‘മിന്നൽ സന്ദർശനം ആവർത്തിക്കരുത്’, രാഹുൽ ഗാന്ധിക്ക് ഡൽഹി സർവകലാശാലയുടെ നോട്ടീസ്

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് ഡൽഹി സർവകലാശാല നോട്ടീസ് നൽകും. ഭാവിയിൽ കാമ്പസിലേക്ക് അനധികൃത സന്ദർശനങ്ങൾ നടത്തരുതെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്. വെള്ളിയാഴ്ച സർവകലാശാലയിലെ ഹോസ്റ്റലിൽ വിദ്യാർത്ഥികളുമായി രാഹുൽ കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് ഡിയു അഡ്മിനിസ്ട്രേഷന്റെ നടപടി. (Delhi University To Send Notice To Rahul Gandhi Over Sudden Hostel Visit)
ഇത്തരത്തിലുള്ള അനധികൃത സന്ദർശനം വിദ്യാർത്ഥികളുടെ സുരക്ഷയെ അപകടപ്പെടുത്തുമെന്നും മീറ്റിംഗുകൾക്ക് ഉചിതമായ പ്രോട്ടോക്കോൾ പാലിക്കണമെന്നും കോൺഗ്രസ് നേതാവിനെ അറിയിക്കുന്നതിനാണ് നോട്ടീസ്. ഇതുസംബന്ധിച്ച് ബുധനാഴ്ച രാഹുലിന് നോട്ടീസ് നൽകുമെന്ന് സർവകലാശാല രജിസ്ട്രാർ വികാസ് ഗുപ്ത പറഞ്ഞു.
അതേസമയം ഭരണകൂട സമ്മർദ്ദത്തെ തുടർന്നാണ് രാഹുൽ ഗാന്ധിക്കെതിരെ നടപടിയെടുക്കാൻ സർവകലാശാല തീരുമാനിച്ചതെന്ന് കോൺഗ്രസിന്റെ വിദ്യാർത്ഥി സംഘടനയായ നാഷണൽ സ്റ്റുഡന്റ്സ് യൂണിയൻ ഓഫ് ഇന്ത്യ (എൻഎസ്യുഐ) ആരോപിച്ചു. എന്നാൽ അത്തരമൊരു സമ്മർദമില്ലെന്നും ഇത് അച്ചടക്കത്തിന്റെ പ്രശ്‌നമാണെന്നുമാണ് സർവകലാശാലയുടെ നിലപാട്.
ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ആവശ്യമായ നടപടികൾ സർവകലാശാല അധികൃതർ സ്വീകരിക്കുമെന്നും ഗുപ്ത പറഞ്ഞു. വെള്ളിയാഴ്ച സർവ്വകലാശാലയിലെ പോസ്റ്റ് ഗ്രാജ്വേറ്റ് മെൻസ് ഹോസ്റ്റൽ സന്ദർശിച്ച രാഹുൽ ചില വിദ്യാർത്ഥികളുമായി സംവദിക്കുകയും അവരുമായി ഉച്ചഭക്ഷണം കഴിക്കുകയും ചെയ്തിരുന്നു.
Story Highlights: Delhi University To Send Notice To Rahul Gandhi Over Sudden Hostel Visit
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here