തകർച്ച അതിജീവിച്ച് ലക്നൗ; മുംബൈയെ പഞ്ഞിക്കിട്ട് സ്റ്റോയിനിസ്; രോഹിതിനും സംഘത്തിനും വിജയലക്ഷ്യം 178 റൺസ്

ലക്നൗ സൂപ്പർ ജയൻ്റ്സിനെതിരെ മുംബൈ ഇന്ത്യൻസിന് 178 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ലക്നൗ നിശ്ചിത 20 ഓവറിൽ 3 വിക്കറ്റ് നഷ്ടപ്പെടുത്തി 177 റൺസ് ആണ് നേടിയത്. 47 പന്തിൽ 89 റൺസ് നേടി പുറത്താവാതെ നിന്ന മാർക്കസ് സ്റ്റോയിനിസ് ലക്നൗവിൻ്റെ ടോപ്പ് സ്കോറർ ആയി. 49 റൺസ് നേടിയ കൃണാൽ പാണ്ഡ്യയും ലക്നൗവിനായി നിർണായക പ്രകടനം നടത്തി. മുംബൈ ഇന്ത്യൻസിനു വേണ്ടി ജേസൻ ബെഹ്റൻഡോർഫ് രണ്ട് വിക്കറ്റ് വീഴ്ത്തി. (lsg score mumbai ipl)
Read Also: നിർണായക മത്സരത്തിൽ ലക്നൗവിന് ബാറ്റിംഗ്; ഇരു ടീമുകളിലും മാറ്റങ്ങൾ
കെയിൽ മയേഴ്സ് പുറത്തിരുന്നതിനാൽ ദീപക് ഹൂഡയാണ് ലക്നൗവിനായി ക്വിൻ്റൺ ഡികോക്കിനൊപ്പം ബാറ്റിംഗ് ഓപ്പൺ ചെയ്തത്. മൂന്നാം ഓവറിൽ ഹൂഡയെയും (5) പ്രേരക് മങ്കാദിനെയും (0) പുറത്താക്കിയ ബെഹ്റൻഡോർഫ് ലക്നൗവിന് തുടക്കത്തിൽ തന്നെ തിരിച്ചടി നൽകി. പവർ പ്ലേയിൽ കൃത്യതയോടെ പന്തെറിഞ്ഞ മുംബൈ ബൗളർമാർ ലക്നൗ ബാറ്റർമാരെ പിടിച്ചുനിർത്തി. പവർ പ്ലേ അവസാനിക്കുമ്പോൾ സ്കോർ ബോർഡിൽ വെറും 35 റൺസ്. തൊട്ടടുത്ത ഓവറിലെ ആദ്യ പന്തിൽ പീയുഷ് ചൗള ക്വിൻ്റൺ ഡികോക്കിനെയും (16) മടക്കി.
Read Also: നായയുടെ കടിയേറ്റു, നെറ്റ്സില്‍ പോലും പന്തെറിയാനാവുന്നില്ല; അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍
3 വിക്കറ്റ് നഷ്ടത്തിൽ 35 റൺസ് എന്ന നിലയിൽ പതറിയ ലക്നൗവിനെ മൂന്നാം വിക്കറ്റിൽ മാർക്കസ് സ്റ്റോയിനിസും കൃണാൽ പാണ്ഡ്യയും ചേർന്നാണ് കരകയറ്റിയത്. മുംബൈ ബൗളർമാരെ അനായാസം നേരിട്ട സഖ്യത്തിൽ സ്റ്റോയിനിസ് ആയിരുന്നു കൂടുതൽ അപകടകാരി. 82 റൺസിൻ്റെ കൂട്ടുകെട്ടാണ് ഇരുവരും ചേർന്ന് പടുത്തുയർത്തിയത്. 16ആം ഓവർ അവസാനിച്ചപ്പോൾ കൃണാൽ പാണ്ഡ്യ റിട്ടയേർഡ് ഔട്ട് ആയി. 42 പന്തിൽ 49 റൺസ് നേടിയതിനു ശേഷമാണ് കൃണാൽ സ്വയം മടങ്ങിയത്.
ഇതിനിടെ 36 പന്തിൽ സ്റ്റോയിനിസ് ഫിഫ്റ്റി തികച്ചു. ക്രിസ് ജോർഡൻ എറിഞ്ഞ 18ആം ഓവറിൽ രണ്ട് സിക്സറും മൂന്ന് ബൗണ്ടറിയും സഹിതം 24 റൺസാണ് സ്റ്റോയിനിസ് അടിച്ചുകൂട്ടിയത്. ബെഹ്റൻഡോർഫ് എറിഞ്ഞ അടുത്ത ഓവറിൽ രണ്ട് സിക്സർ. അവസാന ഓവറിൽ ഒരു സിക്സ്. അവസാന മൂന്ന് ഓവറിൽ 54 റൺസാണ് ലക്നൗ അടിച്ചുകൂട്ടിയത്. സ്റ്റോയിനിസ് 47 പന്തിൽ 89 റൺസ് നേടി പുറത്താവാതെ നിന്നു.
Story Highlights: lsg score mumbai ipl
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here