ഹൗസ് സർജൻസ് അസോസിയേഷനും സമരം പിൻവലിച്ചു; രാത്രി എട്ട് മുതൽ എമർജൻസി ഡ്യൂട്ടിയിൽ പ്രവേശിക്കും

ഡോ. വന്ദനയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതിഷേധത്തിലായിരുന്ന ഹൗസ് സർജൻസ് അസോസിയേഷനും സമരം പിൻവലിച്ചു. രാത്രി എട്ട് മുതൽ എമർജൻസി ഡ്യൂട്ടിയിൽ പ്രവേശിക്കുമെന്ന് അവർ അറിയിച്ചു. ആരോഗ്യമന്ത്രി, ഡി.എം.ഇ എന്നിവരുമായി നടത്തിയ ചർച്ചയിൽ കെ.എച്ച്.എസ്.എ മുന്നോട്ട് വെച്ച ആവശ്യങ്ങളോട് ക്രിയാത്മകമായ പ്രതികരണം ലഭിച്ച സാഹചര്യത്തിലാണ് സമരം നിർത്താൻ തീരുമാനിച്ചത്. ( Dr Vandana’s death: House Surgeons Association called off the strike ).
പിജി വിദ്യാർത്ഥികൾ, ഹൗസ് സർജൻമാർ എന്നിവർ ഉന്നയിച്ച പ്രശ്‌നങ്ങൾ പഠിച്ച് പരിഹരിക്കാൻ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയുടെ നേതൃത്വത്തിൽ കമ്മിറ്റി രൂപീകരിക്കാൻ തീരുമാനിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. ഒരു മാസത്തിനകം കമ്മിറ്റി റിപ്പോർട്ട് സമർപ്പിക്കും. മെഡിക്കൽ റസിഡൻസി പ്രോഗ്രാമിന്റെ ഭാഗമായി മറ്റാശുപത്രികളിൽ പോകുന്നവർക്കായി ഉടൻ തന്നെ എസ്ഒപി പുറത്തിറക്കും. ഹൗസ് സർജൻമാരുടെ പ്രശ്‌നങ്ങളും കമ്മിറ്റി പരിശോധിക്കും.
റസിഡൻസി മാന്വൽ കർശനമായി നടപ്പിലാക്കും. അടിയന്തരമായി ഇതിനായി ഡി.എം.ഇ. സർക്കുലർ ഇറക്കും. വകുപ്പ് മേധാവികൾ വിദ്യാർത്ഥികളുടെ അവധി ഉറപ്പാക്കണമെന്നും മന്ത്രി നിർദേശം നൽകി. പിജി വിദ്യാർത്ഥികൾ ഹൗസ് സർജൻമാർ എന്നിവരുടെ സംഘടനാ പ്രതിനിധികളുമായുള്ള ചർച്ചയിലാണ് മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയത്.
ഡോക്ടർമാർക്കൊപ്പമാണ് സർക്കാർ. ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകുന്ന രീതിയിൽ സമരം ചെയ്യരുത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം വിശദമായ അവലോകന യോഗം ചേർന്ന് തീരുമാനമെടുത്തിരുന്നു. ആശുപത്രികളിലെ സുരക്ഷ ഓഡിറ്റ് സമയബന്ധിതമായി നടത്തും. എല്ലാ പ്രധാന ആശുപത്രികളിലും പോലീസ് ഔട്ട് പോസ്റ്റ് സ്ഥാപിക്കും. മറ്റിടങ്ങളിൽ പോലീസ് നിരീക്ഷണമുണ്ടാകും. ആശുപത്രികളിൽ സിസിടിവി ക്യാമറ ഉറപ്പാക്കും.
മുമ്പ് പിജി വിദ്യാർത്ഥികളുമായി ചർച്ച നടത്തിയതിന്റെ അടിസ്ഥാനത്തിൽ തീരുമാനിച്ച കാര്യങ്ങൾ കർശനമായി നടപ്പിലാക്കാൻ മന്ത്രി നിർദേശം നൽകി. ഹോസ്റ്റൽ സൗകര്യം അതാത് സ്ഥാപനങ്ങൾ പരിശോധിച്ച് മുൻഗണന നൽകാൻ ഡിഎംഇയെ ചുമതലപ്പെടുത്തി. ന്യായമായ സ്‌റ്റൈപെന്റ് വർധനയ്ക്കുള്ള പ്രൊപ്പോസൽ സർക്കാർ പരിഗണനയിലാണെന്നും മന്ത്രി വ്യക്തമാക്കി.
Story Highlights: Dr Vandana’s death: House Surgeons Association called off the strike
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here