പ്രവീണ്‍ റാണയെ കുന്നംകുളത്തെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി പൊലീസ്; തനിക്കെതിരെ ഗൂഢാലോചന നടന്നെന്ന് റാണ

നിക്ഷേപത്തട്ടിപ്പ് നടത്തിയ കേസിലെ മുഖ്യപ്രതി സേഫ് ആന്‍ഡ് സ്‌ട്രോങ്ങ് നിധി കമ്പനി ചെയര്‍മാന്‍ വെളുത്തൂര്‍ കൈപ്പിള്ളി വീട്ടില്‍ പ്രവീണ്‍ റാണയെ കുന്നംകുളം പോലീസ് കുന്നംകുളത്ത് എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. കുന്നംകുളത്ത് രജിസ്റ്റര്‍ ചെയ്ത ആറ് കേസുകളുടെ അന്വേഷണത്തിന്റെ ഭാഗമായാണ് പ്രവീണ്‍ റാണയെ കുന്നംകുളത്തെത്തിച്ച് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ റാണയെ കേസന്വേഷണത്തിന്റെ ഭാഗമായി മൂന്ന് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വാങ്ങി. (Praveen Rana arrested at Kunnamkulam)
കുന്നംകുളം തൃശ്ശൂര്‍ റോഡിലെ സേഫ് ആന്‍ഡ് സ്‌ട്രോങ്ങ് എന്ന സ്ഥാപനത്തിലും പണം നിക്ഷേപിച്ച സ്ഥലങ്ങളിലും പ്രതിയുമായി കുന്നംകുളം പോലീസ് തെളിവെടുപ്പ് നടത്തും. അതേസമയം സ്ഥാപിത താല്പര്യക്കാരുടെ ഗൂഢാലോചനയുടെ ഭാഗമാണ് താന്‍ പ്രതിസന്ധി നേരിടേണ്ടിവന്നതെന്ന് പ്രവീണ്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കമ്പനിയില്‍ ഫ്രാഞ്ചൈസി നല്‍കാമെന്ന് പറഞ്ഞ് വഞ്ചിച്ചതായി പീച്ചി ചുവന്നമണ്ണ് സ്വദേശിനി പുതുശേരി വീട്ടില്‍ ഹണി റോസ് നല്‍കിയ പരാതിയില്‍ തൃശൂര്‍ ഈസ്റ്റ് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് നിരവധി തട്ടിപ്പുകള്‍ പുറത്തായത്. സിറ്റി പൊലീസ് കമീഷണര്‍ അങ്കിത് അശോകന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷകസംഘം പൊള്ളാച്ചിയിലെ ഒളിസങ്കേതത്തില്‍നിന്നാണ് ഇയാളെ പിടികൂടിയത്.
11 സ്ഥാപനങ്ങളുടെ ബ്രാഞ്ചുകള്‍വഴിയായിരുന്നു തട്ടിപ്പ്. ഇയാള്‍ ഉപയോഗിച്ചിരുന്ന ഏഴു വാഹനങ്ങളും 17 ലാപ്‌ടോപ്പുകള്‍, എട്ട് ഹാര്‍ഡ് ഡിസ്‌ക്, വിവിധ ഇടങ്ങളില്‍നിന്ന് നിരവധി രേഖകളും പൊലീസ് പിടിച്ചെടുത്തിരുന്നു. അക്കൗണ്ടുകള്‍ മരവിപ്പിച്ചു. പ്രവീണ്‍ റാണയ്‌ക്കെതിരെ വിവിധ സ്‌റ്റേഷനുകളിലായി നിരവധി കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇയാള്‍ നൂറുകോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയതായി പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
കുന്നംകുളം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ യുകെ ഷാജഹാന്‍, അഡിഷണല്‍ സബ് ഇന്‍സ്‌പെക്ടര്‍ പ്രേംജിത്ത് സിവില്‍ പോലീസ് ഓഫീസര്‍ ഗിരീഷന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ കസ്റ്റഡിയില്‍ വാങ്ങിയത്.
Story Highlights: Praveen Rana arrested at Kunnamkulam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here