പുതിയ പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യേണ്ടത് പ്രധാനമന്ത്രിയല്ല, രാഷ്ട്രപതി; രാഹുല്‍

പുതിയ പാര്‍ലമെന്റ് മന്ദിരം പ്രധാനമന്ത്രിയല്ല, രാഷ്ട്രപതിയാണ് ഉദ്ഘാടനം ചെയ്യേണ്ടതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. മെയ് 28-ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പുതിയ പാർലമെന്‍റിന്‍റെ ഉദ്ഘാടനം നിര്‍വഹിക്കാനിരിക്കുന്നത്. പ്രധാനമന്ത്രി മോദിയുടെ പൊങ്ങച്ചം കാണിക്കുന്നതിനുള്ള പദ്ധതിയാണ് പുതിയ പാര്‍ലമെന്റ് മന്ദിരമെന്ന് കോണ്‍ഗ്രസ് നേരത്തെതന്നെ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഉദ്ഘാടന ചടങ്ങിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് രാഹുല്‍ഗാന്ധിയുടെ പരാമർശം.
പുതിയ പാര്‍ലമെന്റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുന്നതിനെ വിമര്‍ശിച്ച് മറ്റുപല പ്രതിപക്ഷ പാര്‍ട്ടികളുടെയും നേതാക്കള്‍ നേരത്തെതന്നെ രംഗത്തെത്തിയിരുന്നു. സഭയുടെ നാഥനല്ല, സര്‍ക്കാരിന്റെ തലവന്‍ മാത്രമാണ് പ്രധാനമന്ത്രി എന്ന വിമര്‍ശനമാണ് പ്രതിപക്ഷം പ്രധാനമായും ഉയര്‍ത്തിയത്. ലോക്‌സഭാ സ്പീക്കറോ രാജ്യസഭാ ചെയര്‍മാനോ മന്ദിരം ഉദ്ഘാടനം ചെയ്യാത്തത് എന്തുകൊണ്ടാണെന്ന് എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി ചോദിച്ചിരുന്നു.
സവര്‍ക്കറുടെ ജന്മദിനമായ മെയ് 28-ന് ഉദ്ഘാടന ചടങ്ങ് നടത്തുന്നതിനെ വിമര്‍ശിച്ച് തൃണമൂല്‍ കോണ്‍ഗ്രസും രംഗത്തെത്തിയിരുന്നു. പിന്നാലെയാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യരുതെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധിയും രംഗത്തെത്തിയത്.
Story Highlights: Rahul Gandhi says President should inaugurate new Parliament building, not PM
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here