Advertisement

എ ഐ ക്യാമറകള്‍ക്ക് മുന്നില്‍ സമരം നടത്തുമെന്ന കോണ്‍ഗ്രസ് പ്രഖ്യാപനം അപഹാസ്യം: സിപിഐഎം

May 26, 2023
Google News 3 minutes Read
cpim criticizes congress protest in front of ai cameras

എ ഐ ക്യാമറകള്‍ക്ക് മുന്നില്‍ സമരം നടത്തുമെന്ന കോണ്‍ഗ്രസ് പ്രഖ്യാപനം അപഹാസ്യമാണെന്ന് സിപിഐഎം. ഒരു ജനസമൂഹത്തെ മുന്നോട്ട് നയിക്കാന്‍ സര്‍ക്കാര്‍ ആസൂത്രണം ചെയ്യുന്ന വികസന പ്രവര്‍ത്തനങ്ങള്‍ക്കെതിരെ മാത്രമല്ല, നടപ്പാക്കിയ പദ്ധതികളും പൊളിക്കുമെന്ന നിലപാടിലാണ് കോണ്‍ഗ്രസെന്ന് സിപിഐഎം കുറ്റപ്പെടുത്തി. ഇത് എത്രമാത്രം വിപത്കരമാണെന്ന് ഏവരും ആലോചിക്കണം. ശാസ്ത്ര സാങ്കേതിക രംഗത്തെ പുരോഗതി കൂടി ഉപയോഗപ്പെടുത്തി ജനങ്ങള്‍ക്ക് ക്ഷേമവും, വികസനവും ഉറപ്പുവരുത്താനാണ് സംസ്ഥാന സര്‍ക്കാര്‍ പരിശ്രമിച്ചുകൊണ്ടിരിക്കുന്നത്. അത് തടയുകയെന്ന ഗൂഢ ലക്ഷ്യമാണ് ഇതിന് പിന്നിലുള്ളതെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ അറിയിച്ചു. (cpim criticizes congress protest in front of ai cameras)

റോഡപകടങ്ങളില്‍ ജീവന്‍ പൊലിയുന്നത് ഒഴിവാക്കാനും, അപകടങ്ങള്‍ പരമാവധി കുറയ്ക്കുന്നതിനും കോടതിയുടെ നിര്‍ദ്ദേശമുള്‍പ്പടെയുള്ളവ പരിഗണിച്ചുകൊണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ പ്രധാന റോഡുകളിലും, ജംഗ്ഷനുകളിലും ആധുനിക സംവിധാനമുള്ള ക്യാമറകള്‍ സ്ഥാപിച്ചതെന്ന് സിപിഐഎം വിശദീകരിക്കുന്നു. ഇത് സ്ഥാപിച്ച് ദിവസങ്ങള്‍ക്കകം തന്നെ വിജയകരമാണെന്ന് തെളിയിക്കും വിധം നിയമലംഘനങ്ങള്‍ കുറഞ്ഞു. ക്യാമറകള്‍ സ്ഥാപിക്കുന്നതുവരെ 2.13 ശതമാനമായിരുന്ന നിയമലംഘനങ്ങള്‍ പിന്നീടുള്ള ദിവസങ്ങളില്‍ 1.41 ആയെന്നാണ് വാര്‍ത്തകള്‍ വന്നത്. ഏപ്രില്‍ 20 നാണ് എ.ഐ കാമറ സംവിധാനം സംസ്ഥാനത്ത് പ്രവര്‍ത്തനം ആരംഭിച്ചത്. ഏപ്രില്‍ 17ന് 4,50,552 വാഹനങ്ങള്‍ വിവിധ നിയമലംഘനം നടത്തിയെങ്കില്‍ കഴിഞ്ഞ 24ന് ഇത് 2,72,540 ആയി കുറഞ്ഞെന്നും റിപ്പോര്‍ട്ടുകള്‍ വന്നു. പിഴ കൂടി ഈടാക്കി തുടങ്ങുന്നതോടെ നിയമലംഘനങ്ങളുടെ എണ്ണം ഒരു ലക്ഷത്തില്‍ താഴെയാകുമെന്നും സിപിഐഎം പ്രസ്താവനയിലുണ്ട്.

Read Also: സംസ്ഥാനത്തെ ആദ്യ സൗജന്യ വൈഫൈ സ്ട്രീറ്റ് കൊച്ചിയിൽ; ഹൈബി ഈഡൻ

വാഹനസാന്ദ്രത വര്‍ധിച്ചുവരുന്ന സംസ്ഥാനത്ത് അപകടങ്ങള്‍ കുറയ്ക്കാന്‍ കര്‍ശനമായി നിയമം നടപ്പാക്കിയേ മതിയാവൂ എന്ന് സിപിഐഎം വ്യക്തമാക്കി. ജനങ്ങളുടെ ജീവിതത്തിന് സംരക്ഷണം നല്‍കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. ഇല്ലാത്ത ആരോപണങ്ങളുടെ പേരില്‍ അത് തടയാന്‍ ശ്രമിച്ചാല്‍ അത് ജനങ്ങള്‍ തിരിച്ചറിയും എന്ന് സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

Story Highlights: cpim criticizes congress protest in front of ai cameras

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here