വീണ്ടും അച്ഛനാകാനൊരുങ്ങി ബോറിസ് ജോൺസൺ; വരുന്നത് എട്ടാമത്തെ കുട്ടി

വീണ്ടും അച്ഛനാകാനൊരുങ്ങി ബോറിസ് ജോൺസൺ. എട്ടാമത്തെ കുട്ടിയുടെ അച്ഛനാകാനുള്ള തയാറെടുപ്പിലാണ് ബ്രിട്ടീഷ് മുൻ പ്രധാനമന്ത്രി. ബോറിസ് ജോൺസന്റെ ഭാര്യ കാരി ജോൺസൺ ആണ് ഇക്കാര്യം അറിയിച്ചത്. തങ്ങളുടെ മൂന്നാമത്തെ കുഞ്ഞിനെ ഗർഭം ധരിച്ചിരിക്കുകയാണെന്നും കുഞ്ഞതിഥി ഉടൻ എത്തുമെന്നുമാണ് കാരി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്.
”പുതിയ അതിഥി വരുന്നു. ഏതാനും ആഴ്ചകൾ കൂടി കഴിഞ്ഞാൽ ആളിങ്ങെത്തും.എട്ടുമാസമായി കഠിനമായ ക്ഷീണമാണ് അനുഭവിച്ചത്. എന്നാൽ ഈ കുഞ്ഞതിഥിയെ അധിക കാലം കാത്തിരിക്കാനാവില്ല. ഒരിക്കൽ കൂടി വല്യേട്ടനാകുന്നതിന്റെ സന്തോഷത്തിലാണ് വിൽഫ്. എന്താണ് സംഭവിക്കുന്നതെന്ന് റോമിക്ക് ഇപ്പോഴും പിടികിട്ടിയിട്ടില്ല. ”-എന്നാണ് കാരി കുറിച്ചത്. തന്റെ രണ്ടുമക്കളുടെയും കൈ പിടിച്ചുകൊണ്ടുള്ള ചിത്രവും കാരി പങ്കുവെച്ചിട്ടുണ്ട്.
ബോറിസ് ജോൺസണ് മുൻ ഭാര്യ മരീന വീലറുമായുള്ള ബന്ധത്തിൽ നാലു കുട്ടികളുണ്ട്. കാമുകിയായിരുന്ന ഹെലൻ മസൈൻതിറുമായുള്ള ബന്ധത്തിൽ ഒരു കുട്ടിയുമുണ്ട്. ആദ്യ ഭാര്യ അലഗ്രാ മോസ്തിൻ ഓവനിൽ മക്കളില്ല.
2021ലാണ് 35 കാരിയായി കാരിയും 58കാരനായ ബോറിസ്ജോൺസണും വിവാഹിതരായത്. ബോറിസ് ജോൺസന്റെ മൂന്നാംവിവാഹമാണിത്. ഇവർക്ക് രണ്ടു കുട്ടികളാണുള്ളത്. മൂന്നുവയസുള്ള വിൽഫും രണ്ടു വയസുള്ള റോമിയും. 2020 ഏപ്രിലിലാണ് വിൽഫ് ജനിച്ചത്. 2021ഡിസംബറിൽ റോമിയും എത്തി. പുതിയ അതിഥിയുടെ വരവോടനുബന്ധിച്ച് ബോറിസ് ജോൺസൺ 38 ലക്ഷം പൗണ്ട് വില വരുന്ന ഒമ്പത് കിടപ്പ് മുറികളുള്ള ബംഗ്ലാവ് വാങ്ങിയിരുന്നു.
Story Highlights: Boris Johnson Set To Become A Father For The Eighth Time At 58
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here