രഹാനെയെ ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തണമെന്ന് ശ്രീശാന്ത്

ഐപിഎലിൽ മിന്നും ഫോമിലുള്ള അജിങ്ക്യ രഹാനെയെ ഇത്തവണ ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പിനുള്ള ടീമിൽ ഉൾപ്പെടുത്തണമെന്ന് മുൻ ദേശീയ താരവും മലയാളിയുമായ എസ് ശ്രീശാന്ത്. ഐപിഎൽ മത്സരത്തിനിടെ സ്റ്റാർ സ്പോർട്സിൽ നടന്ന ചർച്ചയിലാണ് ശ്രീശാന്തിൻ്റെ അഭിപ്രായ പ്രകടനം. അതേസമയം, ശ്രീശാന്തിൻ്റെ അഭിപ്രായത്തോട് കമൻ്റേറ്ററും മുൻ താരവുമായ സുനിൽ ഗവാസ്കർ എതിർപ്പ് പ്രകടിപ്പിച്ചു. (rahane sreesanth world cup)
“രഹാനെയെ ടീമിൽ കാണാൻ ഞാൻ ഏറെ ഇഷ്ടപ്പെടുന്നു. അദ്ദേഹത്തിൻ്റെ പ്രകടനം, പ്രത്യേകിച്ച് ഇന്ത്യയിൽ ലോകകപ്പ് നടക്കാനിരിക്കെ. സെലക്ടർമാർക്ക് എടുക്കാനാവുന്ന ഏറ്റവും ശക്തമായ തീരുമാനമാവും ഇത്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ അദ്ദേഹം നല്ല പ്രകടനം നടത്തുമെന്ന് എനിക്ക് ഉറപ്പാണ്. പക്ഷേ, ആ പ്രകടനം കൊണ്ട് അദ്ദേഹത്തെ അളക്കരുത്. അദ്ദേഹത്തിന് ഏകദിനത്തിൽ അവസരം നൽകരുത്. മറ്റേതെങ്കിലും ടൂർണമെൻ്റുകളുണ്ടോ എന്ന് നോക്കാം. വൈറ്റ് ബോൾ ക്രിക്കറ്റിൽ അവസരം ലഭിച്ചാൽ നാലാം നമ്പറിൽ അദ്ദേഹം നല്ല പ്രകടനം നടത്തും.”- ശ്രീശാന്ത് പറഞ്ഞു.
Read Also: ഐപിഎൽ: ഇന്ന് ‘അടിവാരം’ തീപിടിക്കും; ഹൈദരാബാദും കൊൽക്കത്തയും നേർക്കുനേർ
അതേസമയം, പാനലിലുണ്ടായിരുന്ന സുനിൽ ഗവാസ്കർ ഈ അഭിപ്രായത്തെ എതിർത്തു. നല്ല കാര്യമാണെങ്കിലും ഇപ്പോൾ അത് പ്രായോഗികമല്ലെന്ന് അദ്ദേഹം പറഞ്ഞു. നിലവിൽ ഋതുരാജ് ഗെയ്ക്‌വാദ്, യശസ്വി ജയ്സ്വാൾ എന്നിവരെ ലോകകപ്പ് ടീമിൽ പരിഗണിക്കാവുന്നതാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സീസണിൽ ചെന്നൈ സൂപ്പർ കിംഗ്സിനായി കളിക്കുന്ന രഹാനെ തകർപ്പൻ ഫോമിലാണ്. 6 ഇന്നിംഗ്സുകളിൽ നിന്ന് 44.80 ശരാശരിയിൽ 224 റൺസ് സ്കോർ ചെയ്ത രഹാനെയുടെ സ്ട്രൈക്ക് റേറ്റ് 190 ആണ്. രണ്ട് ഫിഫ്റ്റിയും ഈ സീസണിൽ രഹാനെയ്ക്കുണ്ട്.
ഐപിഎലിൽ ഇന്ന് സൺറൈസേഴ്സ് ഹൈദരാബാദും കൊൽക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിൽ ഏറ്റുമുട്ടും. ഹൈദരാബാദിൻ്റെ ഹോം ഗ്രൗണ്ടായ രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം. 9 മത്സരങ്ങളിൽ നിന്ന് 6 പോയിൻ്റുള്ള കൊൽക്കത്ത പോയിൻ്റ് പട്ടികയിൽ എട്ടാം സ്ഥാനത്തും 8 മത്സരങ്ങളിൽ നിന്ന് 6 പോയിൻ്റുള്ള സൺറൈസേഴ്സ് പട്ടികയിൽ 9ആം സ്ഥാനത്തുമാണ്. ഇന്ന് വിജയിച്ചാൽ ഹൈദരാബാദ് എട്ടാമതെത്തും. ഹൈദരാബാദ് തോറ്റാൽ സ്ഥാനങ്ങളിൽ മാറ്റമുണ്ടാവില്ല.
Story Highlights: ajinkya rahane sreesanth world cup team
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here