ബ്ലോക്ക് പ്രസിഡന്റുമാരുടെ പ്രഖ്യാപനം: കോൺഗ്രസിൽ ഗ്രൂപ്പ് പോര്; തൃശ്ശൂരിൽ ഗ്രൂപ്പ് യോഗം

ബ്ലോക്ക് പ്രസിഡന്റുമാരെ പ്രഖ്യാപിച്ചതിനു പിന്നാലെ കോൺഗ്രസിൽ ഗ്രൂപ്പ് പോര് . വിഷയത്തിൽ ചർച്ച ചെയ്യാൻ തൃശ്ശൂരിൽ ഗ്രൂപ്പ് യോഗം ചേർന്നു. നേതൃത്വത്തിനെതിരെ പ്രതിഷേധവുമായി മുതിർന്ന നേതാവ് കെ.പി. വിശ്വനാഥൻ രംഗത്തെത്തി. പുതുക്കാട്, അളഗപ്പനഗർ ബ്ലോക്ക് പ്രസിഡന്റ് സ്ഥാനങ്ങൾ പതിറ്റാണ്ടുകൾക്ക് ശേഷം ‘ഐ’ ഗ്രൂപ്പിന് നൽകിയതിനു പിന്നാലെയാണ് കെ.പി. വിഭാഗം പ്രതിഷേധമുയർത്തിയത്. Group War in Congress on Newly appointed Block Presidents
തുടർന്ന്, കെ.പി. വിശ്വനാഥൻ്റെ നേതൃത്വത്തിൽ അളഗപ്പനഗർ കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി ഓഫീസിൽ യോഗം ചേർന്നു. പുതുക്കാട് എ ഗ്രൂപ്പിൽ നിന്നെടുത്തത് മുൻധാരണക്ക് വിരുദ്ധമായാണെന്ന് എ ഗ്രൂപ്പ് നേതാക്കൾ ആരോപിച്ചു. നേതൃത്വം തീരുമാനം തിരുത്താൻ തയ്യാറായില്ലെങ്കിൽ പാർട്ടി ബ്ലോക്ക് ഓഫീസുകൾ എ ഗ്രൂപ്പ് വിട്ടുനൽകില്ലെന്നും നേതാക്കൾ വ്യക്തമാക്കി.
ബ്ലോക്ക് പ്രസിഡന്റുമാരുടെ പട്ടിക പുറത്തുവന്നതിന് പിന്നാലെ കോൺഗ്രസിൽ പൊട്ടിത്തെറിയുണ്ടായിരുന്നു. കെ സി വേണുഗോപാൽ പക്ഷം പട്ടിക ഹൈജാക്ക് ചെയ്‌തെന്നാണ് ഗ്രൂപ്പുകളുടെ ആക്ഷേപം. ആകെ 282 ബ്ലോക്കുകളാണുള്ളത്. ഇതിൽ 230 ബ്ലോക്ക് പ്രസിഡന്റുമാരെയാണ് നിലവിൽ പ്രഖ്യാപിച്ചിരിക്കുന്നത്. മൂന്ന് ജില്ലകൾ പൂർണമായി ഒഴിച്ചിട്ടിട്ടുണ്ട്. തിരുവനന്തപുരം, മലപ്പുറം, കോട്ടയം എന്നീ മൂന്ന് ജില്ലകളെയാണ് ഒഴിച്ചിട്ടിത്. ബ്ലോക്ക് പ്രസിഡന്റുമാരുടെ പട്ടിക പുറത്തുവിടുന്നതിന് മുൻപ് കൂടിയാലോചന നടത്തിയില്ലെന്നാണ് എ, ഐ ഗ്രൂപ്പുകളുടെ പരാതി. മൂന്ന് ജില്ലകളെ ഒഴിച്ചിട്ട നടപടിയും ശരിയായില്ലെന്നാണ് ഗ്രൂപ്പുകളുടെ വിമർശനം.
മുൻ കെപിസിസി പ്രസിഡന്റുമാരായിരുന്ന രമേശ് ചെന്നിത്തല, എം എം ഹസൻ, കെ മുരളീധരൻ മുതലായ നേതാക്കളുമായി പട്ടിക തയാറാക്കുന്ന ഘട്ടത്തിൽ കൂടിയാലോചന നടത്തണമെന്ന് ചിന്തൻ ശിബിറിൽ ഉൾപ്പെടെ നിർദേശം ഉയർന്നിരുന്നു. എന്നാൽ 230 ബ്ലോക്ക് പ്രസിഡന്റുമാരെ നിശ്ചയിക്കുന്നതിൽ യാതൊരുവിധ കൂടിയാലോചനയും നേതാക്കളുമായി നടത്തിയിരുന്നില്ലെന്ന് ഗ്രൂപ്പുകൾ ആരോപിക്കുന്നു. എ, ഐ ഗ്രൂപ്പുകൾക്ക് പുറമേ ശശി തരൂർ വിഭാഗത്തിനും ഈ വിഷയത്തിൽ പരാതിയുണ്ട്. തങ്ങളുടെ അഭിപ്രായങ്ങളും പരാതികളും വിശദീകരിച്ച് ഗ്രൂപ്പുകൾ കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവറിന് കത്തയച്ചിട്ടുമുണ്ട്. എഐസിസി പ്രസിഡന്റ് മല്ലികാർജുൻ ഖർഗെയേയും സോണിയാ ഗാന്ധിയേയും നേരിട്ട് എതിർപ്പറിയിക്കാനാണ് ഗ്രൂപ്പുകളുടെ നീക്കം.
Story Highlights: Group War in Congress on Newly appointed Block Presidents
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here