ബാറിൽ മേശപ്പുറത്ത് കാൽ കയറ്റിവച്ച് ഇരുന്നുവെന്ന് പറഞ്ഞ് യുവാവിനെ ബിയർ കുപ്പി പൊട്ടിച്ച് കുത്തിക്കൊല്ലാൻ ശ്രമം; മൂന്ന് പേർ അറസ്റ്റിൽ

ബാറിൽ മേശപ്പുറത്ത് കാൽ കയറ്റിവച്ച് ഇരുന്നുവെന്ന് പറഞ്ഞ് യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചവർ പൊലീസിന്റെ പിടിയിലായി. കൊല്ലം ജില്ലയിലെ ഓച്ചിറയിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് ഓച്ചിറ വലിയകുളങ്ങര മീനാക്ഷിഭവനം വീട്ടിൽ അജയ് (21), ഓച്ചിറ പായിക്കുഴി നന്ദുഭവനത്തിൽ നന്ദു (23), കൃഷ്ണപുരം കാപ്പിൽമേക്ക് ഷിഹാസ് മൻസിലിൽ വാടകയ്ക്ക് താമസിക്കുന്ന ക്ലപ്പന പ്രയാർതെക്ക് കുന്നുതറയിൽ വീട്ടിൽ കാക്ക ഷാൻ എന്നു വിളിക്കുന്ന ഷാൻ(24) എന്നിവരാണ് ഓച്ചിറ പൊലീസിന്റെ പിടിയിലായത്. ( Attempt to kill youth in bar; Three people arrested in kollam ).
കഴിഞ്ഞ മാസം 22ന് രാത്രിയിൽ ഓച്ചിറയിലുള്ള ബാറിൽ പ്രതികൾക്ക് മുന്നിൽ മേശപ്പുറത്ത് കാൽ കയറ്റിവച്ച് ഇരുന്നുവെന്ന് പറഞ്ഞാണ് ഇവർ പ്രയാർ സ്വദേശിയായ യുവാവിനെ ആക്രമിച്ചത്. മർദ്ദിച്ച് നിലത്തിടുകയും ബിയർ കുപ്പി കൊണ്ട് തലക്കടിക്കുകയും പൊട്ടിയ കുപ്പി ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു.
ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവ് കായംകുളം താലുക്ക് ആശുപത്രിയിൽ ചികിൽസയിലാണ്. ഒളിവിലായിരുന്ന ഒന്നും രണ്ടും പ്രതികളെ ബംഗ്ലൂരിൽ നിന്നും മൂന്നാം പ്രതിയെ പത്തനംതിട്ട ജില്ലയിലെ ഒളിസങ്കേതത്തിൽ നിന്നും പിടികൂടുകയായിരുന്നു. മൂന്നുപേരും ഓച്ചിറ, കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷൻ പരിധികളിലെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണെന്ന് പൊലീസ് പറയുന്നു.
Story Highlights: Attempt to kill youth in bar; Three people arrested in kollam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here