മൊഴി നൽകിയിട്ടുണ്ട്, കൊലക്കുറ്റം ചെയ്‌തിട്ടില്ലലോ?; നടപടികളെ ഭയക്കുന്നില്ലെന്ന് ജി സുധാകരൻ

തപാൽ വോട്ടുകൾ പൊട്ടിച്ച് തിരുത്തിയെന്ന സിപിഐഎം നേതാവ് ജി.സുധാകരന്‍റെ വെളിപ്പെടുത്തലിൽ തഹസിൽദാർ മൊഴിയെടുത്തു. സുധാകരന്‍റെ വീട്ടിലെത്തിയാണ് മൊഴിയെടുത്തത്. തെരഞ്ഞെടുപ്പ് കമ്മീഷണറുടെ നിർദേശപ്രകാരമായിരുന്നു മൊഴിയെടുത്തത്. നടപടികളെ ഭയക്കുന്നില്ലെന്നും പറഞ്ഞത് തെറ്റായി വ്യാഖ്യാനിച്ചെന്നും സുധാകരൻ പ്രതികരിച്ചു.
മൊഴി നൽകിയിട്ടുണ്ട്. കൊലക്കുറ്റം ചെയ്‌തിട്ടില്ലലോ?. വിവാദ പരാമർശത്തിൽ മുമ്പും കേസെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പറയാനുള്ള കാര്യങ്ങളെല്ലം ഉദ്യോഗസ്ഥരോട് പറഞ്ഞിട്ടുണ്ടെന്നും മറ്റൊന്നും പറയാനില്ലെന്നുമായിരുന്നു മൊഴിയെടുപ്പിനുശേഷം ജി സുധാകരൻ മാധ്യമങ്ങളോട് പ്രതികരിച്ചത്. ഉച്ചയ്ക്ക് രണ്ടരയ്ക്കുശേഷമാണ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ ജി സുധാകരന്‍റെ വീട്ടിലെത്തിയത്. അരമണിക്കൂറോളം നീണ്ടുനിന്ന മൊഴിയെടുപ്പിനുശേഷമാണ് ഉദ്യോഗസ്ഥര്‍ മടങ്ങിയത്.
റിപ്പോർട്ട് ജില്ലാ കലക്ടർക്ക് സമർപ്പിക്കുമെന്ന് അമ്പലപ്പുഴ തഹസിൽദാർ അൻവർ പറഞ്ഞു.1989 ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ സിപിഐഎം സ്ഥാനാർഥിക്ക് വേണ്ടിയാണ് തിരുത്തിയതെന്നായിരുന്നു മുതിർന്ന സിപിഐഎം നേതാവ് ജി.സുധാകരന്‍റെ വെളിപ്പെടുത്തല്‍. ഇതിന്റെ പേരിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ കേസെടുത്താൽ പ്രശ്നമില്ലെന്നും സുധാകരൻ പറഞ്ഞു. ആലപ്പുഴയിൽ എൻജിഒ യൂണിയൻ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു വിവാദ പരാമർശം.
തപാൽവോട്ടുകള്‍ പൊട്ടിച്ച് തിരുത്തിയെന്ന വെളിപ്പെടുത്തലിൽ മുന്‍ മന്ത്രി ജി സുധാകരനെതിരെ കേസെടുക്കാനുള്ള അടിയന്തര നടപടിയെടുക്കാൻ ആലപ്പുഴ കളക്ടര്‍ക്ക് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ നിര്‍ദേശം നൽകിയതിന് പിന്നാലെയാണ് മൊഴിയെടുപ്പ് നടന്നത്. തപാൽ വോട്ട് തിരുത്തിയത് ഗുരുതര നിയമലംഘനമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ.രത്തൻ യു ഖേല്‍ക്കര്‍ വാര്‍ത്താക്കുറിപ്പിൽ പറഞ്ഞു.
Story Highlights : G Sudhakaran ballot tampering revelation case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here