ആലപ്പുഴയിലെ സിപിഐഎം വിഭാഗീയത; കടുത്ത നടപടിയുമായി സംസ്ഥാന നേതൃത്വം

ആലപ്പുഴയിലെ സിപിഐഎമ്മിലെ വിഭാഗീയതയിൽ കടുത്ത നടപടിയുമായി സംസ്ഥാന നേതൃത്വം രംഗത്ത്. പി. പി. ചിത്തരഞ്ജൻ എംഎൽഎ, രണ്ട് ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങൾ ഉൾപ്പെടെ 35 നേതാക്കൾക്ക് സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദൻ കുറ്റാരോപണ നോട്ടീസ് അയച്ചു. 5 ദിവസത്തിനകം വിശദീകരണം നൽകണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെടുന്നത്. വിഭാഗീയതയിൽ പങ്കുണ്ടെന്ന് സംസ്ഥാന നേതൃത്വത്തിന് ബോധ്യപ്പെട്ടവർക്കാണ് നോട്ടീസ് അയച്ചത്. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ പി. കെ ബിജുവും ടി. പി രാമകൃഷ്ണനും അംഗങ്ങളായ കമ്മീഷൻ ആണ് വിഷയം അന്വേഷിച്ചത്. State Committee to Take Action on Alappuzha CPIM Factionalism
തെരഞ്ഞെടുപ്പിലേക്ക് നീങ്ങിയ ഏരിയ സമ്മേളനങ്ങളിൽ തോൽപ്പിക്കേണ്ട അംഗങ്ങളുടെ പേരുകൾ പാർട്ടി പ്രവർത്തകർക്കിടയിൽ വിതരണം ചെയ്യുക, വോട്ടു കിട്ടുന്നതിന് വേണ്ടി പലവിധ വാഗ്ദാനങ്ങൾ നൽകുക തുടങ്ങിയ പാർട്ടി വിരുദ്ധ നടപടികളാണ് ആലപ്പുഴ സൗത്ത്, നോർത്ത്, തകഴി ഹരിപ്പാട് ഏരിയ സമ്മേളനങ്ങളിൽ അരങ്ങേറിയത്. സംസ്ഥാന നേതൃത്വത്തിനു ലഭിച്ച പരാതിയെ തുടർന്നാണ് പാർട്ടി അന്വേഷണ കമ്മീഷനെ നിയോഗിച്ചത്.
വിഭാഗീയത അന്വേഷിച്ച കമ്മീഷൻ റിപ്പോർട്ടിൽ കുറ്റക്കാരാണെന്ന് ബോധ്യപ്പെട്ടവർക്കാണ് നോട്ടീസ് അയച്ചത്. നോട്ടീസ് ലഭിച്ചവരിൽ ജില്ലാ സെക്രട്ടറി ആർ. നാസറിനെ അനുകൂലിക്കുന്നവരും മന്ത്രി സജി ചെറിയാൻ പക്ഷക്കാരും ഉണ്ട്. പി. പി. ചിത്തരഞ്ചൻ എംഎൽഎയ്ക്ക് പുറമേ ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ എം. സത്യപാലൻ, ജില്ലാ കമ്മിറ്റിയംഗം വിബി അശോകൻ, ഹരിപ്പാട്, ആലപ്പുഴ നോർത്ത്, സൗത്ത് ഏരിയ സെക്രട്ടറിമാരോടും വിശദീകരണം ചോദിച്ചിട്ടുണ്ട്.
ലഹരിക്കടത്ത് കേസിൽ കുറ്റാരോപിതനായ ഏരിയ കമ്മിറ്റിയംഗം ഷാനവാസിനോടും വിഭാഗീയതയിൽ പങ്കുണ്ടെന്ന് കണ്ടെത്തി വിശദീകരണം ചോദിച്ചിട്ടുണ്ട്. വിശദീകരണം ലഭിച്ച ശേഷമായിരിക്കും അച്ചടക്ക നടപടികളിലേക്ക് നീങ്ങുക. കുറ്റക്കാരായി കണ്ടെത്തുന്നവരെ അതാതു കമ്മിറ്റികളിൽ നിന്ന് ഒഴിവാക്കാനും ഹരിപ്പാട് ആലപ്പുഴ സൗത്ത് ഏരിയ കമ്മിറ്റികൾ മുഴുവനായും പിരിച്ചു വിടാനുമാണ് സാധ്യത.
Story Highlights: State Committee to Take Action on Alappuzha CPIM Factionalism
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here