ചർച്ച പരാജയം, നാളെ ആശുപത്രികളിൽ എമർജൻസി സേവനങ്ങൾ മാത്രം; മറ്റ് ഡ്യൂട്ടികളിൽ നിന്നും ഡോക്ടർമാർ വിട്ടുനിൽക്കുമെന്ന് കെ.ജി.എം.ഒ.എ

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ യുവ ഡോക്ടർ ഡ്യൂട്ടിക്കിടെ ദാരുണമായി കൊല ചെയ്യപ്പെട്ടതിൽ പ്രതിഷേധിച്ച് കെ.ജി.എം.ഒ.എ നടത്തി വന്ന പ്രതിഷേധം നാളത്തേക്ക് കൂടി (മേയ് 11 വ്യാഴം) ദീർഘിപ്പിക്കാൻ സംസ്ഥാന സമിതി തീരുമാനിച്ചു. ഐഎംഎ, കെ.ജി.എം.ഒ.എ അടക്കമുള്ള ഡോക്ടർമാരുടെ സംഘടന പ്രതിനിധികളുമായി ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷ് നടത്തിയ ചർച്ച പരാജയപ്പെട്ടതോടെയാണ് ഡോക്ടർമാർ നാളത്തേക്ക് കൂടി പ്രതിഷേധം നീട്ടിയത്. എമർജൻസി സേവനങ്ങൾ ഒഴികെയുള്ള ഡ്യൂട്ടികളിൽ നിന്നും ഡോക്ടർമാർ വിട്ടു നിൽക്കും. ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കുന്നതു വരെ വി.ഐ.പി ഡ്യൂട്ടി ബഹിഷ്കരിക്കുന്നതിനും തീരുമാനിച്ചു. (Dr Vandana’s death; Only emergency services in hospitals tomorrow kgmoa ).
ആശുപത്രി സംരക്ഷണ നിയമം പരിഷ്കരിച്ചുള്ള ഓർഡിനൻസ് ഒരാഴ്ചക്കകം പുറപ്പെടുവിക്കുക, CCTV ഉൾപ്പടെയുളള സെക്യൂരിറ്റി സംവിധാനങ്ങൾ ഉൾപ്പെടുത്തിയും പരിശീലനം സിദ്ധിച്ച വിമുക്തഭടന്മാരെ സെക്യൂരിറ്റി ജീവനക്കാരായി നിയമിച്ചും ആശുപത്രികളിലെ സുരക്ഷ വർധിപ്പിക്കുക, അത്യാഹിത വിഭാഗം പ്രവർത്തിക്കുന്ന ആരോഗ്യ സ്ഥാപനങ്ങളിൽ ആംഡ് റിസർവ് പൊലീസിനെ നിയമിച്ച് പൊലീസ് എയ്ഡ് പോസ്റ്റുകൾ സ്ഥാപിക്കുക, അത്യാഹിത വിഭാഗങ്ങളിൽ ട്രയാജ് സംവിധാനങ്ങൾ സംബന്ധിച്ച സർക്കാർ ഉത്തരവ് ഉടൻ നടപ്പിലാക്കുക തുടങ്ങിയ നിരവധി ആവശ്യങ്ങളാണ് ഡോക്ടർമാർ സർക്കാരിന് മുന്നിൽ വെച്ചിരിക്കുന്നത്.
ഈ ആവശ്യങ്ങൾ അംഗീകരിക്കുന്നതു വരെ പ്രതിഷേധ നടപടികൾ തുടരാനാണ് ഡോക്ടർമാരുടെ തീരുമാനം. പോലീസ് കസ്റ്റഡിയിൽ ഉള്ള ആളുകളെ മെഡിക്കൽ പരിശോധനയ്ക്ക് വിധേയമാക്കുന്നതിനായി ജയിലിൽ സൗകര്യങ്ങൾ ഏർപ്പെടുത്തുകയും കൂടുതൽ ഡോക്ടർമാരെ ജയിലിൽ ഡ്യൂട്ടിക്ക് നിയമിക്കുകയും ചെയ്യണമെന്ന് കെ ജി എം ഒ എ പ്രസിഡന്റ് ഡോ. ടി.എൻ. സുരേഷും ജനറൽ സെക്രട്ടറി
ഡോ. പി.കെ സുനിലും ആവശ്യപ്പെട്ടു. കൃത്യവിലോപം നടത്തിയ പോലീസുകാർക്കെതിരെ മാതൃകാപരമായ ശിക്ഷാനടപടികൾ സ്വീകരിക്കുക,
അത്യാഹിത വിഭാഗത്തിൽ ഒരു ഷിഫ്റ്റിൽ 2 CMO മാരെ ഉൾപ്പെടുത്താൻ സാധിക്കും വിധം കൂടുതൽ CMO മാരെ നിയമിക്കുന്നതിനായുള്ള നടപടികൾ സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളും ഡോക്ടർമാർ ഇന്നയിക്കുന്നു.
Story Highlights: Dr Vandana’s death; Only emergency services in hospitals tomorrow kgmoa
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here