Advertisement

25-ാം വയസിൽ നിയമസഭയിൽ; ഒടുവിൽ കൊട്ടാരക്കരയിലെ പരാജയത്തോടെ പാർലമെന്ററി ജീവിതത്തിന് അവസാനം; ആർ ബാലകൃഷ്ണപിള്ള ഓർമയായിട്ട് രണ്ട് വർഷം

May 3, 2023
Google News 2 minutes Read
R Balakrishna pillai death anniversary

മുൻമന്ത്രിയും കേരളകോൺഗ്രസ് നേതാവുമായിരുന്ന ആർ ബാലകൃഷ്ണപിള്ള ഓർമയായിട്ട് രണ്ട് വർഷം. നാല് പതിറ്റാണ്ടോളം കേരള രാഷ്ട്രീയത്തിന്റെ ഗതിവിഗതികൾക്കൊപ്പം സഞ്ചരിച്ച ബാലകൃഷ്ണപിള്ള മുന്നണി രാഷ്ട്രീയത്തിൽ പയറ്റിത്തെളിഞ്ഞ നേതാവ് കൂടിയായിരുന്നു. ( R Balakrishna pillai death anniversary )

കീഴൂട്ട് രാമൻ പിള്ള ബാലകൃഷ്ണപിള്ള എന്ന ആർ.ബാലകൃഷ്ണപിള്ള കേരള രാഷ്ട്രീയ ചരിത്രത്തിലെ നിർണായകമായ ഒരേടാണ്. വിദ്യാർഥി പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയജീവിതത്തിന് തുടക്കമിട്ടു. ഇരുപത്തി അഞ്ചാംവയസ്സിൽ പത്തനാപുരത്തുനിന്ന് നിയമസഭയിൽ. ഏറ്റവും ചെറുപ്രായത്തിൽ നിയമസഭാംഗമായതിന്റെ റെക്കോഡ് അതോടെ പിള്ളയുടെ പേരിലായി.

1964ൽ കോൺഗ്രസ് വിട്ട് കേരള കോൺഗ്രസ് രൂപീകരിച്ച 15 എംഎൽഎമാരുടെ ഒപ്പം. വളരുംതോറും പിളരുമെന്ന് കെ എം മാണി വിശേഷിപ്പിച്ച കേരള കോൺഗ്രസിലെ ആദ്യപിളർപ്പിന് വഴിയൊരുക്കിയത് ആർ ബാലകൃഷ്ണപിള്ളയാണ് .നേതൃതർക്കത്തെ തുടർന്ന് 1977ൽ കേരള കോൺഗ്രസ് ബി സ്ഥാപിച്ചു. യുഡിഎഫിന്റെ സ്ഥാപക നേതാക്കളിലൊരാളായി. സി.അച്യുത മേനോൻ, കെ.കരുണാകരൻ, ഇ.കെ.നായനാർ, എ.കെ.ആന്റണി മന്ത്രിസഭകളിൽ വിവിധ വകുപ്പുകൾ കൈകാര്യം ചെയ്തു. 1980ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ നേടിയ മുപ്പത്തേഴായിരം വോട്ടിന്റെ ഭൂരിപക്ഷം കാൽ നൂറ്റാണ്ടിലധികം റെക്കോർഡായിരുന്നു. ഒരേസമയം പഞ്ചായത്ത് പ്രസിഡൻറും പാർലമെന്റ് അംഗംവും നിയമസഭാ അംഗവും ആയിരുന്നതിൻറെ റെക്കോഡും ബാലകൃഷ്ണപിള്ളയുടെ പേരിൽ ഉണ്ട്. 1977ൽ ലോക്‌സഭാ അംഗത്വം രാജിവയ്ക്കാതെ നിയമസഭയിലേക്കു മത്സരിച്ചു ജയിച്ചതോടെയാണിത്.

നിലപാടുകളിൽ ഉറച്ചു നിന്ന ബാലകൃഷ്ണപിള്ളയെ വിവാദങ്ങൾ വിടാതെ പിന്തുടർന്നു. മന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടി വന്ന പഞ്ചാബ് മോഡൽ പ്രസംഗം അതിൽ ഒന്നുമാത്രം. ഇടമലയാർ കേസിൽ സുപ്രിംകോടതി ശിക്ഷിച്ച് ജയിലിൽ കിടക്കേണ്ടിവന്നത് വലിയ തിരിച്ചടിയായി. 2006ൽ കൊട്ടാരക്കരയിൽ സിപിഐ എമ്മിന്റെ അയിഷാ പോറ്റിയോട് പരാജയപ്പെട്ടതോടെയാണ് ബാലകൃഷ്ണപിള്ളയുടെ പാർലമെന്ററി ജീവിതം അവസാനിച്ചത്.

Story Highlights: R Balakrishna pillai death anniversary

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here