‘ആ മെഡലുകൾ രാജ്യത്തിന്റെ അഭിമാനവും സന്തോഷവുമാണ്’; ഗുസ്തി താരങ്ങളെ പിന്തുണച്ച് 1983 ലോകകപ്പ് ചാമ്പ്യന്മാർ

ലൈംഗികാതിക്രമ പരാതിയിൽ റെസ്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ പ്രസിഡന്റ് ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിഷേധിക്കുന്ന ഗുസ്തി താരങ്ങളെ പിന്തുണച്ച് 1983 ലോകകപ്പ് ജേതാക്കളായ ഇന്ത്യൻ ക്രിക്കറ്റ് ടീം അംഗങ്ങൾ. ബിസിസിഐ പ്രസിഡന്റ് റോജർ ബിന്നി, ഇതിഹാസ താരങ്ങളായ സുനിൽ ഗവാസ്‌കർ, കപിൽ ദേവ് എന്നിവർ താരങ്ങൾക്ക് പിന്തുണയുമായി രംഗത്തെത്തി. ഗുസ്തി താരങ്ങളുടെ പരാതികൾ കേൾക്കുകയും പരിഹരിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായി മൂവരും പറഞ്ഞു.
‘രാജ്യത്തിന്റെ അഭിമാനമായ ചാമ്പ്യന്മാർ തെരുവിലൂടെ വലിച്ചിഴക്കപ്പെടുന്ന അസാധാരണമായ കാഴ്ച തങ്ങളെ അസ്വസ്ഥരാക്കുന്നു. കഠിനാധ്വാനത്തിലൂടെ നേടിയ മെഡലുകൾ ഗംഗാനദിയിലേക്ക് വലിച്ചെറിയേണ്ട സാഹചര്യം ആശങ്കാജനകമാണ്. വർഷങ്ങളുടെ പരിശ്രമം, ത്യാഗം, ദൃഢനിശ്ചയം എന്നിവ ഉൾക്കൊള്ളുന്നതാണ് ആ മെഡലുകൾ. അത് അവരുടെ മാത്രമല്ല, രാജ്യത്തിന്റെ അഭിമാനവും സന്തോഷവുമാണ്’ – 1983 ലോകകപ്പ് ജേതാക്കളായ ടീം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
വിഷയത്തിൽ തിടുക്കപ്പെട്ട് ഒരു തീരുമാനവും എടുക്കരുതെന്ന് താരങ്ങളോട് അഭ്യർത്ഥിക്കുന്നു. താരങ്ങളുടെ പരാതികൾ കേൾക്കുകയും വേഗത്തിൽ പരിഹരിക്കപ്പെടുകയും ചെയ്യുമെന്ന് തീക്ഷ്ണമായി പ്രതീക്ഷിക്കുന്നു. രാജ്യത്തെ നിയമം വിജയിക്കട്ടെ – പ്രസ്താവന വ്യക്തമാക്കുന്നു.
Story Highlights: Roger Binny Sunil Gavaskar Kapil Dev disturbed by manhandling of wrestlers
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here