മോദിയെ വിഷപ്പാമ്പിനോട് ഉപമിച്ചു; മല്ലികാർജുൻ ഖർഗെയുടെ പരാമർശം വിവാദത്തിൽ

കർണാടകയിൽ പ്രചാരണത്തിനിടെ നരേന്ദ്രമോദിയെ വിഷപ്പാമ്പിനോട് ഉപമിച്ച കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ വിവാദത്തിൽ. മോദിയെപ്പോലെയുള്ള ഒരു നല്ല മനുഷ്യൻ തരുന്നത് വിഷമല്ല എന്ന് നിങ്ങൾ ചിന്തിച്ചേക്കാം, പക്ഷേ രുചിച്ചു നോക്കിയാൽ മരിച്ചു പോകുമെന്നാണ് കൽബുർഗിയിൽ ഖർഗെ പറഞ്ഞത്. പരാമർശത്തെ രൂക്ഷമായി വിമർശിച്ച ബിജെപി, ഖർഗെ മാപ്പു പറയണമെന്ന് ആവശ്യപ്പെട്ടു. ജനങ്ങൾ തെരഞ്ഞെടുത്ത പ്രധാനമന്ത്രിയെ അപമാനിച്ച ഖർഗെ രാജ്യത്തെയാണ് അപമാനിച്ചതെന്ന് കേന്ദ്രമന്ത്രി ശോഭ കരന്തലജെ പറഞ്ഞു.
പരാമര്‍ശം വിവാദമായതോടെ ബിജെപിയുടെ ആശയത്തെയാണ് വിമര്‍ശിച്ചതെന്ന വിശദീകരണവുമായി ഖര്‍ഗെ രംഗത്തെത്തി. ആരെയെങ്കിലും വേദനിപ്പിച്ചെങ്കിൽ മനപ്പൂർവമല്ലെന്നും ഖർഗെ പറഞ്ഞു. മോദിയെ അല്ല ബിജെപിയുടെ പ്രത്യയശാസ്ത്രത്തെയാണ് വിമർശിച്ചത്. ഒരിക്കലും പ്രധാനമന്ത്രി മോദിക്കെതിരെ വ്യക്തിപരമായ പരാമര്‍ശം നടത്തിയിട്ടില്ല. അവരുടെ പ്രത്യയശാസ്ത്രം പാമ്പിനെപ്പോലെയാണെന്നും നിങ്ങൾ അതിൽ തൊടാൻ ശ്രമിച്ചാൽ നിങ്ങളുടെ മരണം ഉറപ്പാണെന്നുമാണ് താൻ പറഞ്ഞതെന്ന് ഖാര്‍ഗെ മാധ്യമങ്ങളോട് പറഞ്ഞു.
‘നിങ്ങളുടെ ആശയങ്ങളും ചിന്തയും മോശമായതിനാല്‍ അവ രാജ്യത്തെ നശിപ്പിച്ചു. ജനങ്ങള്‍ തെറ്റിദ്ധരിച്ചിരിക്കുകയാണ്. മോദി ഒരു വിഷപ്പാമ്പിനെപ്പോലെയാണ്. വിഷമുണ്ടോ ഇല്ലയോ എന്ന് പരിശോധിക്കാന്‍ ഒന്ന് നക്കി നോക്കിയാല്‍ മരണം ഉറപ്പ്. പ്രധാനമന്ത്രി നല്ലവനാണെന്ന് കരുതി ഒരവസരം കൂടി നിങ്ങൾ അദ്ദേഹത്തിന് കൊടുത്താൽ നിങ്ങൾ ആ വിഷം നക്കുകയാണ്. രാജ്യത്തിന് വേണ്ടി നിങ്ങൾ നിരന്തരം ആലോചിക്കേണ്ടിയിരിക്കുന്നു’ -എന്നായിരുന്നു ഖാർഗെയുടെ പരാമർശം.
Story Highlights: Kharge calls PM Modi ‘poisonous snake’; BJP hits out at Congress chief
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here