Advertisement

19ആമത് പി. കേശവദേവ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; സാഹിത്യ പുരസ്കാരം ഡോ. ദേശമംഗലം രാമകൃഷ്ണന്

June 2, 2023
Google News 2 minutes Read
keshav dev desamangalam ramakrishnan

19ആമത് പി. കേശവദേവ് സാഹിത്യ-ഡയബസ്ക്രീൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. സാഹിത്യ പുരസ്‌കാരം കവിയും സർവകലാശാല അദ്ധ്യാപകനുമായ ഡോ. ദേശമംഗലം രാമകൃഷ്ണന് ലഭിച്ചു. അൻപതിനായിരം രൂപയും ആർട്ടിസ്റ്റ് ബി.ഡി ദത്തൻ രൂപകൽപന ചെയ്ത ശില്പവും, പ്രശസ്‌തി പത്രവും അടങ്ങുന്നതാണ് പി കേശവദേവ് സാഹിത്യ പുരസ്‌കാരം. ജൂൺ ഏഴിന് പുരസ്കാര വിതരണം നടക്കും. (keshav dev desamangalam ramakrishnan)

അഷ്ടാവക്രന്റെ വീണ്ടുവിചാരങ്ങൾ, ചിതൽ വരും കാലം, ഇന്ത്യാ ഗേറ്റ്, ഇവിടെ ഒരു വാക്കും സാന്ത്വനം ആവില്ല, എന്നെ കണ്ടുമുട്ടാനെനിക്കാവുമോ എന്നിവയാണ് ദേശമംഗലത്തിന്റെ പ്രധാന കാവ്യ ഗ്രന്ഥങ്ങൾ. കേരള സർവകലാശാലയിൽ മലയാളം പ്രൊഫസർ ആയിരുന്ന അദ്ദേഹം കാലിക്കറ്റ് സർവകലാശാലയിൽ എമറൈറ്റ്സ് പ്രൊഫസർ, മദിരാശി സർവകലാശാലയിൽ വിസിറ്റിംഗ് പ്രൊഫസർ, തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവകലാശാലയിൽ വകുപ്പ് മേധാവി തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്. കേരള സാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവന പുരസ്‌കാരം, വെണ്മണി അവാർഡ്, ചെന്നൈ ആശാൻ പ്രൈസ്, എന്നീ പുരസ്കാരങ്ങളും ഡോ. ദേശമംഗലത്തെ തേടിയെത്തിയിട്ടുണ്ട്.

ഈ വർഷത്തെ ഡയബസ്ക്രീൻ കേരള പുരസ്കാരം (മികച്ച ആരോഗ്യ വിദ്യാഭ്യാസത്തിനായി) കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ലോക പ്രശസ്ത കരൾ രോഗ വിദഗ്‌ധൻ ഡോ. സിറിയക് എബി ഫിലിപ്സിന് സമ്മാനിക്കും. ഇദ്ദേഹം “The liver Doc” എന്ന നാമധേയത്തിൽ സോഷ്യൽ മീഡിയയിലൂടെ ആരോഗ്യവിദ്യാഭ്യാസം നൽകി വരുന്നു. ശാസ്ത്രീയ അടിസ്ഥാനമില്ലാത്ത ചികിത്സ സ്വീകരിക്കുന്നതിലൂടെയും, മദ്യപാനത്തിലൂടെയും ഉണ്ടാകുന്ന ഗുരുതര കരൾ രോഗങ്ങളെപ്പറ്റി ട്വിറ്ററിലൂടെ കൊടുത്തുവരുന്ന വിദ്യാഭ്യാസത്തിനാണ് പുരസ്‌കാരം.

ശാസ്ത്രീയമായ പരീക്ഷണങ്ങൾ നടത്താതെ വിപണിയിൽ ലഭ്യമാകുന്ന ഔഷധങ്ങളെക്കുറിച്ച് പഠനം നടത്തുകയും ഇവയിൽ ഒളിഞ്ഞിരിക്കുന്ന ഗുരുതരമായ അപകടസാധ്യതകൾ പരസ്യപ്പെടുത്തുകയും ചെയ്യുന്നതിലൂടെ മികച്ച ആതുരസേവനമാണ് ഡോ. സിറിയക് നടത്തി വരുന്നത്. മികച്ച ഗവേഷണ പ്രസിദ്ധീകരണങ്ങളും ഇദ്ദേഹത്തിന്റേതായുണ്ട്.

ഹെപറ്റോളജി എക്സലൻസ് ഗോൾഡ് മെഡൽ, ക്ലിനിക്കൽ ഹെപറ്റോളജി പ്ലീനറി അവാർഡ്, യങ്ങ് ഇൻവസ്റ്റിഗേറ്റർ അവാർഡ് എന്നീ പുരസ്കാരങ്ങൾ ഡോ. സിറിയക് എബി ഫിലിപ്സ് കരസ്ഥമാക്കിയിട്ടുണ്ട്.

ജൂൺ 7-ാം തീയതി വൈകുന്നേരം 4:30 നു തിരുവനന്തപുരം മുടവന്മുകളിലുള്ള കേശവദേവ് ഹാളിൽ വച്ച് നടക്കുന്ന പി കേശവദേവ് അനുസ്മരണ സമ്മേളനത്തിൽ വച്ച് സംസ്ഥാന വിദ്യാഭ്യാസ- തൊഴിൽ വകുപ്പ് മന്ത്രി ശ്രീ വി. ശിവൻകുട്ടിയാണ് അവാർഡുകൾ സമ്മാനിക്കുക. ഉന്നത വിദ്യാഭ്യാസ മന്ത്രി ശ്രീമതി. ആർ ബിന്ദു കേശവദേവ് അനുസ്മരണ പ്രഭാഷണം നടത്തും.

Story Highlights: p keshav dev awards desamangalam ramakrishnan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here