അയോധ്യയിൽ ഹിന്ദു ഭൂരിപക്ഷ വാർഡിൽ സ്വതന്ത്ര മുസ്ലീം സ്ഥാനാർത്ഥി വിജയിച്ചു

അയോധ്യയിൽ ഹിന്ദു ഭൂരിപക്ഷ വാർഡിൽ സ്വതന്ത്ര മുസ്ലീം സ്ഥാനാർത്ഥി വിജയിച്ചു. ശനിയാഴ്ച പ്രഖ്യാപിച്ച സിവിൽ തിരഞ്ഞെടുപ്പ് ഫലത്തിലാണ് അയോധ്യയിലെ ഒരു വാർഡിൽ സ്വതന്ത്ര മുസ്ലീം സ്ഥാനാർത്ഥി അപ്രതീക്ഷിത വിജയം നേടിയത്. അയോധ്യയിലെ മേയർ തിരഞ്ഞെടുപ്പിൽ ബിജെപി വിജയിച്ചപ്പോൾ 60 വാർഡുകളിൽ 27 എണ്ണവും പാർട്ടി നേടി. എസ്പിയും സ്വതന്ത്രരും യഥാക്രമം 17, 10 വാർഡുകളിൽ വിജയിച്ചു. ( muslim candidate wins in ayodhya )
തെരഞ്ഞെടുപ്പിൽ അരങ്ങേറ്റം കുറിക്കുന്ന സുൽത്താൻ അൻസാരിയാണ് രാം അഭിറാം ദാസ് വാർഡിൽ വിജയിച്ചത്. “ഇത് അയോധ്യയിലെ ഹിന്ദു-മുസ്ലിം സാഹോദര്യത്തിന്റെയും സമാധാനപരമായ സഹവർത്തിത്വത്തിന്റെയും ഏറ്റവും മികച്ച ഉദാഹരണമാണ്. നമ്മുടെ ഹിന്ദു സഹോദരന്മാരിൽ നിന്ന് ഒരു വിവേചനവും ഉണ്ടായില്ല, മാത്രവുമല്ല അവർ എന്നെ മറ്റൊരു മതത്തിൽ നിന്നുള്ള ഒരാളായി കണക്കാക്കുകയും ചെയ്തില്ല. അവർ എന്നെ പിന്തുണയ്ക്കുകയും വിജയം ഉറപ്പ് വരുത്തുകയും ചെയ്തു.” അൻസാരി പിടിഐയോട് പറഞ്ഞു.
ഈ വാർഡിലെ മുസ്ലീം വോട്ട് വിഹിതം മൊത്തം വോട്ടിന്റെ 11 ശതമാനം മാത്രമാണ്. 3,844 ഹിന്ദുവോട്ടുകൾക്ക് ആകെ 440 മുസ്ലീം വോട്ടുകളാണ് ഇവിടെ ഉള്ളത്. ആകെ പോൾ ചെയ്ത 2,388 വോട്ടിന്റെ 42 ശതമാനം വിഹിതമാണ് അൻസാരി നേടിയത്. മത്സരിച്ച 10 സ്ഥാനാർത്ഥികളിൽ 996 വോട്ടുകളാണ് അൻസാരിക്ക് ലഭിച്ചത്.
മറ്റൊരു സ്വതന്ത്ര സ്ഥാനാർത്ഥിയായ നാഗേന്ദ്ര മാഞ്ചിയെ 442 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. ബിജെപിക്ക് മൂന്നാം സ്ഥാനം നേടാനായി.
ഹിന്ദു ഭൂരിപക്ഷ പ്രദേശത്ത് നിന്ന് മത്സരിക്കുന്നതിൽ എന്തെങ്കിലും മടിയുണ്ടോ എന്ന ചോദ്യത്തിന്, “ഞാൻ ഈ പ്രദേശത്തെ താമസക്കാരനാണ്. എന്റെ അറിവിൽ, എന്റെ പൂർവ്വികർ 200 വർഷത്തിലേറെയായി ഇവിടെ താമസിക്കുന്നു. എന്റെ ഹിന്ദു സുഹൃത്തുക്കളോട് തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ അവർ എന്നെ പൂർണ്ണഹൃദയത്തോടെ പിന്തുണയ്ക്കുകയും മുന്നോട്ട് പോകാൻ എന്നെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.
ലോകമെമ്പാടും അയോധ്യയെ അറിയപ്പെടുന്നത് രാമക്ഷേത്രത്തിന്റെ പേരിലാണ്. എന്നാൽ മതപരമായ ചരിത്രം ഉറങ്ങുന്ന ഈ നഗരം ഹിന്ദുക്കളെപ്പോലെ മുസ്ലീങ്ങൾക്കും ഭക്തിയുടെ പേരിൽ പ്രസിദ്ധമാണ്. ഇവിടെ ഇവിടെ നിങ്ങൾക്ക് ധാരാളം പള്ളികൾ കാണാം. കൂടാതെ മുസ്ലീം സൂഫികളുടെ നൂറ്റാണ്ടുകൾ പഴക്കമുള്ള നിരവധി ശവകുടീരങ്ങളും ഇവിടെയുണ്ട്,” അയോധ്യയിലെ ഒരു വ്യവസായിയായ സൗരഭ് സിംഗ് പറഞ്ഞു.
മേയർ തെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിലെ 17 മുനിസിപ്പൽ കോർപ്പറേഷനുകളിൽ 16 എണ്ണത്തിലും ഭരണകക്ഷിയായ ബിജെപി തൂത്തുവാരി. വാരണാസി മേയർ തിരഞ്ഞെടുപ്പിന്റെ ഔദ്യോഗിക ഫലം ശനിയാഴ്ച്ചയ്ക്ക് ശേഷം പ്രതീക്ഷിക്കാം.
മേയർ തെരഞ്ഞെടുപ്പിൽ ക്ഷേത്രനഗരമായ അയോധ്യയിൽ ബി.ജെ.പി സ്ഥാനാർത്ഥി ഗിരീഷ് പതി ത്രിപാഠി വിജയിച്ചു. സമീപ പ്രതിയോഗിയായ സമാജ്‌വാദി പാർട്ടിയുടെ ആശിഷിനെ 35,638 വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്.
77,494 വോട്ടുകളാണ് ത്രിപാഠി നേടിയത്. ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തെഹാദുൽ മുസ്ലിമീൻ (എഐഎംഐഎം) സ്ഥാനാർത്ഥി രെഹാൻ 15,107 വോട്ടുകൾ നേടി മൂന്നാം സ്ഥാനത്തെത്തി. ബിഎസ്പി സ്ഥാനാർത്ഥി രാംമൂർത്തിക്ക് 12,852 വോട്ടുകളും കോൺഗ്രസിന്റെ പ്രമീള രജ്പുതിന് 4,084 വോട്ടുകളും ലഭിച്ചതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ (എസ്ഇസി) അറിയിച്ചു.
Story Highlights: independent muslim candidate wins hindu dominated ward in ayodhya
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here