‘ക്യാമറയിൽ കുടുങ്ങുക കോൺഗ്രസുകാർ മാത്രമല്ല’; എഐ ക്യാമറ സമരത്തിന് ജനപിന്തുണക്കുള്ള ആഹ്വാനവുമായി കെ. സുധാകരൻ

എഐ ക്യാമറയിൽ കുടുങ്ങുക കോൺഗ്രസുകാർ മാത്രമല്ലെന്നും കോൺഗ്രസ് സമരത്തിൽ ഇടതുപക്ഷവും ബിജെപിയും ഉൾപ്പെടയുള്ള ജനങ്ങൾ അണിചേരണമെന്നും ആഹ്വാനം ചെയ്ത് കെപിസിസി പ്രസിഡണ്ട് കെ. സുധാകരൻ. മതിയായ തയാറെടുപ്പുകളോടെ നടപ്പാക്കിയ ചതിക്കെണിയെ നിയമപോരാട്ടത്തിലൂടെ തോൽപ്പിക്കേണ്ടത് ആവശ്യമാണെന്ന് വാർത്താകുറിപ്പിലൂടെ അദ്ദേഹം വ്യക്തമാക്കി. അഴിമതിയും ജനദ്രോഹവും മുഖമുദ്രയായ എഐ ക്യാമറ പദ്ധതിയെ പ്രക്ഷോഭത്തിലൂടെയും നിയമപോരാട്ടത്തിലൂടെയും തോല്പിക്കേണ്ടത് എല്ലാവരുടെയും ആവശ്യമാണ്. മതിയായ സിഗ്നലുകളോ, തയാറെടുപ്പോ ഇല്ലാതെ നടപ്പാക്കിയ ചതിക്കെണിയിൽ കുടുങ്ങാൻ പോകുന്നത് കോൺഗ്രസുകാർ മാത്രമല്ലെന്ന് സിപിഎമ്മിന്റെയും ബിജെപിയുടെയും അണികൾ ഓർക്കണമെന്ന് സുധാകരൻ പറഞ്ഞു. K. Sudhakaran Calls for People’s Support for AI Camera Strike
മുഖ്യമന്ത്രി പിണറായി വിജയന്റെ ബന്ധുവിന് അഞ്ചുവർഷവും ശുഷ്‌കമായ ഖജനാവിലേക്ക് ആജീവനാന്തകാലവുമാണ് അഴിമതി ക്യാമറിയലൂടെ പണം എത്തുന്നത് എന്ന ആരോപണം അദ്ദേഹം ഉയർത്തി. തിങ്കളാഴ്ച പദ്ധതി നടപ്പാക്കുമ്പോൾ ഉയരുന്ന ജനരോഷം കാണാതിരിക്കാനാണ് മുഖ്യമന്ത്രി തൊട്ടടുത്ത ദിവസം തന്നെ അമേരിക്കയ്ക്ക് പോകുന്നത്. മുഖ്യമന്ത്രിയുടെ പേരിൽ അമേരിക്കയിൽ നടക്കുന്ന വമ്പിച്ച പണപ്പിരിവിനെതിരേ അവിടെയും ജനരോഷം ആളിക്കത്തുന്നുണ്ടെന്ന കാര്യം മുഖ്യമന്ത്രി വിസ്മരിക്കേണ്ട. സർക്കാരിന് നേരിട്ട് മുതൽ മുടക്കില്ലെന്ന് വാദിക്കുമ്പോഴും പദ്ധതിക്കായി കമ്പനികൾ നിക്ഷേപിച്ച തുകയുടെ പലമടങ്ങ് സാധാരണക്കാരനെ പിഴിഞ്ഞ് നൽകാമെന്ന ധാരണയിലാണ് പദ്ധതി നടപ്പാക്കുന്നത്.
Read Also: ഇരുചക്രവാഹനത്തില്‍ കുട്ടികളുമായി യാത്ര ചെയ്യാം, പിഴ ചുമത്തില്ല; ആന്റണി രാജു
പദ്ധതിയെ കണ്ണടച്ച് എതിർക്കുന്ന നിലപാട് കോൺഗ്രസിനില്ല. എന്നാൽ പദ്ധതിയിലെ കൊള്ളരുതായ്മകളെയാണ് കോൺഗ്രസ് തുറന്ന് കാട്ടുന്നതും അഴിമതിയുടെ ചുരുളുകൾ അഴിച്ച് സത്യം കണ്ടെത്താൻ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെടുന്നതും. വ്യവസായ വകുപ്പ് സെക്രട്ടറിയുടെ തട്ടിക്കൂട്ട് റിപ്പോർട്ട് വച്ച് അഴിമതിക്ക് വെള്ളപൂശുന്ന സിപിഎമ്മിന് ഇതിനെതിരേ ഉയരുന്ന ജനരോഷം കണ്ട് നിലപാട് മാറ്റേണ്ടി വരും. അഴിമതി ക്യാമറയെ തുരത്തുന്നതുവരെ സമരവും നിയമപോരാട്ടവും തുടരുമെന്ന് സുധാകരൻ പറഞ്ഞു.
Story Highlights: K. Sudhakaran Calls for People’s Support for AI Camera Strike
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here