മാധ്യമസ്വാതന്ത്ര്യത്തിൽ ഇന്ത്യയുടെ റാങ്ക് പാകിസ്താനും അഫ്ഗാനും താഴെ; ഏറ്റവും മുന്നിൽ നോർവേ, പിന്നിൽ ഉത്തര കൊറിയ

മാധ്യമസ്വാതന്ത്ര്യത്തിൽ ഇന്ത്യയുടെ റാങ്ക് താഴേയ്ക്ക്. കഴിഞ്ഞ വർഷം 150ാം സ്ഥാനത്തായിരുന്ന ഇന്ത്യ ഇപ്പോൾ 161-ാം സ്ഥാനത്തേയ്ക്ക് കൂപ്പുകുത്തിയിരിക്കുകയാണ്. ഇപ്പോൾ പാകിസ്താനും അഫ്ഗാനും താഴെയായാണ് ഇന്ത്യയുടെ സ്ഥാനം. റിപ്പോർട്ടേഴ്‌സ് വിത്തൗട്ട് ബോർഡേഴ്‌സ് സമാഹരിച്ച വേൾഡ് പ്രസ് ഫ്രീഡം ഇൻഡക്‌സ് 2023 പ്രകാരമുള്ള കണക്കനുസരിച്ചാണ് ഇന്ത്യ മാധ്യമസ്വാതന്ത്ര്യത്തിൽ 161-ാം സ്ഥാനത്തെത്തിയത്. ജനാധിപത്യത്തിന്റെ ഫോർത്ത് എസ്റ്റേറ്റ് എന്നാണ് മാധ്യമങ്ങളെ വിശേഷിപ്പിക്കപ്പെടുന്നത്. ( India slips in World Press Freedom Index ).
അദാനി ഗ്രൂപ്പ് എൻഡിടിവി ഏറ്റെടുത്തത്, ആംനസ്റ്റി ഇന്റർനാഷണലിന്റെ അടച്ചുപൂട്ടൽ, ബിബിസി ഓഫീസുകളിൽ നടത്തിയ റെയ്ഡുകൾ തുടങ്ങിയവ രാജ്യത്തെ മാധ്യമസ്വാതന്ത്ര്യത്തെ ബാധിച്ചിട്ടുണ്ടെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. 2014ൽ ഇന്ത്യയുടെ റാങ്ക് 140 ആയിരുന്നു. എന്നാൽ കഴിഞ്ഞ ഒമ്പത് വർഷത്തിനിടയിൽ രാജ്യത്തിന്റെ റാങ്കിംഗ് 21 പടി താഴ്ന്നാണ് 161ൽ എത്തിയത്.
തുടർച്ചയായ ഏഴാം വർഷവും നോർവേ തന്നെയാണ് മാധ്യമ സ്വാതന്ത്ര്യത്തിൽ ഒന്നാമത്. രണ്ടാം സ്ഥാനം അയർലൻഡിനും മൂന്നാം സ്ഥാനം ഡെൻമാർക്കിനുമാണ്. ഏഷ്യൻ രാജ്യങ്ങളായ ഉത്തര കൊറിയ (180), ചൈന (179), വിയറ്റ്‌നാം (178) എന്നിവയാണ് അവസാന മൂന്ന് സ്ഥാനങ്ങളിൽ. ഇന്ത്യയുടെ അയൽരാജ്യങ്ങളായ അഫ്ഗാനിസ്ഥാൻ (152), പാകിസ്ഥാൻ (150), ശ്രീലങ്ക (135) എന്നിവ മാധ്യമസ്വാതന്ത്ര്യത്തിൽ മികച്ച മുന്നേറ്റമാണുണ്ടാക്കിയത്.
Story Highlights: India slips in World Press Freedom Index
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here