Advertisement

12 വർഷത്തിന് ശേഷം ന്യൂസിലൻഡിനെതിരെ ഏകദിന പരമ്പര സ്വന്തമാക്കി പാകിസ്താൻ

May 4, 2023
Google News 3 minutes Read
Pakistan Register First ODI Series Win Over New Zealand In 12 Years

ന്യൂസിലൻഡിനെതിരെ 12 വർഷത്തിന് ശേഷം ഏകദിന പരമ്പര സ്വന്തമാക്കി പാകിസ്താൻ. കറാച്ചിയിൽ ബുധനാഴ്ച നടന്ന മൂന്നാം ഏകദിനത്തിൽ ന്യൂസിലൻഡിനെ 26 റൺസിന് തോൽപ്പിച്ച ബാബർ അസമിന്റെ ടീം, അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ 3-0 ന് അപരാജിത ലീഡ് നേടി. കറാച്ചി ദേശീയ സ്റ്റേഡിയത്തിൽ ആദ്യം ബാറ്റ് ചെയ്ത പാകിസ്താൻ നിശ്ചിത 50 ഓവറിൽ 287/6 എന്ന സ്‌കോറാണ് നേടിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ ന്യൂസിലൻഡ് 49.1 ഓവറിൽ 261 റൺസിന് എല്ലാവരും പുറത്തായി. (Pakistan Register First ODI Series Win Over New Zealand In 12 Years)

മത്സരത്തിൽ ടോസ് നേടിയ ന്യൂസിലൻഡ് ക്യാപ്റ്റൻ ടോം ലാഥം ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. പാകിസ്താനായി ഇമാം ഉൾ ഹഖ് 107 പന്തിൽ 90 റൺസ് നേടിയപ്പോൾ, ബാബർ അസം 62 പന്തിൽ 54 റൺസ് നേടി. ബാബറിൻ്റെ 26-ാം ഏകദിന അർധസെഞ്ചുറി കൂടിയാണിത്. ഇരുവരും ചേർന്ന് രണ്ടാം വിക്കറ്റിൽ 108 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. മുഹമ്മദ് റിസ്വാൻ 32 ഉം ആഘ സൽമാൻ 31 ഉം റൺസ് നേടി. ഒടുവിൽ നവാസ് പുറത്താകാതെ 11 റൺസും ഷദാബ് 21 റൺസും നേടി പാകിസ്താന്റെ സ്കോർ 287-ലെത്തിച്ചു.

ന്യൂസിലൻഡിനായി ഹെൻറി മൂന്ന് വിക്കറ്റും മിൽസ് രണ്ട് വിക്കറ്റും വീഴ്ത്തി. മറുപടി ബാറ്റിംഗിൽ ന്യൂസിലൻഡിന് മികച്ച തുടക്കമാണ് ലഭിച്ചത്. വിൽ യങ് 33(41), ടോം ബ്ലണ്ടൽ 65(78) എന്നിവർ ഒന്നാം വിക്കറ്റിൽ 83 റൺസ് കൂട്ടിച്ചേർത്തു. ക്യാപ്റ്റൻ ടോം ലാതം 45 റൺസെടുത്തു. പിന്നീട് മധ്യ ഓവറുകളിൽ തുടർച്ചയായ ഇടവേളകളിൽ വിക്കറ്റുകൾ വീണുകൊണ്ടിരുന്നു. ഇതോടെ ന്യൂസിലൻഡ് പ്രതിസന്ധിയിലായി. ഏഴാം നമ്പറിൽ ബാറ്റിംഗിന് ഇറങ്ങിയ കോൾ മക്കോഞ്ചി 45 പന്തിൽ പുറത്താകാതെ 65 റൺസ് നേടി. ഷഹീൻ അഫ്രീദി, നസീം ഷാ, മുഹമ്മദ് വസീം ജൂനിയർ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

റാവൽപിണ്ടിയിൽ നടന്ന ആദ്യ രണ്ട് മത്സരങ്ങൾ യഥാക്രമം അഞ്ച്, ഏഴ് വിക്കറ്റിന് ജയിച്ച പാകിസ്താൻ അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ 3-0ന് അപരാജിത ലീഡ് നേടിയിരുന്നു. അഞ്ച് മത്സരങ്ങളുടെ ഏകദിന പരമ്പരയിൽ രണ്ട് മത്സരങ്ങൾ കൂടി ബാക്കിയുണ്ട്. വെള്ളി, ഞായർ ദിവസങ്ങളിൽ കറാച്ചിയിലാണ് അവസാന രണ്ട് മത്സരങ്ങൾ. 2011-ലാണ് ന്യൂസിലൻഡിനെതിരെ പാകിസ്താൻ അവസാനമായി ഒരു ഏകദിന പരമ്പര വിജയിക്കുന്നത്.

Story Highlights: Pakistan Register First ODI Series Win Over New Zealand In 12 Years

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here