Advertisement

സംസ്ഥാനത്തെ ആദ്യ സൗജന്യ വൈഫൈ സ്ട്രീറ്റ് കൊച്ചിയിൽ; ഹൈബി ഈഡൻ

May 26, 2023
3 minutes Read
queens-walkway-to-be-keralas-first-free-wifi-street

സംസ്ഥാനത്തെ ആദ്യ സൗജന്യ വൈഫൈ സ്ട്രീറ്റെന്ന ബഹുമതി കൊച്ചി ക്യൂന്‍സ് വാക്ക് വേയ്ക്ക് സ്വന്തം. ഹൈബി ഈഡന്‍ എംപിയുടെ പ്രാദേശിക ഫണ്ടില്‍ നിന്ന് മുപ്പത് ലക്ഷത്തിലേറെ രൂപ ചെലവിട്ടാണ് പദ്ധതി പൂര്‍ത്തിയാക്കിയത്. ശശി തരൂര്‍ എംപി ഉദ്ഘാടനം ചെയ്തു. എം പി ഫണ്ടിൽ നിന്നും 31.86 ലക്ഷം രൂപയാണ് പദ്ധതിക്കായി ചിലവഴിച്ചതെന്ന് ഹൈബി ഈഡൻ ഫേസ്ബുക്കിൽ കുറിച്ചു.(Queens Walkway to be Keralas First Free Wifi Street)

ഗോശ്രീ ചാത്യാത്ത് റോഡിലെ വാക് വേയുടെ 1.8 കിലോമീറ്റർ പരിധിയിലാണ് സൗജന്യ വൈഫൈ സേവനം. മൊബൈൽ നമ്പർ ഉപയോഗിച്ച് രജിസ്റ്റർ ചെയ്താല്‍ തുടർച്ചയായി അരമണിക്കൂർ സൗജന്യ വൈഫൈ ലഭിക്കും. 50 MBPS വേഗമുള്ള ഇന്റർനെറ്റാണ് ബിഎസ്എന്‍എല്‍ നല്‍കുന്നത്.

Read Also: തീപിടുത്തം സർക്കാരിന്റെ സ്ഥിരം പരിപാടി; രേഖകൾ നശിപ്പിക്കാനുള്ള തന്ത്രമെന്ന് വി ഡി സതീശൻ

സൗജന്യ വൈഫൈ പോലെയുള്ള നൂതന പദ്ധതികള്‍ യാഥാര്‍ഥ്യമാകാന്‍ നിയമസഭയിലും ലോകസഭയിലും യുവാക്കളുടെ പ്രാതിനിധ്യം വര്‍ധിക്കണമെന്ന് ശശി തരൂര്‍ കായല്‍ കാറ്റേറ്റ് വിശ്രമിക്കാന്‍ എത്തുന്നവര്‍ക്ക് പുറമെ ജോലി ചെയ്യാനും പഠിക്കാനുമെല്ലാം വാക്ക് വേയിലെ വൈഫൈ പ്രയോജനപ്പെടുത്താം. കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് നിര്‍മിച്ച പൊതു ശുചിമുറിയും ശശി തരൂര്‍ എംപി ഉദ്ഘാടനം ചെയ്തു.

ഹൈബി ഈഡൻ ഫേസ്ബുക്കിൽ കുറിച്ചത്

കേരളത്തിലെ ആദ്യ സൗജന്യ വൈ ഫൈ സ്ട്രീറ്റ് ആകാൻ ഒരുങ്ങി ക്യൂൻസ് വാക്ക് വേ
കേരളത്തിലെ ആദ്യ സൗജന്യ വൈഫൈ സ്ട്രീറ്റ് ആകാൻ ഒരുങ്ങുകയാണ് എറണാകുളത്തെ പ്രധാന വിശ്രമ കേന്ദ്രങ്ങളിലൊന്നായ ക്യൂൻസ് വാക്ക് വേ. എം പി ഫണ്ടിൽ നിന്നും 31.86 ലക്ഷം രൂപയാണ് പദ്ധതിക്കായി ചിലവഴിച്ചത്. പദ്ധതിയുടെ ഉദ്ഘാടനം നാളെ( മെയ് 25) വൈകിട്ട് 6 മണിക്ക് ഡോ ശശി തരൂർ എം പി നിർവ്വഹിക്കും. വാക്ക് വേ സ്ഥാപിച്ചിരിക്കുന്ന പൊതുശുചിമുറിയുടെ ഉദ്ഘാടനവും അതോടൊപ്പം നടക്കും.ഉദ്ഘാടന ചടങ്ങിന് ശേഷം ഗന്ധർവാസ് മ്യൂസിക്കൽ ബാൻഡ് സംഘടിപ്പിക്കുന്ന സംഗീത സയാഹ്നവും ഉണ്ടായിരിക്കും.
ഗോശ്രീ ചാത്യാത്ത് റോഡിൽ 1.8 കിലോമീറ്റർ ദൈർഘ്യത്തിലാണ്‌ വൈ ഫൈ സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത്. പ്രദേശത്ത് 50 എം ബി പി എസ് വേഗതയിലുള്ള ഇന്റർനെറ്റ് ലീസ്ഡ് ലൈൻ സർക്യൂട്ട് ആണ്‌ ബി എസ് എൻ എൽ തയ്യാറാക്കിയിരിക്കുന്നത്. ഇതിന്‌ സാധാരണ ഗതിയിൽ ലഭിക്കുന്ന വ്യക്തിഗത ഇന്റർനെറ്റ് കണക്ഷനുകളെക്കാൾ വേഗത ലഭിക്കും.
വാക്ക് വേയിൽ 9 പോളുകളാണ്‌ സ്ഥാപിച്ചിട്ടുള്ളത്. 9 പോളുകളിൽ നിന്നുമായി 18 ആക്സെസ് പോയിന്റുകൾ സ്ഥാപിച്ചിട്ടുണ്ട്. ഒരു ആക്സെസ് പോയിന്റിൽ നിന്നും ഒരേ സമയം 75 ഓളം പേർക്ക് മികച്ച വൈഫൈ സൗകര്യം ലഭ്യമാകും. ഒരോ വ്യക്തികൾക്കും ഒരു ദിവസം 5 എം ബി പി എസ് സ്പീഡിൽ 30 മിറ്റിന്‌ എന്ന രീതിയിലാണ്‌ സൗജന്യ വൈഫൈ സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത്. ഉപയോഗത്തിന്റെ സാഹചര്യങ്ങൾ കണക്കിലെടുത്ത് സൗജന്യ സമയം നീട്ടി നല്കണോ എന്ന് തീരുമാനിക്കും. ഗുണഭോക്താവിന്‌ ഓരോ ദിവസവും ഒ ടി പി ബേസ്ഡ് രജിസ്ട്രേഷൻ ഉണ്ടായിരിക്കും. 3 വർഷത്തേക്ക് നടത്തിപ്പിനും പരിപാലനത്തിനുമായാണ്‌ എം പി ഫണ്ടിൽ നിന്നും ബി എസ് എൻ എല്ലിന്‌ തുക അനുവദിച്ചിരിക്കുന്നത്.
വാക്ക് വേ പരിസരത്തെ നിരന്തരമായ ആവശ്യമായിരുന്നു പൊതു ശുചി മുറി എന്നത്. കൊച്ചിൻ ഷിപ്പ്യാർഡ് ലിമിറ്റഡിന്റെ സി എസ് ആർ പിന്തുണയോടെ പൊതു ശുചിമുറിയും സ്ഥാപിച്ചിട്ടുണ്ട്. ക്രെഡായി ക്ളീൻ സിറ്റി മൂവ്മെന്റുമായി ചേർന്ന് ബെറ്റർ കൊച്ചി റെസ്പോൺസ് ഗ്രൂപ്പാണ്‌ ശുചിമുറികളുടെ നിർമ്മാണം നടത്തിയിരിക്കുന്നത്. 20 അടി നീളമുള്ള ഒരു ഷിപ്പിങ്ങ് കണ്ടെയ്നറിലാണ്‌ ശുചിമുറി സ്ഥാപിച്ചിരിക്കുന്നത്. ഉയർന്ന നിലവാരമുള്ള അലൂമിനിയം പാനലുകൾ ഉപയോഗിച്ചാണ്‌ ഇന്റീരിയർ വർക്കുകൾ പൂർത്തീകരിച്ചിട്ടുള്ളത്. വായു സഞ്ചാരത്തിനും പകൽ വെളിച്ചത്തിനുമായി റൂഫ് വെന്റിലേഷൻ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. സ്ത്രീകൾക്കും പുരുഷന്മാർക്കും ട്രാൻസ്ജെൻഡേഴ്സിനും ശാരീരിക വൈകല്യമുള്ളവർക്കും പ്രത്യേകം ശുചിമുറികൾ ഏർപ്പെടുത്തിയിട്ടുണ്ട്. ശുചിമുറികളിൽ വാഷ് ബേസിനും ഉണ്ട്. ശുചിമുറികളുടെ പരിപാലന ചുമതല ക്രെഡായി ക്ളീൻ സിറ്റി മൂവ്മെന്റിനാണ്.
വളരെ മികച്ച രീതിയിൽ നിർമ്മാണം പൂർത്തീകരിച്ച ശുചിമുറികളുടെ കുറച്ച് ചിത്രങ്ങളും ഇതോടൊപ്പം ചേർക്കുന്നുണ്ട്.

Story Highlights: Queens Walkway to be Keralas First Free Wifi Street

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top