‘ക്ലാസിക് ഹെൻറിച്ച് ക്ലാസൻ’, ഹൈദരാബാദിനെതിരെ ബാംഗ്ലൂരിന് 187 റൺസ് വിജയലക്ഷ്യം

ഐപിഎൽ ജീവൻ മരണ പോരാട്ടത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് 187 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത സൺറൈസേഴ്‌സ് നിശ്ചിത ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 186 റൺസ് നേടി. സൺറൈസേഴ്സിനായി ദക്ഷിണാഫ്രിക്കൻ താരം ഹെൻറിച്ച് ക്ലാസൻ വെടിക്കെട്ട് ബാറ്റിങ്ങാണ് കാഴ്ചവച്ചത്. 51 പന്തിൽ 8 ഫോറും 6 സിക്സും ഉൾപ്പെടെ 104 റൺസാണ് താരം നേടിയത്.
ടോസ് നേടിയ ആർസിബി ആദ്യം ബൗൾ ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. ഹൈദരാബാദ് തുടക്കം മോശമായിരുന്നു. ടീം സ്കോർ 21-ൽ നിൽക്കേ സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ ആദ്യ വിക്കറ്റ് വീണു. 14 പന്തിൽ 11 റൺസെടുത്ത അഭിഷേക് ശർയെ മൈക്കൽ ബ്രേസ്‌വെൽ പവലിയനിലേക്ക് അയച്ചു. തൊട്ട് പിന്നാലെ രാഹുൽ ത്രിപാഠിയും പുറത്ത്. ക്യാപ്റ്റൻ എയ്ഡൻ മാർക്രമും ഹെൻറിച്ച് ക്ലാസനും ചേർന്ന് മൂന്നാം വിക്കറ്റിൽ 76 റൺസിന്റെ സുപ്രധാന കൂട്ടുകെട്ട് പങ്കിട്ടു. എയ്ഡൻ മാർക്രം 18 റൺസ് നേടി പവലിയനിലേക്ക് മടങ്ങി.
49-ാം പന്തില്‍ ഹര്‍ഷല്‍ പട്ടേലിന്റെ പന്തില്‍ സിക്സര്‍ പായിച്ച് ക്ലാസന്‍ മൂന്നക്കം കടന്നു. എന്നാല്‍ സെഞ്ച്വറിക്ക് പിന്നാലെ ക്ലാസനെ ബൗള്‍ഡാക്കി ഹര്‍ഷല്‍ കടം വീട്ടുകയും ചെയ്തു. ഹൈദരാബാദ് ഇന്നിങ്സിലെ 51 പന്തുകള്‍ നേരിട്ട ക്ലാസന്‍ 104 റണ്‍സെടുത്താണ് കളം വിട്ടത്. 19 പന്തില്‍ 27 റണ്‍സെടുത്ത ബ്രൂക്കും അഞ്ച് റണ്‍സെടുത്ത ഗ്ലെന്‍ ഫിലിപ്സും ചേര്‍ന്ന് ഹൈദരാബാദിന്റെ സ്കോര്‍ 186-ലെത്തിച്ചു. ബാംഗ്ലൂരിനായി മൈക്കല്‍ ബ്രേസ്വല്‍ രണ്ടും ഷെഹബാസ് അഹമ്മദ്, ഹര്‍ഷല്‍ പട്ടേല്‍, മുഹമ്മദ് സിറാജ് എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.
Story Highlights: Heinrich Klaasen’s Century Powers SRH To 186/5 vs RCB
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here