ഓപ്പറേഷന്‍ കാവേരി; ഇന്ത്യയിലെത്തിയ 117 യാത്രക്കാര്‍ ക്വാറന്റൈനില്‍; സംഘത്തില്‍ 16 മലയാളികളും
ഓപ്പറേഷന്‍ കാവേരിയിലൂടെ ഇന്ത്യയിലെത്തിച്ച 1191 പേരില്‍ 117 പേരെ ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചു. മഞ്ഞപ്പനി വാക്‌സിന്‍ എടുത്തിട്ടില്ലെന്ന കാരണത്താലാണ് ഇവരെ ക്വാറന്റൈനിലാക്കിയത്. ഏഴ് ദിവസത്തിന് ശേഷം യാത്രക്കാരെ പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം രോഗലക്ഷണങ്ങള്‍ ഇല്ലെങ്കില്‍ ക്വാറന്റൈന്‍ അവസാനിപ്പിക്കാം.(Operation Kaveri 117 passengers currently quarantined)
ഇന്ത്യക്കാരായ മൂവായിരത്തോളം യാത്രക്കാരെയാണ് സുഡാനില്‍ നിന്ന് ഓപ്പറേഷന്‍ കാവേരി വഴി കേന്ദ്ര സര്‍ക്കാര്‍ ഒഴിപ്പിക്കുന്നത്. സുഡാനില്‍ നിന്നെത്തുന്ന യാത്രക്കാര്‍ക്കായി ക്വാറന്റൈന്‍ സൗകര്യങ്ങള്‍ ക്രമീകരിച്ചിട്ടുണ്ട്. ഇതുവരെ എത്തിയ 1,191 യാത്രക്കാരില്‍ 117 പേരെയാണ് മഞ്ഞപ്പനി പ്രതിരോധ കുത്തിവയ്പ് എടുക്കാത്തതിനാല്‍ ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. രോഗലക്ഷണങ്ങളില്ലെങ്കില്‍ എല്ലാ യാത്രക്കാരെയും 7 ദിവസത്തിന് ശേഷം വിട്ടയയ്ക്കും.
ബംഗളൂരുവിലും ഡല്‍ഹിയിലും എത്തിയ യാത്രക്കാര്‍ക്കാണ് യെല്ലോ ഫീവര്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ കഴിയാതിരുന്നത്. തുടര്‍ന്ന് അധികൃതര്‍ ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദേശിക്കുകയായിരുന്നു. ഇവരില്‍ 16 പേരാണ് മലയാളികളായുള്ളത്. ഓപ്പറേഷന്‍ കാവേരിയുടെ കീഴില്‍ 26 ഓളം മലയാളികളെയാണ് കേരളത്തിലെത്തിച്ചത്. ഇതോടെ ഇതുവരെ നാട്ടിലെത്തിയ മലയാളികളുടെ എണ്ണം 56 ആയി.
ആദ്യ ബാച്ചില്‍ 360 യാത്രക്കാരാണ് സുഡാനില്‍ നിന്ന് ഡല്‍ഹിയിലെത്തിയത്. ഏപ്രില്‍ 26 ന് 240 യാത്രക്കാരുമായി മുംബൈയിലെത്തിയ രണ്ടാമത്തെ വിമാനത്തിലെ 14 പേരെ ക്വാറന്റൈന്‍ പ്രവേശിപ്പിച്ചിരുന്നു. ഇതില്‍ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് പരിശോധിച്ച ശേഷം രണ്ടുപേരെ വിട്ടയയ്ക്കുകയും ശേഷിക്കുന്ന 12 പേര്‍ ഉടന്‍ വിടുകയും ചെയ്യും. 360 യാത്രക്കാരുമായി മൂന്നാമത്തെ വിമാനം ഇന്നലെ ഉച്ചയോടെയാണ് ബെംഗളൂരുവിലെത്തിയത്. അതില്‍ 47 യാത്രക്കാരെ ആദ്യം ക്വാറന്റൈന്‍ ചെയ്തിരുന്നു. വാക്‌സിനേഷന്‍ പരിശോധിച്ച ശേഷം 3 പേരെ ഇന്ന് വിട്ടയച്ചു. അഞ്ച് യാത്രക്കാരുടെ കൂടി പരിശോധന പുരോഗമിക്കുകയാണ്.
Read Also: വനപാലകരെ ആശങ്കയിലാക്കി, കുങ്കിയാനകളെ വിറപ്പിച്ച്, ഒടുവിൽ അരിക്കൊമ്പൻ ചിന്നക്കനാൽ വിടുന്നു; ഇനി പുതിയ വാസസസ്ഥലത്തേക്ക്
നാലാമത്തെ വിമാനം ഇന്നലെ വൈകുന്നേരം 231 യാത്രക്കാരുമായി ഡല്‍ഹിയിലെത്തി. ഇതില്‍ 61 പേരെ ക്വാറന്റൈന്‍ ചെയ്യുകയും ഒരാളെ വിട്ടയയ്ക്കുകയും ചെയ്തിരുന്നു. 35 യാത്രക്കാര്‍ ഡല്‍ഹി എപിഎച്ച്ഒയിലും 26 പേര്‍ സഫ്ദര്‍ജംഗ് ആശുപത്രിയിലുമാണ്. അഞ്ചാമത്തെ വിമാനം 367 യാത്രക്കാരുമായി ഇന്ന് രാത്രി ഡല്‍ഹിയിലെത്തും. 320 യാത്രക്കാരുമായി ഒരു വിമാനം കൂടി നാളെ രാവിലെ 10.30 ന് ബെംഗളൂരുവില്‍ എത്തുമെന്നാണ് വിവരം.
Story Highlights:Operation Kaveri 117 passengers currently quarantined
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here