Advertisement

ദേശീയ നേതൃത്വത്തിൽ നാലാമൻ, ബി ജെ പിയുടെ റോക്ക് സ്റ്റാർ സംഘടനാ സെക്രട്ടറി ബി.എൽ.സന്തോഷിന്റെ കർണാടക തന്ത്രങ്ങൾ പാളിയത് എവിടെ

May 13, 2023
Google News 1 minute Read

കർണ്ണാടകയിലെ തിരഞ്ഞെടുപ്പ് മത്സരത്തിൽ ഇല്ലെങ്കിലും വളരെയധികം ചർച്ചകൾക്ക് വഴിവെച്ച പേരാണ് ബൊമ്മരബെട്ടു ലക്ഷ്മിജനാർദന സന്തോഷ് അല്ലെങ്കിൽ ബി.എൽ സന്തോഷ്. നിലവിൽ ബിജെപിയുടെ ദേശീയ ജനറൽ സെക്രട്ടറിയാണ് സന്തോഷ്. മുൻ ബിജെപി മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാർ ഏപ്രിൽ 18 ചൊവ്വാഴ്‌ച നടത്തിയ ഒരു വാർത്താ സമ്മേളനത്തെ തുടർന്ന് ഇത്തവണത്തെ തെരെഞ്ഞെടുപ്പ് ചർച്ചയിലെ പ്രധാന പേരായി മാറുകയായിരുന്നു ബി എൽ സന്തോഷ് എന്നത്. ബിജെപി വിട്ട് എതിർപാർട്ടിയായ കോൺഗ്രസിൽ ചേർന്ന ഷെട്ടാർ തനിക്ക് കർണാടക തിരഞ്ഞെടുപ്പിന് ടിക്കറ്റ് നിഷേധിച്ചതിന് ഉത്തരവാദിയായി പറയുന്നത് ബി എൽ സന്തോഷിനെയാണ്. തന്റെ വ്യക്തിപരമായ അഭിലാഷങ്ങൾ നിറവേറ്റുന്നതിനായി ലക്ഷക്കണക്കിന് പ്രവർത്തകർ വിയർപ്പ് ഒഴുക്കി കെട്ടിപ്പടുത്ത സംഘടനയെ സന്തോഷ് തകർത്തുവെന്നും ഷെട്ടാർ കുറ്റപ്പെടുത്തി. ( who is BL Santhosh )

ഭാരതീയ ജനതാ പാർട്ടിയിൽ നേതൃത്വനിരയിലെ ഒന്നും രണ്ടും സ്ഥാനക്കാർ ആരാണെന്ന കാര്യത്തിൽ തർക്കമില്ല. കാരണം അത് നരേന്ദ്ര മോദിയും അമിത് ഷായുമാണ്. ഇനി ദേശീയ നേതൃത്വത്തിലെ മൂന്നാമനാരെന്ന ചോദ്യത്തിനും ഉത്തരം വ്യക്തം. അത് ബി ജെ പി ദേശീയ അധ്യക്ഷൻ ശ്രീ ജെ പി നദ്ദ തന്നെയാണ്. ഇന്ത്യൻ ഗവൺമെന്റിന്റെ എല്ലാ എക്സിക്യൂട്ടീവ് നടപടികളും രാഷ്ട്രപതിയുടെ പേരിൽ നടക്കുന്നതുപോലെ പാർട്ടിയിലെ എല്ലാ തീരുമാനങ്ങളും നദ്ദയുടെ പേരിലാണ് എടുക്കുന്നത്. അതുകൊണ്ട് ഈ സ്ഥാനങ്ങളെ കുറിച്ച് തർക്കമോ സംശയങ്ങളോ ഇല്ല. എന്നാൽ പാർട്ടി നേതൃത്വത്തിലെ നാലാമന്റെ ഉദയമാണ് ബി എൽ സന്തോഷിലൂടെ വ്യക്തമാകുന്നത്. ആർഎസ്എസ് പ്രചാരക സ്ഥാനത്ത് നിന്ന് ദേശീയ ജനറൽ സെക്രട്ടറിയായി ഒരു സ്ഥാനത്ത് നിന്ന മറ്റൊന്നിലേക്ക് പറന്നുകയറിയ നേതൃത്വനിരയിലെ ശക്തനായ നേതാവ് തന്നെയാണ് സന്തോഷ്.

ആർഎസ്എസ് പ്രചാരകനായിരുന്ന സന്തോഷ് എട്ട് വർഷത്തെ സംഘടനാ പ്രവർത്തനത്തിന് ശേഷം 2014 ൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ നേതൃത്വം വഹിക്കുന്ന ദേശീയ ഭാരവാഹിയായി. പിന്നീട് ബിജെപിയുടെ പ്രധാന നേതാക്കളിൽ ഒരാളായി മാറുകയും ചെയ്തു. കർണാടകയിലെ തീരദേശ ഉഡുപ്പി ജില്ലയിലെ ഹിരിയദ്ക പട്ടണത്തിൽ ശിവല്ലി ബ്രാഹ്മണൻ വിഭാഗത്തിൽ പെട്ട സന്തോഷ് ഒരു ഇടത്തരം കുടുംബത്തിലാണ് ജനിച്ചത്.

വളരെ ചെറുപ്പത്തിൽ തന്നെ ആർഎസ്എസിൽ ചേർന്ന സന്തോഷ് കർണാടകയിലെ ദാവൻഗരെയിലുള്ള ബിഡിടി കോളജ് ഓഫ് എൻജിനീയറിങ്ങിൽ നിന്ന് ഇൻസ്ട്രുമെന്റേഷൻ ടെക്നോളജിയിൽ എൻജിനീയറിങ് പൂർത്തിയാക്കി. പിന്നീട് ആർഎസ്എസിൽ മുഴുസമയ പ്രവർത്തകനായ അദ്ദേഹം 1993 മുതൽ ഉഡുപ്പി, ശിവമൊഗ്ഗ, മൈസൂരു, ബെംഗളൂരു തുടങ്ങിയ ജില്ലകളിൽ പ്രചാരകനായി പ്രവർത്തിച്ചു.

എപ്പോഴും ധോത്തിയും വെള്ള ഷർട്ടും ധരിച്ച സന്തോഷ് മാധ്യമങ്ങളിൽ നിന്ന് ഒരു അകലം എപ്പോഴും പാലിച്ചിരുന്നു. 2006ൽ കർണാടക ബിജെപി ജനറൽ സെക്രട്ടറിയായ ബി എൽ സന്തോഷ് 2014 വരെ ആ സ്ഥാനത്ത് തുടർന്നു. സംസ്ഥാന തലത്തിലും കേന്ദ്ര തലത്തിലും ബിജെപിയും ആർഎസ്എസും തമ്മിലുള്ള മികച്ച ഏകോപനം എന്ന ലക്‌ഷ്യം മുന്നിൽ കണ്ടാണ് അദ്ദേഹം പ്രവർത്തിച്ചത്. പാർട്ടി സംഘടന എന്ന നിലയിലും ഭരണകക്ഷിയെന്ന നിലയിലും ബിജെപിയെ സൂക്ഷ്മമായി നിരീക്ഷിക്കാൻ ഇത് സന്തോഷിനെ സഹായിച്ചു എന്ന് വേണം പറയാൻ. അദ്ദേഹത്തിന്റെ നിയമനം പാർട്ടിയെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ടതായിരുന്നു.

Read Also : പഞ്ഞി മിഠായി എന്ന ‘പിങ്ക് വിഷം’; അപകടകാരിയാകുന്നതെങ്ങനെ ?

2007 നവംബറിൽ കർണാടകയിൽ അധികാരമേറ്റെങ്കിലും, വിവാദങ്ങളും പ്രശ്നങ്ങളും ബി.ജെ.പി പിന്തുടർന്നു കൊണ്ടേയിരുന്നു. അഴിമതി ആരോപണങ്ങളിൽ ഉൾപ്പെട്ട് അതിന്റെ ലിംഗായത്ത് നേതാവും മുഖ്യമന്ത്രിയുമായ ബി.എസ്. യെദ്യൂരപ്പ (ബിഎസ്‌വൈ) ജയിലിലകപ്പെട്ടു. കൂടാതെ പാർട്ടിക്ക് വർഷങ്ങളുടെ ഇടവേളയിൽ മൂന്ന് മുഖ്യമന്ത്രിമാരെ നിയമിക്കേണ്ടിവന്നു. ഡി.വി. സദാനന്ദ ഗൗഡയും ഷെട്ടറുമായിരുന്നു മറ്റു മന്ത്രിമാർ.

ഇതിനിടയിൽ ബി.എസ്. യെദ്യൂരപ്പയുമായുള്ള ബി എൽ സന്തോഷിന്റെ ബന്ധം വഷളായി. സ്വജനപക്ഷപാതം, ബെല്ലാരി ഖനന മുതലാളിമാരുമായുള്ള അടുപ്പം, സർക്കാരിലും പാർട്ടിയിലും അവർക്കുള്ള പങ്ക് എന്നിവ കാരണം ബിഎസ്‌വൈക്കെതിരെ ഉയർന്ന അഴിമതി ആരോപണങ്ങൾ കാരണമാണ് സന്തോഷ് ബിഎസ്‌വൈയെ ശക്തമായി എതിർത്തുവെന്നും ഇതാണ് ഇരുവരുടെയും ബന്ധം വഷളാകാൻ കാരണമായി പറയപ്പെടുന്നത്. എന്നാൽ പാർട്ടിക്കുള്ളിൽ ബിഎസ്‌വൈയെ എതിർക്കുന്നവരെ പ്രോത്സാഹിപ്പിക്കുകയും സ്വന്തം വിരോധികളെ പാർട്ടി ഓഫീസിൽ പ്രവേശിപ്പിക്കാതിരിക്കുകയും ചെയ്‌തുവെന്ന ആരോപണവും സന്തോഷിനെതിരെ ഉയർന്നു.

2014ൽ നരേന്ദ്രമോദി പ്രധാനമന്ത്രിയായി. ആ വർഷം തന്നെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ ചുമതലയുള്ള ദേശീയ ജോയിന്റ് ജനറൽ സെക്രട്ടറിയായി സന്തോഷിനെ നിയമിക്കുകയും ചെയ്തു. 2019-ൽ ബി.ജെ.പിയുടെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് എത്തുകയും ചെയ്തു. 2019 മുതൽ ഗുജറാത്ത്, ത്രിപുര, ഉത്തരാഖണ്ഡ് തുടങ്ങി പല സംസ്ഥാനങ്ങളിലും മുഖ്യമന്ത്രിമാരെ മാറ്റുക തുടങ്ങിയ നിർണായക ദൗത്യങ്ങൾ അദ്ദേഹം നടപ്പാക്കി. ഈ സംസ്ഥാനങ്ങളിലെല്ലാം മുഖ്യമന്ത്രിമാർ മാറിയിട്ടും ബിജെപി അധികാരത്തിൽ തിരിച്ചെത്തി എന്നതും ഏറെ ശ്രദ്ധനേടി.

പുതിയ നേതൃത്വം സൃഷ്ടിക്കുന്നതിലും സംഘത്തോടും ബിജെപിയോടും പ്രതിബദ്ധതയുള്ള പുതിയ യുവ മുഖങ്ങളെ കണ്ടെത്തുന്നതിലും സന്തോഷ് എപ്പോഴും ശ്രദ്ധാലുവായിരുന്നുവെന്നാണ് പറയപെടുന്നത്. 2019 ൽ ലക്ഷ്മൺ സവാദി (ലിംഗായത്ത് എംഎൽഎ ആയി തോറ്റു), അശ്വത് നാരായൺ (വൊക്കലിഗ), ഗോവിന്ദ് കർജോൾ (ദലിത്) എന്നീ മൂന്ന് ഉപമുഖ്യമന്ത്രിമാരെ നിയമിച്ച് കൊണ്ട് ഒരു കൂട്ടം പുതിയ നേതൃത്വത്തെ വികസിപ്പിക്കെടുക്കാൻ അദ്ദേഹം പരിശ്രമിച്ചു. എന്നാൽ അത് ഫലം കണ്ടില്ല.

ബെംഗളൂരു സൗത്ത് എംപിയായ തേജസ്വി സൂര്യയെയും ഏതാനും സംസ്ഥാനങ്ങളുടെ ചുമതല നൽകി സി.ടി. രവിയെ ദേശീയ ജനറൽ സെക്രട്ടറിയായും കർണാടക കേഡർ ഐപിഎസ് ഉദ്യോഗസ്ഥനായ അണ്ണാമലൈയെ തമിഴ്‌നാട് ബിജെപി അധ്യക്ഷനായും കൊണ്ടുവന്നത് ബി എൽ സന്തോഷ് ആണ്. ബി.ജെ.പി.യിൽ പോലും അറിയപ്പെടാത്ത നിരവധി പുതുമുഖങ്ങളെ രാജ്യസഭാംഗങ്ങളായി തിരഞ്ഞെടുക്കുന്നതിലും അദ്ദേഹം പ്രധാന പങ്കുവഹിച്ചു.

സന്തോഷ് ഒരു കടുത്ത ഹിന്ദുത്വ ചിന്താഗതിക്കാരനായാണ് അറിയപ്പെടുന്നത്. സമാനമായ കാഴ്ചപ്പാടുകൾ പങ്കിടുന്ന സി ടി രവി, നളിൻ കുമാർ, തേജസ്വി സൂര്യ തുടങ്ങിയ നേതാക്കളെ ശാക്തീകരിച്ചതിന്റെ പിന്നിലും സന്തോഷിന് പങ്കുണ്ട്. ഈ കടുത്ത ഹിന്ദുത്വ ചിന്തയും ക്യാമ്പയിനുകളും പല വിവാദങ്ങളിലേക്കും ബിജിപിയെ വലിച്ചിട്ടു എന്നുവേണം പറയാൻ.

തെലങ്കാനയിലെ ഭാരത് രാഷ്ട്ര സമിതി എംഎൽഎമാരെ വേട്ടയാടി ബിജെപിയിലേക്ക് ആകർഷിച്ചെന്ന ആരോപണത്തിലും സന്തോഷിന്റെ പേര് കുടുങ്ങി. സന്തോഷ് അടക്കം മൂന്നുപേരെ പ്രത്യേക അന്വേഷണ സംഘം പ്രതികളാക്കി.

കർണാടക ഉൾപ്പെടെയുള്ള വിവിധ സംസ്ഥാനങ്ങളിലെ പാർട്ടി സംഘടന വീണ്ടെടുക്കാനുമുള്ള ചുമതലയാണ് ജനറൽ സെക്രട്ടറി എന്ന നിലയിൽ അദ്ദേഹത്തെ ഏൽപ്പിച്ചിരുന്നത്. കർണാടക നിയമസഭയിലേക്കുള്ള പാർട്ടി സ്ഥാനാർത്ഥികളെ തിരഞ്ഞെടുക്കുന്നതിൽ അദ്ദേഹത്തിനും പങ്കുണ്ട് എന്നാണ് പറയുന്നത്. രണ്ട് സീറ്റിൽ രണ്ട് മുതിർന്ന നേതാക്കളെ മത്സരിപ്പിക്കുക എന്നത് അദ്ദേഹത്തിന്റെ ആശയമാണ്.

കർണാടക ബിജെപി ഘടകത്തിന്റെ പൂർണ നിയന്ത്രണം സന്തോഷ് ഏറ്റെടുത്തുവെന്നും പാർട്ടിയെ ദോഷകരമായി ബാധിക്കുന്ന തീരുമാനങ്ങൾ എടുക്കുകയാണെന്നും ഷെട്ടാർ ആരോപിച്ചിരുന്നു. സംസ്ഥാനത്തും കേന്ദ്രത്തിലും തന്ത്രപ്രധാനമായ സ്ഥാനങ്ങളിൽ സ്വന്തം ആളുകളെ നിയമിച്ച സന്തോഷ്, പതിറ്റാണ്ടുകളായി പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ച തന്നെപ്പോലുള്ളവരെ സംഘടനയിൽ നിന്ന് പുറത്താക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. തനിക്ക് മാത്രമല്ല മറ്റ് പലർക്കും ടിക്കറ്റ് നിഷേധിക്കുന്നതിൽ സന്തോഷ് നിർണായക പങ്ക് വഹിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Story Highlights: Taiton to beautify your home

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here