Advertisement

താനൂരിലേത് സ്വാഭാവിക ദുരന്തമല്ല, മന്ത്രിക്ക് നേരിട്ട് പരാതി ലഭിച്ചിരുന്നു, പൊലീസിനും കാര്യം അറിയാം; പി കെ ഫിറോസ്

May 9, 2023
2 minutes Read
pk-firos-against-tanur-boat-disaster

താനൂരിലേത് സ്വാഭാവിക ദുരന്തമല്ല, പലരുടേയും അനാസ്ഥയും അത്യാര്‍ത്തിയുമാണ് 22 പേര്‍ മരിക്കാനിടയായ ദുരന്തത്തില്‍ കലാശിച്ചതെന്ന് പി കെ ഫിറോസ്. ബോട്ട് സര്‍വീസുകള്‍ കേന്ദ്രീകരിച്ച് നടക്കുന്ന അനാസ്ഥയെക്കുറിച്ച് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസിനും പരാതി നല്‍കിയിരുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.(P K Firos Against Tanur Boat Disaster)

നേരിട്ട് പരാതി ലഭിച്ചിട്ടും മന്ത്രി ഒന്നും ചെയ്തില്ലെന്നും ഫിറോസ് ആരോപിച്ചു. ബോട്ടുടമയെ മാത്രം പ്രതിയാക്കിയതുകൊണ്ടോ ഉദ്യോഗസ്ഥരുടെ തലയില്‍ മാത്രം പാപഭാരം കയറ്റിവെച്ചതുകൊണ്ടോ കാര്യമില്ല. ബോട്ടുടമക്ക് ഒത്താശ ചെയ്തവരെയും വിചാരണയ്ക്ക് വിധേയമാക്കണമെന്ന് ഫിറോസ് ആവശ്യപ്പെട്ടു.

Read Also: മൊബൈൽ ഫോൺ പൊട്ടിത്തെറിക്കാൻ കാരണമെന്ത് ? എങ്ങനെ സൂക്ഷിക്കണം ?

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണരൂപം:

22 പേരുടെ ജീവൻ നഷ്ടമായി. എന്ത് നൽകിയാലും അവരുടെ ജീവന് പകരമാവില്ല. മരണ ദിവസം പാലിക്കേണ്ട മര്യാദകളും ആദരവുകളും എല്ലാം പാലിച്ച് നാട്ടുകാരും സാമൂഹിക രാഷ്ട്രീയ നേതൃത്വവും എല്ലാം ചേർന്ന് അവർക്ക് വിട നൽകി. മുസ്‌ലിം ലീഗ് ഈ നാട്ടിലെ സംവിധാനത്തോടൊപ്പം ചേർന്ന് രക്ഷാ പ്രവർത്തനങ്ങളിലും അനുബന്ധ കാര്യങ്ങളിലും പങ്കുചേർന്നു. അവരുടെ വീട് നിർമാണത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും ചെലവുകൾ വഹിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.അതൊരു സ്വാഭാവിക ദുരന്തമായിരുന്നില്ല. പലരുടെയും അനാസ്ഥയും അത്യാർത്തിയും അങ്ങനെയൊരു ദുരന്തത്തിൽ കലാശിച്ചു. അവരുടെ മരണത്തിന് ഉത്തരവാദികൾ ആയവരെ കൂടി വിചാരണയ്ക്ക് വിധേയമാക്കുമ്പോഴാണ് മരണപ്പെട്ടു പോയവർക്ക് ഈ ഭൂമിയിൽ ജീവിച്ചിരിക്കുന്നവർ പാലിച്ചു നൽകേണ്ട നീതിയുടെ അല്പമെങ്കിലും ആവൂ.ഇപ്പോൾ വരുന്ന വാർത്തകളും നാട്ടുകാരുടെ വെളിപ്പെടുത്തലുകളും തികഞ്ഞ ഗൗരവത്തോടെ തന്നെയാണ് കാണേണ്ടത്. എല്ലാ അർത്ഥത്തിലും നിയമം ലംഘിച്ച് സർവ്വീസ് നടത്തിയിരുന്ന ഈ ബോട്ടിനെ കുറിച്ച് പോലീസിന് നേരത്തെ അറിയാമായിരുന്നു. നാട്ടുകാർ കളക്ടർ ഉൾപ്പെടെയുള്ള അധികാരികളുടെ മുന്നിൽ നിരന്തരം പരാതി നൽകിയിരുന്നു. ഇതൊക്കെ ആരാണ് അട്ടിമറിച്ചത്? അനുമതിയില്ലാതെ നിർമ്മാണം നടത്തിയ ഈ ഫിഷിംഗ് ബോട്ടിന് അനുമതി നൽകാൻ മറൈൻ സി.ഇ.ഒ കണ്ട വഴി പതിനായിരം രൂപ പിഴയിട്ടു ക്രമപ്പെടുത്തുക എന്നതാണ്. ഒട്ടും രാഷ്ട്രീയ സ്വാധീനം കൂടാതെ ഇങ്ങനെയൊരു ചട്ടലംഘനം സാധ്യമാകുമെന്ന് കരുതുന്നില്ല.
സ്ഥലത്തെ മന്ത്രിക്കും ടൂറിസം മന്ത്രിക്കും പരാതി ലഭിച്ചു. ആരോ ഉപേക്ഷിച്ചിട്ട് പോയ കാലിക്കുപ്പിയുടെ പേരിൽ ഉദ്യോഗസ്ഥനെ സസ്പെന്റ് ചെയ്ത ടൂറിസം മന്ത്രി പക്ഷേ നേരിട്ട് പരാതി ലഭിച്ചിട്ടും ഒന്നും ചെയ്തില്ല. ബോട്ടിന് ലൈസൻസില്ലാത്ത കാര്യം ശ്രദ്ധയിൽ പെടുത്തിയ പരാതിക്കാരനോട് സ്ഥലത്തെ മന്ത്രി പറഞ്ഞത് ലൈസൻസില്ലെന്നത് നീയാണോ തീരുമാനിക്കുന്നത് എന്നാണ് എന്ന് പരാതിക്കാരൻ പറയുകയുണ്ടായി.ബോട്ടുടമയെ മാത്രം പ്രതിയാക്കിയതുകൊണ്ടോ ഉദ്യോഗസ്ഥരുടെ തലയിൽ മാത്രം പാപഭാരം കയറ്റിവെച്ചതുകൊണ്ടോ കാര്യമില്ല. ബോട്ടുടമക്ക് ഒത്താശ ചെയ്തവരെയും വിചാരണയ്ക്ക് വിധേയമാക്കണം. ഇദ്ദേഹത്തിന് ഈ മന്ത്രിമാരുമായുള്ള ബന്ധത്തിന്റെയും ഉദ്യോഗസ്ഥരുമായി വിനിമയം നടത്തി നിയമവിരുദ്ധ കാര്യങ്ങൾ സാധിച്ചെടുത്തതിന്റെമൊക്കെ തെളിവുകളും ഇതിനോടകം പുറത്ത് വന്നു.അനധികൃതമായ ബോട്ട് സർവ്വീസുകളെ കുറിച്ചും അത് വരുത്തി വെച്ചേക്കാവുന്ന അപകടങ്ങളെ കുറിച്ചും ജില്ലാ സമിതികളിലും അല്ലാതെയുമൊക്കെ ലീഗ് എം.എൽ.എമാർ നിരന്തരം ഉണർത്തി ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽ പെടുത്തിയതാണ്.എന്നിട്ടും ഒരു നടപടിയുമുണ്ടായില്ല. താനൂർ ബോട്ടപകടം തികഞ്ഞ ഉത്തരവാദിത്തരാഹിത്യത്തിൽ നിന്ന് ഉണ്ടായതാണ്. അപകടത്തിന് കാരണക്കാരായ എല്ലാത്തരം കുറ്റവാളികളെയും കണ്ടെത്തണം. മരണപ്പെട്ടവർക്ക് നീതി സാധ്യമാവണം.

Story Highlights: P K Firos Against Tanur Boat Disaster

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement