുകളും പെരുമാറ്റവുമെല്ലാം മാമുക്കോയ സ്വയം കൈയിൽ നിന്നിട്ട് ചെയ്തവയായിരുന്നു’- ജഗദീഷ് പറഞ്ഞു.
ഇന്ന് ഉച്ചയോടെയാണ് നടൻ മാമുക്കോയ അന്തരിച്ചത്. ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്നു. കോഴിക്കോട് മൈത്ര ആശുപത്രിയിൽ വച്ചാണ് അന്ത്യം. ഏപ്രിൽ 24 ന് മലപ്പുറം വണ്ടൂരിലെ സെവൻസ് ടൂർണമെന്റ് ഉദ്ഘാടനത്തിനെടെയാണ് ഹൃദയാഘാതം ഉണ്ടായത്.
Story Highlights: jagadeesh about mamukkoya films
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here