‘പ്രധാനമന്ത്രി വരുന്നതിൽ മറ്റുള്ളവർക്ക് ഭയമുണ്ടോ ?’; ആരോപണങ്ങൾക്ക് മറുപടി നൽകി സുരേഷ് ഗോപി

കർണാടകയിൽ വൻ ഭൂരിപക്ഷത്തോടെ അധികാരത്തിൽ വരുമെന്ന് സുരേഷ് ഗോപി ട്വന്റിഫോറിനോട്. തെരഞ്ഞെടുപ്പിൽ ബിജെപി തോൽക്കുമെന്ന സർവേ കുത്തിതിരിപ്പാണ്. ജനങ്ങളാണ് എല്ലാം തീരുമാനിക്കുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു. ( suresh gopi karnataka election )
ബംഗളൂരുവിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തിരക്കിലാണ് സുരേഷ് ഗോപി. കർണാടക പിടിക്കാൻ ബിജെപി പ്രാപ്തരാണെന്ന് സുരേഷ് ഗോപി പറഞ്ഞു. എത്ര സീറ്റ് നേടുമെന്ന് പറയാനാകില്ലെങ്കിലും വ്യക്തമായ ഭൂരിപക്ഷത്തോടെ വിജയം കൊയ്യുമെന്ന് തന്നെയാണ് ആത്മവിശ്വാസമെന്നും സുരേഷ് ഗോപി പറഞ്ഞു.
സംസ്ഥാന സർക്കാർ പ്രതിരോധത്തിലായ സാഹചര്യത്തിലാണ് പ്രധാനമന്ത്രി തന്നെ നേരിട്ട് കർണാടകയിൽ പ്രചാരണത്തിനായി വരുന്നതെന്ന ആരോപണമാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. ഈ ആരോപണത്തിലും സുരേഷ് ഗോപി മറുപടി പറഞ്ഞു. ‘പ്രധാനമന്ത്രി വരാൻ പാടില്ലെന്ന് തെരഞ്ഞെടുപ്പ് ചട്ടമുണ്ടോ ? ഇന്ത്യയിൽ ബിജെപിക്കുണ്ടായ 9 വർഷത്തെ മുന്നേറ്റം ജനങ്ങളുമായി പങ്കുവയ്ക്കാനാണ് മോദി കർണാടകത്തിലെത്തുന്നത്. അതിൽ എന്തെങ്കിലും ഭയപ്പാട് മറ്റുള്ളവർക്കുണ്ടോ ?’- സുരേഷ് ഗോപി പറഞ്ഞു.
കർണ്ണാടകത്തിൽ രാഷ്ട്രീയ പാർട്ടികളുടെ നെഞ്ചിടിപ്പ് കൂട്ടി പ്രീപോൾ സർവ്വേ ഫലങ്ങൾ ഇന്നലെ പുറത്ത് വന്നിരുന്നു. പുറത്തു വന്ന രണ്ട് സർവ്വേകളിൽ ഒന്നിൽ ബിജെപിയും മറ്റൊന്നിൽ കോൺഗ്രസും നേട്ടം കൊയ്യുമെന്ന് പ്രവചിക്കുന്നു. ഇന്ത്യ ടുഡേ – സി വോട്ടർ സർവ്വേ പ്രകാരം ബിജെപി 74 മുതൽ 86 സീറ്റുകളിൽ ഒതുങ്ങും. അതേസമയം കോൺഗ്രസ് 107 മുതൽ 119 സീറ്റുകൾ നേടുമെന്നും സർവ്വേ വ്യക്തമാക്കുന്നു. എന്നാൽ Zee News-Matrize സർവ്വേയിൽ ബിജെപി ഏറ്റവും വലിയ ഒറ്റ കക്ഷി ആകുമെന്നാണ് പ്രവചനം. 103നും 115നും ഇടയിൽ സീറ്റുകൾ ബിജെപി നേടുമെന്ന് സർവ്വേ പറയുന്നു. കോൺഗ്രസിനാകട്ടെ 79 മുതൽ 91 വരെ സീറ്റുകളാണ് പ്രവചിക്കപ്പെടുന്നത്. തെരഞ്ഞെടുപ്പിൽ നരേന്ദ്രമോദി ഗെയിംചെയ്ഞ്ചർ ആകുമെന്നാണ് സർവ്വേയുടെ ഉള്ളടക്കം.
Story Highlights: suresh gopi karnataka election
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here