മെറ്റ് ഗാലയിൽ വിരിച്ച ഭീമൻ പരവതാനി നെയ്തത് ആലപ്പുഴയിൽ; അഭിനന്ദനവുമായി മന്ത്രി പി.രാജീവ്

ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഫാഷൻ ഇവന്റുകളിൽ ഒന്നായ മെറ്റ് ഗാലയിൽ ആലപ്പുഴയുടെ കൈയ്യൊപ്പും. മെറ്റ് ഗാലയിൽ ശ്രദ്ധയാകർഷിച്ച ഭീമൻ പരവതാനി നെയ്തത് ഇങ്ങ് കൊച്ചു കേരളത്തിലെ ആലപ്പുഴയിലാണ്. ( met gala 2023 carpet sewed in Alappuzha )
ആലപ്പുഴയിലെ ‘എക്സ്ട്രാവീവ്’ എന്ന നെയ്ത്ത് സ്ഥാപനമാണ് പരവതാനിക്ക് പിന്നിൽ. 58 റോളുകളായി ഏകദേശം 7000 സ്ക്വയർ മീറ്റർ കാർപ്പറ്റാണ് മെറ്റ്ഗാല 2023നായി എക്സ്ട്രാവീവ്സ് നിർമ്മിച്ചുനൽകിയത്. അമേരിക്കയിൽ തന്നെയുള്ള ഫൈബർ വർക്ക്സ് കമ്പനി വഴിയാണ് കേരളത്തിലേക്ക് ഈ ഓർഡർ ലഭിച്ചത്.
ലോകത്തിലെ തന്നെ അതിപ്രശസ്തരായ ഡിസൈനർമാരുമായി സഹകരിച്ചുകൊണ്ട് അതിപ്രശസ്തരായ സെലിബ്രിറ്റികൾ പങ്കെടുക്കുന്ന മെറ്റ്ഗാല ഫാഷൻ ഇവന്റ് ഓരോ വർഷവും ഓരോ പ്രമേയത്തെ അടിസ്ഥാനമാക്കിയാണ് സംഘടിപ്പിക്കുക. അന്തരിച്ച പ്രശസ്ത ഡിസൈനർ കാൾ ലാഗർഫെൽഡിന് ആദരമർപ്പിച്ചുകൊണ്ട് ഇത്തവണത്തെ പ്രമേയം അദ്ദേഹത്തിന്റെ ഡിസൈനുകളായിരുന്നു. ഇതിനോട് നീതിപുലർത്തുന്ന രീതിയിലാണ് കാർപ്പറ്റും ഒരുക്കിയിരുന്നത്.
40 തൊഴിലാളികൾ 70 ദിവസം കൊണ്ട് ആലപ്പുഴയിൽ നെയ്തെടുത്ത കാർപ്പറ്റുകൾ ലോകത്തിന്റെയാകെ മനംകവർന്നുവെന്ന് മന്ത്രി പി രാജീവ് ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.
Story Highlights: met gala 2023 carpet sewed in Alappuzha
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here