“അവൾ എന്നെ അവഗണിച്ചു, പശ്ചാത്താപമില്ല”; 16 കാരിയെ 21 തവണ കുത്തിക്കൊന്ന പ്രതി കുറ്റം സമ്മതിച്ചു

ഡൽഹി രോഹിണിയിൽ 16 കാരിയെ 21 തവണ കുത്തുകയും പാറക്കല്ലുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ തനിക്ക് യാതൊരു പശ്ചാത്താപവുമില്ലെന്ന് പ്രതി സാഹിൽ. തനിക്ക് ഖേദമില്ലെന്നും 15 ദിവസം മുമ്പാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നും പൊലീസിന് മൊഴി നൽകി. അതേസമയം കുട്ടിയെ കുത്താൻ ഉപയോഗിച്ച കത്തി ഇതുവരെ കണ്ടെടുത്തിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് ഡല്‍ഹിയെ നടുക്കിയ അരുംകൊല നടന്നത്. രോഹിണിയിലെ ഷഹബാദില്‍ ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം. 16 കാരിയെ കാമുകനായ സാഹിൽ 21 തവണ കുത്തിയും തലക്കടിച്ചുമാണ് കൊന്നത്. ആൾക്കൂട്ടത്തിന് നടുവിലായിരുന്നു കൊലപാതകം. ആക്രമണം കണ്ട് ആളുകള്‍ കൂടിയെങ്കിലും ആരും തടഞ്ഞില്ല. ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിൽ നിന്നാണ് സഹിലിനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്യുന്നത്.
രാത്രിയിൽ നടത്തിയ ചോദ്യം ചെയ്യലിൽ തനിക്ക് ഖേദമില്ലെന്ന് പ്രതി പറഞ്ഞതായി പൊലീസ് അറിയിച്ചു. മൂന്ന് വർഷമായി തങ്ങൾ പ്രണയത്തിലാണ്. എന്നാൽ അടുത്തിടെ താനുമായുള്ള ബന്ധം അവസാനിപ്പിക്കാൻ പെൺകുട്ടി ശ്രമിച്ചു. തന്നെ അവഗണിക്കാൻ ആരംഭിച്ചെന്നും ഒരു മുൻ കാമുകനുമായി അടുപ്പമുണ്ടായിരുന്നുവെന്നും സാഹിൽ മൊഴി നൽകി. മുൻ കാമുകൻ ഒരു ഗുണ്ടയാണെന്നും പ്രതി അവകാശപ്പെട്ടു.
നിരന്തരം തന്നെ അവഗണിച്ചതാണ് പ്രകോപനത്തിന് കാരണമായതെന്നും സാഹില്‍ പൊലീസിനോട് വ്യക്തമാക്കി. പെൺകുട്ടിയെ ആക്രമിക്കുമ്പോൾ ഇയാൾ മദ്യലഹരിയിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. കൊലപാതകത്തിന് ഉപയോഗിച്ച കത്തി 15 ദിവസം മുമ്പാണ് പ്രതി സാഹിൽ വാങ്ങിയതെന്ന് പൊലീസ് വൃത്തങ്ങൾ വെളിപ്പെടുത്തി. കത്തി വാങ്ങിയ സ്ഥലം പ്രതി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഇതുവരെ കത്തി കണ്ടെടുക്കാൻ പൊലീസിന് കഴിഞ്ഞിട്ടില്ല, കത്തി കണ്ടെത്താനുള്ള തെരച്ചിൽ തുടരുകയാണ്.
Story Highlights: Delhi murder case: Sahil showed no remorse during interrogation
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here