ആര്‍ഷോയുടെ മുമ്പില്‍ പിണറായിയുടെ പൊലീസുകാര്‍ മുട്ടിടിച്ചു നിൽക്കുന്നു; ക്രിമിനലുകളെ ചുമക്കുന്നതിന്റെ ഫലമാണെന്ന് കെ സുധാകരന്‍

എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോയെ സംഘടനാ തലപ്പത്ത് പ്രതിഷ്ഠിക്കുകയും സംരക്ഷിക്കുകയും ചെയ്തതിന്റെ ദുരന്തമാണ് ഇപ്പോള്‍ മഹാരാജാസ് കോളജും മറ്റു കാമ്പസുകളും നേരിടുന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. തെറ്റായ നിലപാട് സ്വീകരിച്ച ഒരാളയെും പിന്തുണയ്ക്കില്ലെന്ന് പ്രഖ്യാപിച്ച സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ ഈ തെറ്റിനെ തലയിലേറ്റി വച്ചിരിക്കുകയാണ്. (K Sudhakaran Against PM Arsho and Pinarayi Police)
ആര്‍ഷോ മഹാരാജാസ് കോളജില്‍ പിജി പരീക്ഷ എഴുതാതെ പാസായപ്പോള്‍ സുഹൃത്തും കാലടി സര്‍വകലാശാലയില്‍ പിഎച്ച്ഡി വിദ്യാര്‍ത്ഥിയുമായ കെ വിദ്യ മഹാരാജാസ് കോളജിന്റെ പേരില്‍ വ്യാജപ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയാണ് രണ്ടിടത്ത് ഗസ്റ്റ് ലക്ചര്‍ നിയമനം നേടിയത്. ആര്‍ഷോയുടെ സഹായത്തോടെയാണ് ഈ സര്‍ട്ടിഫിക്കറ്റ് തയാറാക്കിയത് എന്നാണ് ലഭ്യമായ വിവരം. കാലടി സര്‍വകലാശാലിയില്‍ പിഎച്ച്ഡിക്ക് പ്രവേശനം ലഭിച്ചതും സമാനമായ രീതിയിലാണ്.
ആര്‍ഷോയുടെ മുമ്പില്‍ പിണറായിയുടെ പൊലീസുകാര്‍ മുട്ടിടിച്ചു നിൽക്കുന്നു. കോടതിയുടെ മേല്‍നോട്ടത്തിലെങ്കിലും അന്വേഷണം നടത്തിയാല്‍ മാത്രമേ മഹാരാജാസ് കോളജില്‍ നടന്ന ഗൂഢാലോചനയുടെ ചുരുളഴിച്ച് യഥാര്‍ത്ഥ പ്രതികളെ ശിക്ഷിക്കാനാവൂ. കേരളത്തിലെ കാമ്പസുകളെ സംഘര്‍ഷഭരിതമാക്കുന്നതും അവിടെ നിയമലംഘനങ്ങളുടെ ഘോഷയാത്ര നടത്തുന്നതും ഈ നേതാവും അണികളും കൂടിയാണ്. അവര്‍ക്കെതിരേ നടപടിയെടുക്കാന്‍ കേരള പൊലീസ് വിറയ്ക്കും.
സര്‍വകലാശാലകളിലെ നിയമനങ്ങള്‍ എഎസ്എഫ്‌ഐ നേതാക്കള്‍ അവരുടെ ഭാര്യമാര്‍ക്ക് സംവരണം ചെയ്തിട്ട് നാളേറെയായി. ഇപ്പോഴത് സുഹൃത്തുക്കളിലേക്കും വ്യാപിപ്പിച്ചു. ഈ തെറ്റുകള്‍ക്കെല്ലാം സിപിഐഎം കൂട്ടുനില്ക്കുകയും സംരക്ഷണം നൽകുകയും ചെയ്തിട്ടുണ്ടെന്നും ഇവരുടെ മാതൃകയാണ് കുട്ടിസഖാക്കള്‍ പിന്തുടരുന്നതെന്നും പാര്‍ട്ടി സെക്രട്ടറി ഓര്‍ക്കുന്നതു നല്ലതാണെന്ന് സുധാകരന്‍ പറഞ്ഞു.
Story Highlights: K Sudhakaran Against PM Arsho and Pinarayi Police
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here