Advertisement

മാമുക്കോയ സിനിമയിലേക്കെത്തിയത് നാടകത്തിലൂടെ; ആദ്യ ചിത്രം 1979ല്‍ പുറത്തിറങ്ങിയ ‘അന്യരുടെ ഭൂമി’

April 26, 2023
3 minutes Read
Mamukkoya first film Anyarude Bhoomi

മാമുക്കോയ സിനിമയിലേക്കെത്തുന്നത് നാടകത്തിലൂടെയാണ്. നാടക നടനായാണ് മാമുക്കോയ കലാ ജീവിതം ആരംഭിക്കുന്നത്. കെ.ടി. മുഹമ്മദ്, വാസു പ്രദീപ്, ബി. മുഹമ്മദ് (കവിമാഷ്), എ.കെ. പുതിയങ്ങാടി, കെ.ടി. കുഞ്ഞ്, ചെമ്മങ്ങാട് റഹ്‌മാൻ തുടങ്ങിയവരുടെ നാടകങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. നാടകാഭിനയത്തിനിടെ അദ്ദേഹത്തെ തേടി സിനിമാ വേഷങ്ങളുമെത്തി. ( Mamukkoya first film Anyarude Bhoomi ).

1979ല്‍ പുറത്തിറങ്ങിയ ‘അന്യരുടെ ഭൂമി’ എന്ന സിനിമയിലൂടെയാണ് അദ്ദേഹം ആദ്യമായി വെള്ളിത്തിരയില്‍ അരങ്ങേറുന്നത്. അദ്ദേഹത്തിന്‍റെ രണ്ടാമത്തെ ചിത്രം എസ്. കൊന്നനാട്ടിന്‍റെ ‘സുറുമയിട്ട കണ്ണുകള്‍’ ആയിരുന്നു. അതിന് ശേഷമാണ് കുതിരവട്ടം പപ്പുവിന് പകരക്കാരനായി ദൂരെ ദൂരെ ഒരു കൂടു കൂട്ടാം എന്ന സിനിമയിൽ മാമുക്കോയയ്ക്ക് ഒരു വേഷം കിട്ടുന്നത്. ശ്രീനിവാസൻ സംവിധായകന്‍ സത്യൻ അന്തിക്കാടിന് മാമുക്കോയയെ പരിചയപ്പെടുത്തുകയും ‘ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റിൽ’ ശ്രദ്ധേയമായ വേഷം അഭിനയിക്കുകയും ചെയ്തു.

സിബി മലയിലിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ദൂരെ ദൂരെ ഒരു കൂടു കൂട്ടാം എന്ന സിനിമയിൽ മാമുക്കോയ ചെയ്ത കോയ എന്ന അധ്യാപകന്റെ വേഷം മലയാളികളെ ചില്ലറയൊന്നുമല്ല ചിരിപ്പിച്ചത്. പപ്പുവിന് പകരക്കാരനായായാണ് എത്തിയതെങ്കിലും ഈ കഥാപാത്രത്തിന് മാമുക്കോയ വളരെ കറക്റ്റാണെന്നാണ് സംവിധായകൻ സിബി മലയിൽ അന്ന് പറഞ്ഞത്.

Read Also: മാമുക്കോയയ്ക്ക് ആദ്യം ലഭിച്ച പ്രതിഫലം; കാരണക്കാരനായത് സാക്ഷാൽ ബഷീർ

ശ്രീനിവാസനായിരുന്നു മാമുക്കോയയെ ഈ കഥാപാത്രം ചെയ്യാനായി സജസ്റ്റ് ചെയ്തത്. മാമുക്കോയ സ്വാഭാവികമായ രീതിയിൽ ആ കഥാപാത്രം എങ്ങനെയാണ് പെരുമാറുകയെന്നാണ് പ്രേക്ഷകർക്ക് കാണിച്ച് തന്നത്. 1986ലാണ് ഈ ചിത്രം പുറത്തിറങ്ങിയത്. മോഹൻലാലും മേനകയും ജ​ഗതിയും നെടുമുടി വേണുവുമെല്ലാം തകർത്തഭിനയിച്ച ചിത്രമായിരുന്നു ദൂരെ ദൂരെ ഒരു കൂടു കൂട്ടാം. മാമുക്കോയയുടെയും ജ​ഗതിയുടെയും കോമ്പിനേഷനിലുള്ള ഈ ചിത്രത്തിലെ കോമഡി രം​ഗങ്ങൾ കാണാത്ത മലയാളികൾ വളരെ ചുരുക്കമായിരിക്കും.

മലയാള സിനിമയിലെ ആദ്യ കൊമേഡിയന്‍ അവാര്‍ഡ് ലഭിച്ചതും മറ്റാർക്കുമായിരുന്നില്ല. അത് കോമഡിയുടെ തമ്പുരാനായ സാക്ഷാൽ മാമുക്കോയക്കായിരുന്നു. മികച്ച കൊമേഡിയനുള്ള സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ് ലഭിക്കുന്ന ആദ്യ നടനാണ് അദ്ദേഹം. തന്‍റേതായ സ്വതസിദ്ധമായ അഭിനയ ശൈലിയിലൂടെ അദ്ദേഹം നിരവധി അവാര്‍ഡുകള്‍ക്കും അര്‍ഹനായിട്ടുണ്ട്. 2008ല്‍ ‘ഇന്നത്തെ ചിന്താ വിഷയം’ എന്ന സിമയിലെ പ്രകടനത്തിനാണ് മികച്ച കോമഡി താരത്തിനുള്ള അവാര്‍ഡ് മാമുക്കോയയ്ക്ക് ലഭിച്ചത്. ‘പെരുമഴക്കാലം’ എന്ന സിനിമയിലൂടെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡിൽ അദ്ദേഹത്തിന് പ്രത്യേക പരാമർശവും ലഭിച്ചിട്ടുണ്ട്.

Story Highlights: Mamukkoya first film Anyarude Bhoomi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top