‘നിങ്ങളൊരു ഗംഭീര കക്ഷിയാണ്, കുറേ കുറേ സ്നേഹം’; പരാതിക്കാരിക്ക് പിന്തുണയുമായെത്തിയ കെഎസ്ആർടിസി കണ്ടക്റ്ററെ അഭിനന്ദിച്ച് സജിത മടത്തിൽ

കെ എസ് ആർ ടി സി ബസിലെ യാത്രക്കാരിയോട് യുവാവ് മോശമായി പെരുമാറിയ സംഭവത്തിൽ യുവതിക്ക് സഹായവുമായെത്തിയ കണ്ടക്ടറെ അഭിനന്ദിച്ച് നടി സജിത മടത്തിൽ. കെ.എസ്.ആർ.ടി.സി ബസ്സ് ജീവനക്കാരന് ഒരു ബിഗ് സെല്യൂട്ട് കൊടുക്കുകയാണെന്നും നിങ്ങളൊരു ഗംഭീര കക്ഷിയാണെന്നും സജിത മടത്തിൽ ഫെയ്സ്ബുക്കിൽ കുറിച്ചു.
ഒരു പെൺകുട്ടി തനിക്കു നേരിട്ട മോശപ്പെട്ട അനുഭവത്തിനെതിരെ പ്രതികരിക്കുമ്പോൾ പലപ്പോഴും കൂടെ നിൽക്കാത്തവരാണ് കുടുബാംഗങ്ങൾ പോലും. അപ്പോഴാണ് ഒരു ബസ്സിൽ വെച്ച് പരാതിയുണ്ടോ എന്നു ചോദിച്ച് പരാതിക്കാരിക്കൊപ്പം നിന്ന് ആ വഷളനെ പിടിച്ചു കെട്ടി പോലീസിലേൽപ്പിച്ച ഒരു കെ.എസ്.ആർ. ടി സി ബസ്സ് ജീവനക്കാരനെ കാണുന്നത്!. നിങ്ങളൊരു ഗംഭീര കക്ഷിയാണ്, കുറേ കുറേ സ്നേഹം. സജിത മടത്തിൽ ഫെയ്സ്ബുക്കിൽ കുറിച്ചു.
സംഭവത്തിൽ യുവാവിനെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സഹയാത്രികനായ കോഴിക്കോട് സ്വദേശി സവാദിനെതിരെയാണ് നെടുമ്പാശേരി പൊലീസ് കേസെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കഴിഞ്ഞ ദിവസം അങ്കമാലിയിൽ വെച്ചാണ് ചലച്ചിത്രതാരവും മോഡലുമായ യുവതിക്ക് ദുരനുഭവമുണ്ടായത്.
തൃശൂരിൽ നിന്നും എറണാകുളത്തേക്ക് ഷൂട്ടിംഗിനായി പുറപ്പെട്ടപ്പോഴാണ് തനിക്ക് സഹയാത്രികൻറെ അടുത്ത് നിന്നും മോശമായ പെരുമാറ്റം ഉണ്ടായതെന്ന് യുവനടി തൻറെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ പറയുന്നു.
ചൊവ്വാഴ്ച ഉച്ചയോടെ സംഭവം. അങ്കമാലിയിൽ നിന്നുമാണ് യുവാവ് ബസിൽ കയറുന്നത്. തൻറെ അടുത്തായി വന്നിരുന്നു, അപ്പുറത്ത് മറ്റൊരു യാത്രക്കാരിയുണ്ടായിരുന്നു. ബസിൽ കയറിയതുമുതൽ ഇയാൾ ഒരു കൈകൊണ്ട് ശരീരത്ത് ഉരസാൻ തുടങ്ങി. കുറച്ച് കഴിഞ്ഞതോടെ പാൻറിൻറെ സിബ്ബ് തുറന്ന് നഗ്നത പ്രദർശിപ്പിക്കുയും സ്വയം ഭോഗം ചെയ്യുകയും ചെയ്തു. ഇത് ശ്രദ്ധയിൽ പെട്ടതോടെ യുവാവറിയാതെ മൊബൈലിൽ വിഡിയോ എടുത്ത് ചോദ്യം ചെയ്തുവെന്ന് യുവതി പറയുന്നു.
Read Also: കെഎസ്ആര്‍ടിസി ബസിൽ യുവതിക്ക് നേരെ നഗ്നത പ്രദർശനം; വിഡിയോ എടുത്ത് യുവാവിനെ കുടുക്കി പെൺകുട്ടി
പ്രതികരണത്തിൽ പകച്ച യുവാവ് താനൊന്നും ചെയ്തില്ലെന്ന് പറഞ്ഞ് സീറ്റിൽ നിന്നും എഴുന്നേറ്റു. താൻ സീറ്റിൽ നിന്നെഴുന്നേറ്റ് ഒച്ച വച്ചപ്പോൾ ഇയാൾ ബസിൽ നിന്നും പുറത്തിറങ്ങാൻ ശ്രമിച്ചു. ഇതോടെ കെഎസ്ആർടിസി ബസിലെ കണ്ടക്ടർ തനിക്ക് പിന്തുണയുമായി വന്നുവെന്ന് യുവതി പറയുന്നു. ബസ് നിർത്തേണ്ടെന്നും വാതിൽ തുറക്കരുതെന്നും ഡ്രൈവറോട് പറഞ്ഞു. ഇതിനിടെ യുവതി പറഞ്ഞത് സത്യമാണെന്ന് കണ്ടതോടെ യാത്രക്കാരും പിന്തുണയുമായെത്തി. ഇതിനിടെ ബസ് നിർത്തിയതോടെ യുവാവ് ചാടി പുറത്തിറങ്ങി, കൂടെ ഇറങ്ങി കണ്ടക്ടർ ഇയാളെ പിടിച്ചുവെച്ചു. ബലംപിടുത്തത്തിലൂടെ കണ്ടക്ടറെ തള്ളിമാറ്റി യുവാവ് ഓടി രക്ഷപ്പെടാൻ ശ്രമിച്ചു.
ഇതോടെ പിന്നാലെ കൂടിയ കണ്ടക്ടറും യാത്രക്കാരും ഇയാളെ പിടികൂടി പൊലീസിലേൽപ്പിക്കുകയായിരുന്നു. ആ സമയത്ത് തനിക്ക് പ്രതികരിക്കാൻ തോന്നിയതിൽ സന്തോഷമുണ്ടെന്നും തന്നെ സഹായിച്ച ബസ് ജീവനക്കാർക്കും സഹയാത്രികർക്കും നന്ദി രേഖപ്പെടുത്തുന്നുവെന്നും യുവതി വീഡിയോയിൽ പറഞ്ഞു. ബസിൽ ഒരു നിയമവിദ്യാർഥിനി ഉണ്ടായിരുന്നു. അവർ എന്നോടൊപ്പം അവസാനം വരെ നിന്നു. അവർക്ക് ഞാൻ നന്ദിപറയുന്നു. ഞങ്ങൾ പൊലീസ് സ്റ്റേഷനിൽ പോയി പരാതി കൊടുത്തു. ബസിലെ കണ്ടക്ടർ വലിയ സഹായമാണ് ചെയ്തത്. ഡ്രൈവർ ഉൾപ്പടെ ബസിൽ ഉണ്ടായിരുന്നവരും നെടുമ്പാശേരി പൊലീസ് സ്റ്റേഷനിൽ ഉള്ളവരും നന്നായി സഹായിച്ചു. എല്ലാവരോടും നന്ദിയുണ്ട്. ഇനി അവൻ സിബ്ബ് തുറക്കാൻ പേടിക്കണം’-യുവതി പറയുന്നു.
Story Highlights: sexual harassment in ksrtc bus Sajitha Madathil FB POST
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here