സഹായഹസ്തമേന്തി സൗദി; സുഡാനിൽ നിന്ന് വിവിധ രാജ്യക്കാരായ ഏഴായിരത്തിലധികം പേരെ ഒഴിപ്പിച്ചു
സുഡാനിൽ നിന്ന് വിവിധ രാജ്യക്കാരായ ഏഴായിരത്തിലധികം പേരെ സൗദി വഴി ഒഴിപ്പിച്ചതായി, സൗദി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. സുഹൃദ് രാജ്യങ്ങളിലെ പൗരൻമാർക്ക് സുഡാനിൽ നിന്ന് മടങ്ങാനുള്ള എല്ലാ സഹായങ്ങളും തുടരുമെന്ന് സൗദി വ്യക്തമാക്കി. Saudi Arabia coordinates rescue of thousands from crisis-hit Sudan
ആഭ്യന്തര സംഘർഷം തുടരുന്ന സുഡാനിൽ നിന്നും 110 രാജ്യങ്ങളിൽ നിന്നുള്ളവരെയാണ് സൗദി ഒഴിപ്പിച്ചത്. 7839 പേരെ ഇന്നലെ വരെ സുഡാനിൽ നിന്നും സൗദിയിൽ എത്തിച്ചു. ഇതിൽ 247 പേർ മാത്രമാണു സൗദി പൗരൻമാർ. ഇന്നലെ കപ്പൽ വഴി 1766 പേരെ സുഡാനിൽ നിന്നും ജിദ്ദയിൽ എത്തിച്ചു. ഇതിൽ ഒരാൾ മാത്രമാണ് സൗദി പൗരൻ. ഏഷ്യ, ആഫ്രിക്ക, യൂറോപ്പ്, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവർ സംഘത്തിലുണ്ട്. സുഡാനിൽ നിന്നുള്ള ഒഴിപ്പിക്കൽ തുടരുമെന്നും സുഹൃദ് രാജ്യങ്ങളിലെ പൗരൻമാർക്ക് മാതൃരാജ്യത്തേക്ക് മടങ്ങാനുള്ള എല്ലാ സൌകര്യങ്ങളും രാജ്യം നൽകുമെന്നും സൗദി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
Read Also: ഓപ്പറേഷൻ കാവേരി; ജിദ്ദ വഴിയുള്ള ദൗത്യം അവസാനിച്ചു; ഒഴിപ്പിച്ചത് 3862 പേരെ
ഓപ്പറേഷൻ കാവേരിയുടെ ഭാഗമായി സുഡാനിൽ നിന്നും ഇന്ത്യൻ കപ്പലുകളിലും വിമാനങ്ങളിലും സൗദിയിൽ എത്തിയ ഇന്ത്യക്കാരുടെ കണക്ക് ഇതിന് പുറമേയാണ്. 3600 ഓളം ഇന്ത്യക്കാർ ഇതുവരെ സുഡാനിൽ നിന്നും ജിദ്ദയിലെത്തിയിട്ടുണ്ട്. സുഡാനിൽ നിന്ന് ഇന്ത്യക്കാർക്ക് ഒഴിപ്പിക്കാനും അവരെ സ്വീകരിക്കാനും സഹായിച്ചതിന് സൗദി അറേബ്യയോട് ഇന്ത്യൻ വിദേശകാര്യ മന്ത്രി ജയ്ശങ്കർ നന്ദി അറിയിച്ചു. ഒപ്പം തന്നെ, ജിദ്ദയിലെത്തുന്ന ഇന്ത്യക്കാർക്ക് എല്ലാവിധ സഹായവും നല്കിയ ഇൻറർനാഷനൽ ഇന്ത്യൻ സ്കൂൾ മാനേജ്മെന്റിനും, സ്റ്റാഫിനും, സന്നദ്ധ പ്രവർത്തകർക്കും, ഡോക്ടർമാർക്കുമെല്ലാം ഇന്ത്യൻ എംബസി നന്ദി പറഞ്ഞു.
Story Highlights: Saudi Arabia coordinates rescue of thousands from crisis-hit Sudan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here