Advertisement

74 ദിവസം വെള്ളത്തിനടിയിൽ; പുതിയ ലോകത്ത് റെക്കോർഡ് സ്വന്തമാക്കി ജോസഫ്

May 17, 2023
Google News 1 minute Read

പുതിയ ലോകറെക്കോർഡ് നേടി ഫ്ലോറിഡ സർവകലാശാല പ്രഫസറായ ജോസഫ് ഡിറ്റൂരി. വെള്ളത്തിനടിയിൽ തുടർച്ചയായി 74 ദിവസം താമസിച്ചാണ് ഈ നേട്ടം അദ്ദേഹം സ്വന്തമാക്കിയിരിക്കുകയാണ്. യുഎസിലെ ഒരേയൊരു സമുദ്രാന്തര ഹോട്ടലായ ഷൂൾസ് അണ്ടർസീ ലോഡ്ജിലാണു ഡിറ്റൂരിയുടെ താമസം. സമുദ്രനിരപ്പിൽ നിന്ന് 30 അടി താഴെ സ്ഥിതി ചെയ്യുന്ന ഈ ലോഡ്ജിലേക്ക് സ്‌കൂബ ഡൈവ് ചെയ്താണ് ആളുകൾ എത്തുന്നത്.

1986ൽ ആണ് ഷൂൾസ് അണ്ടർസീ ലോഡ്ജ് തുടങ്ങിയത്. വിഖ്യാതമായ ‘20000 ലീഗ്‌സ് അണ്ടർ ദ സീ എന്ന നോവലെഴുതിയ ഷൂൾസ് വേണിന്റെ പേരാണ് ഇതിനു നൽകിയിരിക്കുന്നത്. സ്‌കൂബ ഡൈവിങ് സർട്ടിഫിക്കേഷനുള്ളവർക്കു മാത്രമാണ് ഇവിടെയെത്തി താമസിക്കാൻ സാധിക്കുക. 1970ൽ പ്യൂർട്ടോ റിക്കോയിൽ യുഎസ് നടത്തിയിരുന്ന ലാ ചുൽപ സമുദ്രാന്തര ലബോറട്ടറി പരിഷ്‌കരിച്ചാണ് ഷൂൾസ് അണ്ടർ സീ ലോഡ്ജ് സ്ഥാപിച്ചത്.

സമുദ്രാന്തര താമസയിടം 30 വർഷത്തിലേറെയായി പ്രവർത്തനത്തിലുണ്ട്. പതിനായിരത്തോളമാളുകൾ ഇവിടെ താമസിച്ചിട്ടുമുണ്ട്. പക്ഷെ ഇവയിൽ പലതും വളരെ ദൈർഘ്യം കുറഞ്ഞ താമസങ്ങളായിരുന്നു. ഡിറ്റൂരിയെപ്പോലെ നീണ്ട നാൾ താമസിച്ചവർ കുറവാണ്. ഇതിനുമുൻപ് ഇങ്ങനെ താമസിച്ചിരുന്നവരിൽ 2 പേർ 73 ദിവസമാണ് പൂർത്തിയാക്കിയത്. ഈ റെക്കോർഡാണ് പ്രൊഫസർ ഇപ്പോൾ മറികടന്നിരിക്കുന്നത്.

സമുദ്രത്തിന്റെ അടിവശം പോലുള്ള ദുഷ്‌കരമായ പരിതസ്ഥിതികൾ മനുഷ്യരുടെ ശരീരത്തിലുണ്ടാക്കുന്ന മാറ്റങ്ങൾ പഠിക്കാനുള്ള പ്രോജക്ട് നെപ്ട്യൂൺ പദ്ധതിയുടെ ഭാഗമായാണ് ഡിറ്റൂരി ഇവിടെയെത്തിയത്. സമുദ്രത്തിനടിയിൽ 100 ദിവസം താമസിക്കാനാണ് ഡിറ്റൂരിയുടെ പദ്ധതി. അദ്ദേഹത്തിന്റെ ശരീരത്തിൽ നിരന്തരമായ പരീക്ഷണങ്ങൾ മറ്റു ശാസ്ത്രജ്ഞർ നടത്തുന്നുണ്ട്. കടലിനടിയിൽ നിന്ന് സാംപിളുകൾ ശേഖരിച്ചാണ് ഇതു നടത്തുന്നത്.

Story Highlights :

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here