Advertisement

പ്രതികളുടെ വൈദ്യ പരിശോധന: പ്രോട്ടോക്കോൾ ഉടൻ നടപ്പിലാക്കണമെന്ന് ഹൈക്കോടതിയുടെ അന്ത്യശാസനം

May 24, 2023
Google News 2 minutes Read
Image of Kerala HC

പ്രതികളുടെ വൈദ്യപരിശോധനയ്ക്ക് പ്രോട്ടോക്കോൾ ഉടൻ നടപ്പിലാക്കണമെന്ന് സർക്കാരിന് ഹൈക്കോടതിയുടെ അന്ത്യശാസനം. പുതിയ പ്രോട്ടോക്കോൾ സംബന്ധിച്ച് ഡോക്ടർമാരുടെയും ജുഡീഷ്യൽ ഓഫീസർമാരുടെയും അഭിപ്രായം പരിഗണിക്കണമെന്നും കോടതി വ്യക്തമാക്കി. ഡോ വന്ദന ദാസിന്റെ മരണത്തിനു ശേഷവും ഡോക്ടർമാരും നഴ്സുമാരും ആക്രമിക്കപ്പെട്ടതായും, ഈ നില തുടർന്നാൽ ആരോഗ്യമേഖല തകരുമെന്നും ഹൈക്കോടതി വിമർശിച്ചു. Kerala HC on Implementation of Medical Examination Protocol

കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ കസ്റ്റഡിയിലെടുത്ത പ്രതികളുടെയും മറ്റും വൈദ്യ പരിശോധനയ്ക്ക് ദിവസങ്ങൾക്കകം പുതിയ മാനദണ്ഡങ്ങൾ കൊണ്ടുവരുമെന്ന് ഉന്നത പോലീസുദ്യോഗസ്ഥർ ഹൈക്കോടതിയെ അറിച്ചിരുന്നു. എന്നാൽ ഇന്ന് വീണ്ടും കേസ് പരിഗണിച്ചപ്പോൾ ഇതുവരെ പ്രോട്ടോക്കോൾ നടപ്പാക്കാത്തതിൽ ഹൈക്കോടതി അതൃപ്തി പ്രകടിപ്പിച്ചു. എന്തുകൊണ്ടാണ് പ്രോട്ടോകോളിനെപ്പറ്റി ഡോക്ടർമാരോടും, ജുഡീഷ്യൽ ഓഫീസർമാരോടും സർക്കാർ ചർച്ച ചെയ്യാത്തതെന്നും കോടതി ചോദിച്ചു. അടിയന്തരമായി പ്രോട്ടോക്കോൾ രൂപീകരിക്കേണ്ടതാണെന്ന് കോടതി സർക്കാരിന് അന്ത്യശാസനം നൽകി.

ആശുപത്രി സംരക്ഷണ നിയമ ഓർഡിനൻസ് പുറപ്പെടുവിച്ചെന്ന് സർക്കാർ അറിയിച്ചെങ്കിലും ഓർഡിനൻസിനെ കുറിച്ചല്ല തങ്ങളുടെ ആശങ്കയെന്നും പുതിയ പ്രോട്ടോകോൾ നടപ്പിലാക്കുന്നതിൽ വിട്ടു വീഴ്ച്ച പാടില്ലെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉൾപ്പെട്ട ഡിവിഷൻ ബഞ്ച് വ്യക്തമാക്കി. പ്രോട്ടോകോൾ സംബന്ധിച്ച് ഡോക്ടർമാർ, ജുഡീഷ്യൽ ഓഫീസർമാർ എന്നിവരുടെ അഭിപ്രായങ്ങളും പരിഗണിക്കണമെന്നും കോടതി പറഞ്ഞു. ഡോ വന്ദനയുടെ മരണത്തിനു ശേഷവും ഡോക്ടർമാരും നേഴ്സുമാരും ആക്രമിക്കപ്പെട്ടതായും നേരത്തെ എടുത്ത കേസുകളിൽ കർശന നടപടി വേണമെന്നും കോടതി ഓർമ്മിപ്പിച്ചു.

ഈ നില തുടർന്നാൽ ആരോഗ്യ മേഖല തകരും. ഇപ്പോൾ നടക്കുന്നത് കാട്ടുനീതിയാണെന്നും ഡിവിഷൻ ബഞ്ച് വിമർശിച്ചു. പ്രോട്ടോകോൾ രൂപീകരണം സംബന്ധിച്ച വിഷയത്തിൽ ജുഡീഷ്യൽ ഓഫീസർമാരും കെ.ജി.എം.ഒ യും നൽകിയ കക്ഷി ചേരൽ അപേക്ഷകൾ അനുവദിച്ച കോടതി കേസ് നാളത്തേക്ക് മാറ്റി. ഡോ വന്ദന ദാസിന്റെ കുടുംബത്തിന് നഷ്ടപരിഹാരമാവശ്യപ്പെട്ടുള്ള പൊതു താൽപ്പര്യ ഹർജിയിലെ നിയമപ്രശ്നങ്ങളും കോടതി ചൂണ്ടിക്കാണിച്ചു. നഷ്ടപരിഹാരം സംബന്ധിച്ച് സർക്കാരിന് തീരുമാനമെടുക്കാമെന്നും അക്കാര്യം കോടതിയെ അറിയിക്കാനും ഡിവിഷൻ ബഞ്ച് നിർദേശം നൽകിയിട്ടുണ്ട്.

Story Highlights: Kerala HC on Implementation of Medical Examination Protocol

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here