‘കുട്ടികളോട് നല്ല പെരുമാറ്റം, സ്കൂളിൽ പ്രശ്നങ്ങൾ ഉണ്ടാക്കിയിട്ടില്ല’; പ്രതികരിച്ച് സഹഅധ്യാപകർ

കൊട്ടാരക്കരയിൽ യുവഡോക്ടർ അതിദാരുണമായി കൊല്ലപ്പെട്ടത് കൊല്ലം നെടുമ്പന യു പി സ്കൂളിലെ അധ്യാപകനായിരുന്ന പൂയപ്പള്ളി ചെറുകരകോണം സ്വദേശി സന്ദീപിൻറെ കുത്തേറ്റാണ്. സന്ദീപ് സ്കൂളിൽ രാവിലെ 10 മണിക്ക് പ്രവേശിച്ചു കഴിഞ്ഞാൽ വൈകീട്ട് നാല് വരെ മറ്റ് പ്രശ്‌നങ്ങൾ ഉണ്ടാക്കിയിട്ടില്ലെന്ന് നെടുമ്പന യു പി സ്കൂളിലെ സഹഅധ്യാപകർ വ്യക്തമാക്കി.
കുട്ടികളോടും മറ്റും നല്ല രീതിയിലുള്ള പെരുമാറ്റം ആയിരുന്നു, സ്‌കൂളിലെ സഹഅധ്യാപകരോടും പ്രശ്നങ്ങൾ ഉണ്ടാക്കിയിട്ടില്ല. സ്കൂൾ സമയം കഴിഞ്ഞാൽ പോകും, ആരോടും വലിയ അടുപ്പത്തിന് നിൽക്കാറില്ല.
2021 ലാണ് സന്ദീപിനെ സംരക്ഷിത അധ്യാപകനായിട്ട് നെടുമ്പന യു പി സ്കൂളിൽ നിയമിക്കുന്നത്. മാർച്ച് സ്കൂൾ അടച്ചതിന് ശേഷം സ്റ്റാഫ് മീറ്റിങ് വിളിച്ചപ്പോഴൊന്നും പങ്കെടുത്തില്ല. അമ്മയ്‌ക്ക സുഖമില്ലെന്ന കാരണമാണ് അന്ന് അറിയിച്ചതെന്നും സഹഅധ്യാപകർ ട്വന്റിഫോറിനോട് പറഞ്ഞു. മാത്രമല്ല ഇപ്പോൾ സ്കൂളിൽ അഡ്മിഷൻ നടക്കുന്ന സമയമാണ്. ഈ സംഭവം സ്കൂളിലെ അധ്യാപനെന്ന നിലയിൽ അഡ്മിഷനെ ബാധിച്ചേക്കാമെന്നും സഹഅധ്യാപകർ പറയുന്നു.
ഇന്ന് പുലർച്ചെയായിരുന്നു സംഭവം. കോട്ടയം സ്വദേശി ഡോക്ടർ വന്ദന ദാസാണ് (23) കൊല്ലപ്പെട്ടത്. അടിപിടി കേസില്‍ കസ്റ്റഡിയിലെടുത്ത സന്ദീപിനെ മുറിവ് തുന്നിക്കെട്ടുന്നതിന് വേണ്ടിയാണ് ആശുപത്രിയില്‍ എത്തിച്ചത്. ഇതിനിടെയാണ് അതിക്രമം നടത്തിയത്. മേശപ്പുറത്തെ കത്രിക കൈക്കലാക്കിയ പ്രതി പിന്നില്‍നിന്ന് ഡോക്ടറെ കുത്തുകയായിരുന്നു. ഡോക്ടറുടെ മുതുകിലും കഴുത്തിലും ഉള്‍പ്പെടെ ആറു തവണയാണ് ഇയാള്‍ കുത്തിയത്. പിന്നില്‍നിന്നുള്ള കുത്ത് മുന്‍പിലേക്ക് എത്തുന്ന തരത്തിലായിരുന്നു ആക്രമണം. ഡോക്ടറുടെ നിലവിളി കേട്ട് മുറിയിലേക്ക് ഓടിയെത്തിയ പോലീസുകാരും ആശുപത്രി ജീവനക്കാരും ഏറെ പണിപ്പെട്ടാണ് അക്രമാസക്തനായ പ്രതിയെ കീഴ്‌പ്പെടുത്തിയത്. തുടര്‍ന്നാണ് ഡോക്ടറെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്.
Read Also: കസ്റ്റഡിയിലെടുത്ത പ്രതി വൈദ്യപരിശോധനയ്ക്കിടെ കുത്തി; കൊല്ലത്ത് യുവഡോക്ടർക്ക് ദാരുണാന്ത്യം
പരിക്ക് അതീവ ഗുരുതരമായതിനാല്‍ വെന്റിലേറ്ററിലേക്ക് മാറ്റിയ വന്ദനയുടെ മരണം ബുധനാഴ്ച പുലര്‍ച്ചെ ഒമ്പത് മണിയോടെയാണ് സ്ഥിരീകരിച്ചത്. കഴുത്തിന് ആഴത്തിലേറ്റ മുറിവാണ് മരണ കാരണമെന്നാണ് വിവരം.
Story Highlights: Sandeep’s Co teachers Reacts Kottarakkara stabbing
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here