ഓപ്പറേഷൻ കാവേരി; ജിദ്ദ വഴിയുള്ള ദൗത്യം അവസാനിച്ചു; ഒഴിപ്പിച്ചത് 3862 പേരെ

ആഭ്യന്തര യുദ്ധം രൂക്ഷമായ സുഡാനിൽ നിന്ന് സൗദിയിലെ ജിദ്ദ വഴി ഇന്ത്യക്കാരെ ഒഴിപ്പിക്കുന്ന ദൗത്യം അവസാനിച്ചു. 17 വിമാനങ്ങളിലും 5 കപ്പലുകളിലുമായി പോർട്ട് സുഡാനിൽ നിന്ന് ജിദ്ദ വഴി ഇതുവരെ ഒഴിപ്പിച്ചത് 3862 പേരെ. ഇനി അവശേഷിക്കുന്നവരിൽ ഭൂരിഭാഗം പേരെയും സുഡാനിൽ നിന്ന് നേരിട്ടു ഇന്ത്യയിൽ എത്തിക്കാനാണ് നീക്കം. India’s Operation Kaveri evacuates 3862 nationals in Sudan crisis
ഓപ്പറേഷൻ കാവേരിയുടെ ഭാഗമായി സുഡാനിൽ നിന്നുള്ള ഇന്ത്യക്കാരിൽ ഭൂരിഭാഗം പേരെയും നാട്ടിലെത്തിച്ചത് ജിദ്ദ വഴിയാണ്. നാട്ടിലെത്തിയ 3800-ലധികം ഇന്ത്യക്കാരിൽ 3600-ഓളം പേർ ജിദ്ദ വഴിയാണ് നാട്ടിലേക്ക് മടങ്ങിയത്. രക്ഷാദൗത്യം അവസാന ഘട്ടത്തിൽ എത്തിയതോടെ ജിദ്ദ വഴിയുള്ള സർവീസുകൾ അവസാനിപ്പിച്ചു. സുഡാനിൽ നിന്നെത്തുന്ന ഇന്ത്യക്കാർക്ക് വിശ്രമിക്കാനായി ജിദ്ദയിലെ ഇൻറർനാഷനൽ ഇന്ത്യൻ സ്കൂളിൽ ഏർപ്പെടുത്തിയ സൗകര്യങ്ങളും അവസാനിപ്പിക്കുന്നതായി സൗദിയിലെ ഇന്ത്യൻ എംബസി അറിയിച്ചു.
സുഡാനിൽ നിന്ന് ഇന്ത്യക്കാർക്ക് ഒഴിപ്പിക്കാനും അവരെ സ്വീകരിക്കാനും സഹായിച്ചതിന് സൗദി അറേബ്യയോട് ഇന്ത്യൻ വിദേശകാര്യ മന്ത്രി ജയ്ശങ്കർ നന്ദി അറിയിച്ചു. കൂടാതെ, രക്ഷാദൗത്യത്തിന് സഹായം നൽകിയ ചാഡ്, ഈജിപ്ത്, ഫ്രാൻസ്, ദക്ഷിണ സുഡാൻ, യുഎഇ, യുകെ, യുഎസ്, ഐക്യരാഷ്ട്രസഭ എന്നിവർക്കും അദ്ദേഹം നന്ദി രേഖപ്പെടുത്തി.
Read Also: ഓപ്പറേഷന്‍ കാവേരി; ഇന്ത്യയിലെത്തിയ 117 യാത്രക്കാര്‍ ക്വാറന്റൈനില്‍; സംഘത്തില്‍ 16 മലയാളികളും
ഒപ്പം തന്നെ, ജിദ്ദയിലെത്തുന്ന ഇന്ത്യക്കാർക്ക് എല്ലാവിധ സഹായവും നല്കിയ ഇൻറർനാഷനൽ ഇന്ത്യൻ സ്കൂൾ മാനേജ്മെന്റിനും, സ്റ്റാഫിനും, സന്നദ്ധ പ്രവർത്തകർക്കും, ഡോക്ടർമാർക്കുമെല്ലാം ഇന്ത്യൻ എംബസി നന്ദി പറഞ്ഞു. സുഡാനിൽ അവശേഷിക്കുന്ന ഇന്ത്യക്കാരെ നേരിട്ടോ മറ്റ് രാജ്യങ്ങൾ വഴിയോ ഇന്ത്യയിൽ എത്തിക്കും.
Story Highlights: India’s Operation Kaveri evacuates 3862 nationals in Sudan crisis
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here