വർക്ക് ഷോപ്പുകളിൽ നിന്ന് വാഹനങ്ങളുടെ ബാറ്ററികൾ മോഷ്ടിക്കുന്ന സംഘം പിടിയിൽ

മാന്നാറിലെ വർക്ക് ഷോപ്പുകളിൽ നിന്നും വാഹനങ്ങളുടെ ബാറ്ററികൾ മോഷ്ടിച്ചിരുന്ന മൂന്നംഗ സംഘം പൊലീസിന്റെ പിടിയിലായി. നിരണം മണപ്പുറത്ത് വീട്ടിൽ സുരാജ് (36), നാമങ്കരി വീട്ടിൽ ഷാജൻ (45) ചെമ്പിൽ വീട്ടിൽ വിനീത് തങ്കച്ചൻ (24) എന്നിവരെയാണ് പുളിക്കീഴ് പൊലീസ് പിടികൂടിയത്. ഇക്കഴിഞ്ഞ 12 ന് അർദ്ധരാത്രിയോടെ പരുമല തിക്കപ്പുഴയിലെ വർക്ക്ഷോപ്പിൽ അറ്റകുറ്റപ്പണിക്കായി എത്തിച്ച മിനിലോറിയിൽ നിന്നും ബാറ്ററി മോഷ്ടിച്ച കേസിലാണ് പ്രതികൾ പിടിയിലായത്.
മോഷണ സംഘത്തിലെ സുരാജ് ഫോണിൽ വിളിച്ച് പഴയ ബാറ്ററി വിലയ്ക്കെടുക്കുമോ എന്ന് അന്വേഷിച്ച ശേഷം മൂവർസംഘം പരുമലയിലെ ബാറ്ററി കടയിൽ എത്തിയിരുന്നു. ഇവിടെ നിന്നും ലഭിച്ച സി.സി.ടി.വി ദൃശ്യങ്ങളാണ് പ്രതികളെ കുടുക്കിയത്. മോഷ്ടിച്ച ബാറ്ററി ബുധനൂരിലെ ആക്രി കടയിൽ നിന്നും പൊലീസ് കണ്ടെടുത്തു.
പുളിക്കീഴ്, മാന്നാർ പൊലീസ് സ്റ്റേഷനുകളിൽ മോഷണം അടക്കമുള്ള നിരവധി ക്രിമിനൽ കേസുകൾ പിടിയിലായ പ്രതികൾക്കെതിരെ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. തിരുവല്ല കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Story Highlights: Vehicle battery theft; 3 people arrested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here