Advertisement

‘വിമര്‍ശിക്കാന്‍ പോയാല്‍ പണി പാലുംവെള്ളത്തില്‍ വരും, എനിക്കിവരെയൊക്കെ ഭയമാണ്’; കെ.വിദ്യ വിഷയത്തില്‍ ഇന്ദുമേനോന്‍

June 8, 2023
Google News 3 minutes Read
Indu Menon in K. Vidya's certificate controversy

കെ വിദ്യ ഉള്‍പ്പെട്ട വ്യാജ രേഖ കേസില്‍ പ്രതികരണവുമായി എഴുത്തുകാരി ഇന്ദു മേനോന്‍. വിഷയത്തില്‍ എന്തിന് വിമര്‍ശിക്കണമെന്നും ഇത്തരം കുറ്റക്കാര്‍ക്ക് സംരക്ഷണമൊരുക്കാന്‍ നേതാക്കന്മാര്‍ ഉണ്ടാകുമെന്നും ഇന്ദു മേനോന്‍ പ്രതികരിച്ചു.)(Indu Menon in K. Vidya’s certificate controversy)

വിദ്യയുടെയൊക്കെ പുറകെ ആരാണെന്ന് ആര്‍ക്കറിയാം ? വിമര്‍ശിക്കാന്‍ പോയാല്‍ പണി ചിലപ്പോള്‍ പാലും വെള്ളത്തില്‍ തന്നെ വരും. സത്യം പറഞ്ഞാല്‍ ഇവരെയൊക്കെ ഭയമാണ്. നമ്മള്‍ വിചാരിക്കാത്ത ആഴത്തിലുള്ള ബന്ധങ്ങളുള്ള രാഷ്ട്രീയ സ്വാധീനവും ശക്തിയും ഉള്ള ആളുകളാണ് ഇത്തരക്കാരെന്നും ഇന്ദു മേനോന്‍ വിമര്‍ശിച്ചു.

ഇന്ദുമേനോന്റെ വാക്കുകള്‍:

ഞാനെന്തിന് വിദ്യയെ പറയണം !
എന്തിന് വിമര്‍ശിക്കണം! അല്ല എന്ത് ധൈര്യത്തില്‍ വ്യാജ എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് നേടിയവര്‍ക്കെതിരെ പോസ്റ്റിടണം!ഞാന്‍ വിശ്വസിക്കുന്ന രാഷ്ട്രീയ പക്ഷത്തുള്ള യൂണിയന്‍ തന്നെ എന്നെ ഉപദ്രവിക്കുന്ന അവസ്ഥ ഇനിയും എന്തിനുണ്ടാക്കണം ! സത്യം പറയാമല്ലോ എനിക്ക് ഇവരെയൊക്കെ നല്ല ഭയമാണ്. നമ്മള്‍ വിചാരിക്കാത്ത ആഴത്തിലുള്ള ബന്ധങ്ങളുള്ള രാഷ്ട്രീയ സ്വാധീനവും ശക്തിയും ഉള്ള ആളുകളാണ് ഇത്തരക്കാര്‍.അവരെന്തു കുറ്റം ചെയ്താലും ശിക്ഷിക്കപ്പെടുകയില്ല.അവര്‍ക്ക് വേണ്ടി ഞങ്ങള്‍ സംരക്ഷണം കൊടുക്കും എന്ന് പറയുവാന്‍ നേതാക്കന്മാര്‍ അനവധി ഉണ്ടാകും.

ഞാന്‍ ജോലി ചെയ്യുന്ന സര്‍ക്കാര്‍ സ്ഥാപനത്തില്‍ മൂന്നുവര്‍ഷത്തെ എക്‌സ്പീരിയന്‍സ് ഇല്ലാതെ നാല് പേരാണ് റാങ്ക് ലിസ്റ്റില്‍ കയറിയത്.മൂന്നുപേര്‍ നിയമിതരായി.ഒരുവന്‍ അഡ്വൈസ് കിട്ടിയിട്ടും എന്നേലും പിടിക്കപ്പെടാം എന്നു കരുതി ആ പോസ്റ്റിംഗ് സ്വീകരിച്ചില്ല. അവന് ആദ്യമേ കിട്ടിയ അതിന്റെ താഴെയുള്ള ജോലിയില്‍ തന്നെ തുടര്‍ന്നു. അവന് ശേഷമുള്ളവന്‍ ജോലിയില്‍ കയറി. ഇത് എതിര്‍ത്തതും ചോദ്യം ചെയ്തതും എന്റെ ഡിവിഷനില്‍ ജോലി ചെയ്തിരുന്ന ഒരു റിസര്‍ച്ച് അസിസ്റ്റന്റ് ആണ്. അവന്‍ മാത്രമല്ല ഞാനും അവരുടെ പരമശത്രുവായി.
ഞാന്‍ വിശ്വസിക്കുന്ന അതേ രാഷ്ട്രീയ സംഘടനയുടെ എന്‍ജിഒ സംഘടന എനിക്കെതിരായി കാട്ടിക്കൂട്ടിയത് എന്താണെന്ന് പറയാന്‍ പോലും വയ്യ. എന്നെയും കുഞ്ഞിനെയും ഓഫീസ് മന്ദിരത്തില്‍ പൂട്ടിയിട്ട് വാച്ച്മാന്‍ ശാരീരിക ആക്രമണം നടത്തുന്ന നിലയിലേക്ക് വരെയെത്തി കാര്യങ്ങള്‍.കള്ള എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് കൊടുത്ത് ജോലി തേടിയവര്‍ യൂണിയന്റെ സഹായത്തോടെ സസുഖം ഇപ്പോഴും ജോലിയില്‍ തുടരുന്നു. പരാതി പറഞ്ഞ താല്‍ക്കാലികക്കാരനായ കുട്ടിയെ പുറത്താക്കി.

എനിക്ക് വിദ്യാഭ്യാസം ഇല്ല . യോഗ്യതയില്ല. എക്‌സ്പീരിയന്‍സ് ഇല്ല. അഹങ്കാരമാണ്. ഫയല്‍ മോഷ്ടിച്ചു. മതില് ചാടി . മേലും വകുപ്പിന്റെ തലവനായ ഉദ്യോഗസ്ഥനോട് അവിശുദ്ധ ബന്ധമുണ്ട് , എന്നുവരെ നോട്ടീസ് അച്ചടിച്ച് എന്റെ വീട് മുതല്‍ ഓഫീസ് വരെ ഞാന്‍ വരുന്ന വഴിയില്‍ ഇരുവശത്തുമായി തൂക്കിയിട്ടു. വളരെ സുസ്ഥിരമായ അക്കാദമിക ബാഗ്രൗണ്ട് ഉള്ള ഒരു വ്യക്തിയാണ് ഞാന്‍ .80 ശതമാനത്തില്‍ അധികം മാര്‍ക്ക് അല്ലെങ്കില്‍ യൂണിവേഴ്‌സിറ്റി റാങ്ക് ഇതു വാങ്ങിയാണ് ഞാന്‍ എല്ലാ എല്ലാ ക്ലാസ്സുകളിലും പാസ് ആയിട്ടുള്ളത്. എഴുതിയ മത്സരപരീക്ഷകളില്‍ എല്ലാം 5 റാങ്കിനുള്ളില്‍ കിട്ടിയിട്ടുണ്ട്. എന്തു ഫലം തലയിലെഴുത്ത് മായിച്ചാല്‍ മായില്ലല്ലോ.ഓണ്‍ലൈനിലും സ്വാധീനമുള്ള പത്രങ്ങളുടെ ഇടയിലും ഐസിസിയില്‍ പോലും ഇടപെട്ട് അവര്‍ എന്നെ ഉപദ്രവിച്ചിട്ടുണ്ട്.
വ്യാജ എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് കൊണ്ട് പി എസ് സി ജോലി നേടിയവര്‍ക്ക് എതിരെ പിഎസ്‌സിയില്‍ കൊടുത്ത പരാതി രാഷ്ട്രീയ സ്വാധീനം കൊണ്ട് വൈകിപ്പിക്കുവാന്‍ അവര്‍ക്ക് സാധിച്ചു.

Read Also: വ്യാജരേഖ ചമയ്ക്കൽ വിവാദം അറിഞ്ഞത് മാധ്യമങ്ങളിലൂടെ; മറ്റൊന്നും അറിയില്ലെന്ന് കെ വിദ്യ

കോവിഡാനന്തരം കേസുകള്‍ കെട്ടിക്കിടക്കുന്നത് കൊണ്ട് ട്രിബ്യൂണല്‍ ആകട്ടെ ഇതുവരെ കേസ് വിളിച്ചിട്ടുമില്ല. എതിര്‍ക്കാനോ അവരെ ചോദ്യം ചെയ്യാനോ ചെന്നാല്‍ ചെന്നായി കൂട്ടത്തിന്റെ പറ്റം പോലെയാണ് വരിക. രാത്രി രണ്ടുമണിവരെ പണിത് എല്ല് വെള്ളമാക്കി ഉണ്ടാക്കിയ 17 കോടി രൂപയുടെ പദ്ധതി ദുഃഖത്തോടെ ഉപേക്ഷിച്ചു.
എന്റെ ജീവനും എന്റെ കുഞ്ഞിന്റെ ജീവനും യാതൊരു തരത്തിലുള്ള സംരക്ഷണവും നല്‍കാത്ത ഒരു സ്ഥാപനത്തില്‍ നിന്നും ഡെപ്യൂട്ടേഷനും വാങ്ങി പ്രാണനും കൊണ്ടോടി. ICC യില്‍ വന്ന ലിസി വക്കീല് എന്നെ വേണ്ടവിധത്തില്‍ വാച്ച്മാന്‍ ലൈംഗികമായി ആക്രമിച്ചില്ല എന്ന കാരണത്താല്‍ ഇതൊരു ലൈംഗിക കുറ്റകൃത്യം അല്ല എന്ന് വിലയിരുത്തി.നഗരത്തിലെ പ്രമുഖ രാഷ്ട്രീയനേതാ ദമ്പതികളുടെ മകനെ കൊണ്ട് സ്ഥിരമായി എന്നെ തെറിവിളിപ്പിച്ചു.
സ്വന്തം സ്ഥാപനത്തില്‍ വിലസുന്ന വ്യാജന്മാര്‍ക്കെതിരെ വിരല്‍ അനക്കാന്‍ എനിക്ക് പറ്റിയിട്ടില്ല. പ്രാണനും കൊണ്ട് ഓടി രക്ഷപ്പെടുക പോലും ചെയ്തു.എന്നിട്ടാണ് ഇപ്പോള്‍ വിദ്യയ്ക്ക് എതിരെ പോസ്റ്റ് ഇടുന്നത്.

Read Also: ന്യായീകരിക്കാൻ ഒരു രക്ഷയുമില്ലാതായ ശേഷമുള്ള നീട്ടി വിളി; പി.കെ ശ്രീമതിയെ വിമർശിച്ച് ഹരീഷ് പേരടി

ഇവളുടെയൊക്കെ പുറകെ ആരാണെന്ന് ആര്‍ക്കറിയാം ? പിടിച്ചു തള്ളുകയും പൂട്ടിയിടുകയും മാത്രമേ ഇതുവരെ അനുഭവിക്കേണ്ടി വന്നിട്ടുള്ളൂ. കുഞ്ഞിന്റെ കഴുത്തുപിടിച്ച് അമര്‍ത്തുകയും പത്രത്തില്‍ കള്ള വാര്‍ത്തകള്‍ കൊടുക്കുകയും വ്യാജപ്രചരണങ്ങള്‍ നടത്തുകയുമെ ഇവര്‍ ചെയ്തിട്ടുള്ളൂ.
ഇനി ഇവളെയൊക്കെ വിമര്‍ശിക്കാന്‍ പോയാല്‍ പണി ചിലപ്പോള്‍ പാലും വെള്ളത്തില്‍ തന്നെ വരും. എനിക്ക് യുദ്ധ വീര്യമില്ല. ധൈര്യമില്ല. പോരാട്ടത്തിനുള്ള യൗവനവുമില്ല….

Story Highlights: Indu Menon in K. Vidya’s certificate controversy

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here