ജ്യൂസിന് വെറും 15 രൂപ; ആരോഗ്യവകുപ്പ് നിഷ്‌കർശിക്കുന്ന 20 ശതമാനത്തെ കടത്തിവെട്ടി 40% പഴച്ചാറ് നൽകുന്ന അപൂർവം കടകളിൽ ഒന്ന്; ഇത് ഭക്ഷണനിലവാരത്തിന്റെ നല്ല മാതൃക

ഈ കൊടും ചൂടത്ത് ഉളേളാന്ന് തണുപ്പിക്കാൻ കുറഞ്ഞചിലവിൽ നല്ല വ്യത്യസ്ഥങ്ങളായ ജ്യൂസുകൾ കുടിക്കാൻ ആഗ്രഹമില്ലാത്തവർ ആരുണ്ട് ? കൊടുംവേനലിൽ വെന്തുരുകുന്ന പാലക്കാട്ടുകാർ ചൂടിനെ ചെറുക്കാൻ ആശ്രയികുന്നത് റെയിൽവേ സ്റ്റേഷന് സമീപമുള്ള ചന്ദ്രേട്ടന്റെ ജ്യൂസ് കടയെയാണ്. വിലകൊണ്ടും ഗുണമേന്മ കൊണ്ടും ആരോഗ്യ വകുപ്പിനെ വരെ ഞെട്ടിച്ച ചന്ദ്രേട്ടന്റെ കട…! ( palakkad juice shop sells juice for 15rs )
മുന്തിരി, പൈനാപ്പിൾ, മാമ്പഴം, നാരങ്ങ, നൊങ്ക്, പാപ്പായ തുടങ്ങി എല്ലാ ജ്യൂസിനും വില പതിനഞ്ച് രൂപ മാത്രം. കരിക്കിന് മാത്രം 20 രൂപ. ഈ കൊടുംചൂടത്ത് ഒരാൾക്ക് ആവോളം കുടിക്കാനുണ്ടാകും റെയിൽവേ കോളനിയിലെ ചന്ദ്രട്ടന്റെ ജ്യൂസ്. ഇത്ര കുറഞ്ഞ വിലയ്ക്ക് ജ്യൂസ് കൊടുക്കാൻ എങ്ങനെ മൊതലാകുന്നു എന്ന ചോദ്യത്തിന് ചന്ദ്രൻ എന്ന കടയുടമയുടെ പക്കൽ കൃത്യമായ ഉത്തരമുണ്ട്. ‘പണിക്കാരില്ല. മുറിവാടകയില്ല. ഞാനും എന്റെ ഭാര്യയും മക്കളും ചേർന്നാണ് കട നടത്തുന്നത്. അതുകൊണ്ട് തന്നെ കുറഞ്ഞ വിലയ്ക്ക് ജ്യൂസ് വിൽക്കാൻ പറ്റും’-ചന്ദ്രൻ ട്വന്റിഫോറിനോട് പറഞ്ഞു.
ഒരു കുഞ്ഞൻ കടയാണ് ചന്ദ്രന്റേത്. പക്ഷേ രാവിലെ മുതൽ വന്നുപോകുന്ന ആളുകളുടെ എണ്ണത്തിൽ ഒരു കുറവുമില്ല. വില കുറവാണെങ്കിലും കൊടുക്കുന്ന ഗുണനിലവാരത്തിൽ കുറവ് വരുത്തിയിട്ടില്ല ചന്ദ്രൻ. ഓരോ ഗ്ലാസ് ജ്യൂസിലും ആരോഗ്യവകുപ്പ് നിഷ്‌കർശിക്കുന്നത് 20% പഴച്ചാറാണ്. എന്നാൽ ചന്ദ്രന്റെ കടയിൽ വിൽക്കുന്ന ജ്യൂസുകളിൽ 40% വും പഴച്ചാറാണ്.
സ്വന്തമായി ഫ്രൂട്ട്സൊക്കെ വാങ്ങി നന്നായി ഒരുക്കി നൽകുന്ന ജ്യൂസുകളായതിനാൽ അടുത്തൊന്നും വിലകൂട്ടേണ്ടി വരില്ലെന്നാണ് ചന്ദ്രേട്ടൻ പറയുന്നത്. കണ്ടും കേട്ടും ചന്ദ്രേട്ടൻസ് സ്പെഷ്യൽ തേടി കടയിലേക്ക് കൂടുതൽ ആവശ്യക്കാരെത്തുന്നു.
Story Highlights: palakkad juice shop sells juice for 15rs
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here