മൊബൈൽ ഫോൺ പൊട്ടിത്തെറിക്കാൻ കാരണമെന്ത് ? എങ്ങനെ സൂക്ഷിക്കണം ?

24 മണിക്കൂറും നമ്മുടെ കൈയിലുള്ള ഉപകരണം, ഉറങ്ങുമ്പോൾ പലരും തലയിണയ്ക്കടിയിൽ വരെ വയ്ക്കുന്നു..മൊബൈൽ ഫോൺ നമ്മുടെ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായിട്ട് വർഷങ്ങളായി. എന്നാൽ അടുത്തിടെയായി കേൾക്കുന്ന വാർത്തകൾ മൊബൈൽ ഫോൺ ഉപയോക്താക്കളെ ആശങ്കപ്പെടുത്തുന്നുണ്ട്. നാം കൈയിൽ കൊണ്ടുനടക്കുന്ന മൊബൈൽ ഫോണുകൾ പെട്ടെന്നൊരു സുപ്രഭാതത്തിൽ പൊട്ടിത്തെറിക്കുകയാണ്…! ഇതിന്റെ ഏറ്റവും ഒടുവിലത്തെ സംഭവമാണ് തൃശൂർ തിരുവില്വാമലയിൽ നടന്നത്. എട്ട് വയസുകാരിയായ ആദിത്യശ്രീക്കാണ് മൊബൈൽ പൊട്ടിത്തെറിച്ച് കൈക്കും മുഖത്തിനും ഗുരുതരമായി പൊള്ളലേറ്റ് ജീവൻ നഷ്ടമായത്. ( How Mobile Phone Burst )
ഈ പശ്ചാത്തലത്തിൽ നമ്മുടെയെല്ലാം മനസിൽ ഉയരുന്ന ചില ചോദ്യങ്ങളുണ്ട്. എങ്ങനെയാണ് ഒരു മൊബൈൽ ഫോൺ പൊട്ടിത്തെറിക്കുന്നത് ? എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് ? മൊബൈൽ ഫോൺ എങ്ങനെ സൂക്ഷിക്കണം ?
ഒരു മൊബൈൽ ഫോൺ പൊട്ടിത്തെറിക്കുന്നതിന് പിന്നിൽ പല കാരണങ്ങളുമുണ്ട്. അതിൽ ഏറ്റവും സാധാരണയായി കണ്ടുവരുന്നത് ബാറ്ററി തകരാർ തന്നെയാണ്. സ്മാർട്ട് ഫോണുകളിൽ ലിതിയം-അയേൺ ബാറ്ററികളാണ് ഉപയോഗിക്കുന്നത്. ബാറ്ററിക്ക് തകരാർ സംഭവിച്ചാൽ ബാറ്ററിയിലടങ്ങിയ വസ്തുക്കളിൽ രാസപ്രവർത്തനം നടക്കുകയും ഇത് പൊട്ടിത്തെറിയിലേക്ക് നയിക്കുകയും ചെയ്യുന്നു. എന്നാൽ എങ്ങനെയാണ് ബാറ്ററിക്ക് തകരാർ സംഭവിക്കുന്നത് ?
ബാറ്ററി തകരാറിലാവുന്നതെങ്ങനെ ?
അമിത ചൂടാണ് ബാറ്ററികൾ തകരാറിലാകാനുള്ള പ്രധാന കാരണം. ചാർജ് ചെയ്തുകൊണ്ടിരിക്കുന്ന ബാറ്ററിയോ അമിതമായി പ്രവർത്തിക്കുന്ന പ്രൊസസറോ പെട്ടെന്ന് ചൂടാകുന്നത് ഫോണിന്റെ രാസഘടനയെ ബാധിക്കും. ഇത് ശൃംഖലാ പ്രതിപ്രവർത്തനം അഥവാ ചെയിൻ റിയാക്ഷനിലൂടെ ബാറ്ററി അമിത ചൂട് ഉത്പാദിപ്പിക്കുന്നതിന് കാരണമാവുകയും ഫോൺ പൊട്ടിത്തെറിക്കുന്നതിലേക്ക് വഴിവയ്ക്കുകയും ചെയ്യുന്നു.
ഫോൺ അമതിമായി ചൂടാകാൻ കാരണമെന്ത് ?
വെയിലത്ത് ഫോൺ ഏറെ നേരം വയ്ക്കുക, സിപിയുവിന്റെ പ്രവർത്തനത്തെ ബാധിക്കുന്ന മാൽവെയറിന്റെ സാന്നിധ്യം, ചാർജിംഗിലെ പ്രശ്‌നം എന്നിങ്ങനെ ഫോൺ അമിതമായി ചൂടാകുന്നതിന് കാരണങ്ങളേറെയാണ്. വർഷങ്ങളേറെയായി ഉപയോഗിക്കുന്ന മൊബൈൽ ഫോണുകളുടെ ആന്തരിക ഘടകങ്ങൾ വീർക്കുകയും അമിതമായി ചൂടാകുകയും ചെയ്യാറുണ്ട്. ഇതും ഫോൺ പൊട്ടിത്തെറിക്ക് കാരണമാകും. മാനുഫാക്ചറിംഗ് ഡിഫക്ടും ഫോൺ പൊട്ടിത്തെറിയിലേക്ക് നയിക്കാറുണ്ട്.
ഫോൺ പൊട്ടിത്തെറിക്കും മുൻപ് സൂചനകൾ ലഭിക്കുമോ ?
ഒരു വസ്തു പൊട്ടിത്തെറിക്കും മുൻപ് പുക ഉയരുകയോ മറ്റോ ചെയ്യാറുണ്ട്. എന്നാൽ ഒരു ഫോൺ പൊട്ടിത്തെറിക്കും മുൻപ് കൃത്യമായ സൂചനകളൊന്നും തന്നെയുണ്ടാകില്ല. വളരെ പെട്ടെന്നുണ്ടാകുന്ന പൊട്ടിത്തെറിയായതിനാൽ തന്നെ ഫോണിന് സമീപമുള്ളവർക്ക് പരുക്കേൽക്കുമെന്ന് ഉറപ്പാണ്.
പക്ഷേ മൊബൈൽ ഫോൺ അപകടകാരിയാകുന്നുവെന്ന് കാണിക്കുന്ന ചില ലക്ഷണങ്ങളുണ്ട്. നേരത്തെ പറഞ്ഞത് പോലെ അമിതമായി ചൂടാകുന്നത് തന്നെയാണ് ഒരു ലക്ഷണം. അതുകൊണ്ട് തന്നെ ഫോൺ അമിതമായി ചൂടായാൽ അത് ചാർജിംഗിൽ ആണെങ്കിൽ ഉടൻ അൺപ്ലഗ് ചെയ്യാൻ ശ്രദ്ധിക്കുക.
ബാറ്ററി വീർക്കുന്നതാണ് രണ്ടാമത്തെ ലക്ഷണം. ഫോൺ ബാറ്ററി വീർക്കുക, സ്‌ക്രീൻ യാതൊരു കാരണവുമില്ലാതെ പൊട്ടുക, ഫോൺ ചാസിസ് വീർത്ത് നിരപ്പായ പ്രതലത്തിൽ ഫോൺ വച്ചാലും അത് പ്രതലത്തോട് ചേർന്നിരിക്കാതിരിക്കുക തുടങ്ങിയ ലക്ഷണങ്ങൾ അപകടത്തിലേക്ക് വരിൽ ചൂണ്ടുന്നവയാണ്.
ഈ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് സർവീസ് സെന്ററുമായി ബന്ധപ്പെടുക.
സ്വീകരിക്കേണ്ട മുൻകരുതലുകൾ
മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിൽ ഒന്നുശ്രദ്ധിച്ചാൽ വലിയ അപകടങ്ങളിൽ നിന്ന് ഒഴിവാകാം.
- ഫോണിന്റെ ബോഡിക്ക് വരുന്ന തകരാറുകൾ ഒഴിവാക്കാനായി ഫോൺ കവർ ഉപയോഗിക്കുക.
- പൊരിവെയിലത്ത് നിന്നും, കനത്ത ചൂടിൽ നിന്ന് ഫോണിനെ സംരക്ഷിക്കുക
- ഉറങ്ങുന്നിടത്ത് നിന്ന് ദൂരെ മാറി മാത്രം ഫോൺ ചാർജിംഗിൽ ഇടുക
- നല്ല ബാറ്ററി ഹൈജീൻ നിലനിർത്തുക. ഫോൺ ബാറ്ററി 30 ശതമാനത്തിലേക്ക് താഴുമ്പോൾ ചാർജ് ചെയ്യാനിടുകയും ബാറ്ററി 80 ശതമാനത്തിലെത്തുമ്പോൾ ചാർജിംഗ് അവസാനിപ്പിക്കുകയും ചെയ്യുന്നതാണ് നല്ലത്.
- ചാർജിംഗിനായി ഫോൺ കമ്പനി നൽകിയ ചാർജറും കേബിളും മാത്രം ഉപയോഗിക്കുക. മറ്റ് ഫോൺ ചാർജറുകൾ ഉപയോഗിക്കാതിരിക്കുക.
- ഫോണിനെ ആക്രമിക്കുന്ന മാൽവെയറുകളെ കരുതിയിരിക്കുക.
മാനുഫാക്ചറിംഗ് ഡിഫ്കടുള്ള ഫോണുകൾ പൊട്ടിത്തെറിക്കാറുണ്ട്. അത്തരം സന്ദർഭങ്ങളിൽ ഉപയോക്താവ് നിസഹായനാണ്.
Story Highlights: How Mobile Phone Burst
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here