പ്രവീൺ റാണയുമായി അടുത്ത ബന്ധമുള്ള പൊലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു

പ്രവീൺ റാണയുമായി ബന്ധമുള്ള പൊലീസ് ഉദ്യോഗസ്ഥനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. റൂറൽ പൊലീസ് പിആർഒ ആയിരുന്ന സാൻറോ അന്തിക്കാടിനെയാണ് സസ്പെൻഡ് ചെയ്തത്. പ്രവീൺ റാണ നിർമ്മിച്ച ചോരൻ എന്ന ചിത്രത്തിൻറെ സംവിധായകൻ ആയിരുന്നു ഇയാൾ. തൃശൂർ റേഞ്ച് ഡിഐജിയുടേതാണ് നടപടി. ( Relationship with Parveen Rana police officer Suspended ).
പ്രവീൺ റാണ നായകനായി അഭിനയിച്ച ചിത്രമായിരുന്നു ചോരൻ. ഡിസംബറിലാണ് ഈ ചിത്രം റിലീസ് ചെയ്തത്. അനുമതിയില്ലാതെ സിനിമ സംവിധാനം ചെയ്തതിനാണ് നടപടി. എഎസ്ഐ തസ്തികയിലാണ് സാൻറോ അന്തിക്കാട് ജോലി ചെയ്തിരുന്നത്. പ്രവീൺ റാണയ്ക്കെതിരെ കേസ് എടുത്തതിന് പിന്നാലെ സാൻറോയെ വലപ്പാട് സ്റ്റേഷനിലേക്ക് സ്ഥലം മാറ്റിയിരുന്നു. വകുപ്പ് തല അന്വേഷണത്തെ തുടർന്നാണ് നിലവിലെ നടപടി.
പ്രവീൺ റാണക്കെതിരെ ചാവക്കാട് പൊലീസ് സ്റ്റേഷനിൽ ഇതുവരെ ലഭിച്ചത് രണ്ടു പരാതികളാണ്. ഈ രണ്ടു പരാതികളിൽ പൊലീസ് കേസുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്തിട്ടുണ്ട്. പാലയൂർ സ്വദേശികളാണ് പരാതിക്കാർ. കൂടുതൽ പേർ തട്ടിപ്പിന് ഇരയായിയായിട്ടുണ്ടെന്നാണ് സൂചന.
Read Also: കൂടുതൽ പേർ തട്ടിപ്പിന് ഇരയായി; പ്രവീൺ റാണക്കെതിരെ വീണ്ടും പരാതി
ഇതിനിടെ സേഫ് ആന്റ് സ്ട്രോങ്ങ് തട്ടിപ്പിൽ പ്രതികരണവുമായി ജീവനക്കാർ രംഗത്തുവന്നിരുന്നു. തങ്ങൾ ആത്മഹത്യയുടെ വക്കിലെന്ന് ജീവനക്കാർ പറഞ്ഞു. റാണയുടെ വീട്ടുകാരെയും, അടുത്ത ജീവനക്കാരെയും ചോദ്യം ചെയ്താൽ നഷ്ടപ്പെട്ട പണം കണ്ടെത്താനാകും. പണം ധൂർത്തടിച്ചു എന്ന പ്രവീണ് റാണയുടെ വാക്കുകൾ കള്ളമാണെന്ന് ജീവനക്കാർ ആരോപിച്ചു. ഡയറക്ടർ ബോർഡിലുള്ള മനീഷ് ഉൾപ്പെടെ ഉള്ളക്കർക്ക് തട്ടിപ്പിനെ കുറിച്ച് അറിയാമെന്നും സേഫ് ആന്റ് സ്ട്രോങ്ങ് കമ്പനി ജീവനക്കാർ ട്വന്റിഫോറിനോട് പ്രതികരിച്ചു.
സേഫ് ആൻഡ് സ്ട്രോങ് നിക്ഷേപ തട്ടിപ്പ് കേസിൽ താൻ നിരപരാധിയെന്ന് ആവർത്തിക്കുകയാണ് പ്രതി പ്രവീൺ റാണ. യഥാർഥ കള്ളൻമാർ പുറത്തുവരുമെന്നും റോയൽ ഇന്ത്യ പീപ്പിൾസ് പാർട്ടി സിന്ദാബാദ് എന്നും ജയിലിനുള്ളിലേക്ക് പ്രവേശിക്കും മുൻപ് റാണ പറഞ്ഞു.
തൃശൂർ സ്വദേശി ഹണി തോമസിന്റെ പരാതിയിലായിരുന്നു റാണയെ പൊലീസ് അറസ്റ്റ് ചെയ്തത്. ഒളിവിൽ കഴിയവെ ബുധനാഴ്ചയായിരുന്നു പ്രവീൺ റാണയെ പൊലീസ് പിടികൂടിയത്. തന്റെ കൈവശം പണമൊന്നുമില്ലെന്നാണ് പ്രവീൺ റാണ പൊലീസിന് മൊഴി നൽകിയത്. അക്കൗണ്ട് കാലിയാണെന്നാണ് അവകാശവാദം. എന്നാൽ പിടിയിലാകുന്നതിന് മുമ്പ് പണം ബിനാമി അക്കൗണ്ടുകളിലേക്ക് മാറ്റിയെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്. സുഹൃത്തിന് 16 കോടി കടം കൊടുത്തിട്ടുണ്ടെന്നും മൊഴിയിൽ പറയുന്നുണ്ട്.
Story Highlights: Relationship with Parveen Rana police officer Suspended
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here