Advertisement

രണ്ട് പതിറ്റാണ്ടിനിടയിൽ കേരളത്തിൽ വൈകി എത്തിയ മഴക്കാലം; കാലവർഷം വൈകിയത് എന്തുകൊണ്ട്?

June 8, 2023
Google News 1 minute Read

“വിദേശികൾ എന്തൊക്കെ കൊണ്ടുപോയാലെന്താണ്, നമ്മുടെ തിരുവാതിര ഞാറ്റുവേല കൊണ്ടുപോകാൻ കഴിയില്ലല്ലോ” നമ്മൾ ഏറെ ആഘോഷിച്ച ഈ പ്രസ്താവനയുടെ പ്രസക്തി ഇനിയുള്ള കാലങ്ങളിൽ പരിശോധിക്കേണ്ടിയിരിക്കുന്നു. എത്ര വിളവ് കൊണ്ടുപോയാലും മഴ പെയ്യുമെന്നും അതിനാൽ പിന്നെയും നമ്മൾ വിളവെടുക്കുമെന്നുമുള്ള ആത്മവിശ്വാസമായിരുന്നു അത്. ഇപ്പോൾ കാലവർഷത്തിൽ സംഭവിച്ചിരിക്കുന്നത് ഒരു കൊണ്ടുപോകലാണ്. ശരിക്കും മഴ വൈകുകയല്ല ചെയ്തത്. നമ്മുടെ മഴയെ, മൺസൂണിനെ, അടിച്ചു തകർത്തു കളയുകയായിരുന്നു. അത് ഇനിയുള്ള വർഷങ്ങളിലും ഒരു തുടർകഥയായേക്കാം. ഈ വർഷത്തെ മൺസൂണിനിടയിൽ തന്നെ പലതവണ ആവർത്തിക്കുകയും ചെയ്യാം. സമീപകാല ചരിത്രത്തിലെ ഏറ്റവും പാളിപ്പോയ കാലാവസ്ഥാ പ്രവചനമാണ് ഇത്തവണത്തേത്. എന്തുകൊണ്ടാണ് കാലവർഷം വൈകിയത്?

ദക്ഷിണേന്ത്യൻ സംസ്ഥാനത്ത് ജൂണിൽ മൺസൂൺ ആരംഭിക്കുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) പ്രവചിച്ച ദിവസവും കഴിഞ്ഞു. ഏകദേശം രണ്ട് പതിറ്റാണ്ടിനിടയിലെ മഴയുടെ വരവിൽ ഏറ്റവും ദൈർഘ്യമേറിയ കാലതാമസമാണ് കേരളം ഇപ്പോൾ നേരിടുന്നത്. കഴിഞ്ഞ 18 വർഷത്തിനിടയിലെ ഏറ്റവും ദൈർഘ്യമേറിയ കാലതാമസമാണ് മൺസൂണിന്റെ കാര്യത്തിൽ ഇപ്പോൾ സംഭവിക്കുന്നത്. കഴിഞ്ഞ നാല് വർഷം ഇന്ത്യയെ സംബന്ധിച്ചിടത്തോളം നല്ല മൺസൂൺ വർഷങ്ങളായിരുന്നു. 2019 ൽ ജൂൺ 8 നും 2020 ൽ ജൂൺ 1 നും 2021 ൽ ജൂൺ 3 നും 2022 ൽ മെയ് 29 നുമാണ് മൺസൂൺ ആരംഭിച്ചത്. ഈ വർഷങ്ങളിൽ, പ്രത്യേകിച്ച് 2019 സീസണിൽ രാജ്യത്ത് 10% അധികമഴയാണ് ലഭിച്ചത്. കഴിഞ്ഞ നൂറ്റാണ്ടിലെ ഏറ്റവും ശക്തമായ എൽ നിനോ വർഷമായ 1997-ൽ ജൂൺ 12-നാണ് കേരളത്തിൽ മൺസൂൺ ആരംഭിച്ചത്. എന്നാൽ ഇന്ത്യയിൽ പെയ്ത മഴ ശരാശരിയുടെ 102% ആയിരുന്നു.

“ജൂൺ 6 മുതൽ കേരളത്തിൽ സാമാന്യം വ്യാപകമായ മഴ ലഭിക്കും. അറബിക്കടലിൽ മൺസൂൺ കാറ്റും മേഘങ്ങളും രൂപപ്പെടുന്നുണ്ട്” എന്നാണ് യുകെയിലെ റീഡിംഗ് സർവ്വകലാശാലയിലെ ഗവേഷണ ശാസ്ത്രജ്ഞനായ ഡോ അക്ഷയ് ഡിയോറസ് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞത്. “ഈ വർഷം മൺസൂൺ ആരംഭം ഗണ്യമായി വൈകി. ഏറ്റവും കാലതാമസം നേരിട്ട എൽ നിനോ വർഷമായ 1972 ൽ ജൂൺ 18-ന് ആണ് മൺസൂൺ ആരംഭിച്ചത്. 2023 അടുത്ത എൽ നിനോ വർഷമാകുമെന്നാണ് പ്രവചനം.

എന്താണ് എൽ നിനോ പ്രതിഭാസം?

ഏതാനും വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ഭൂമിയിൽ അനുഭവപ്പെടുന്ന സവിശേഷ കാലാവസ്ഥയാണ് എൽ നിനോ. ഭൂമിയിൽ നിലവിലുള്ള മഴയുടെയും ചൂടിന്റെയും കാറ്റിന്റെയുമൊക്കെ ഗതിയും ദിശയും കാലവും മാറ്റുന്നതാണ് ഈ പ്രതിഭാസം. ഏതാനും മാസങ്ങളാണ് എൽനിനോ നീണ്ടു നിൽക്കുന്നത് എങ്കിലും അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ ലോകത്തെ നിലവിലുള്ള കാലാവസ്ഥാ താപനില വ്യവസ്ഥകളെ തന്നെ മാറ്റിമറിക്കുമെന്നാണ് ഗവേഷകർ അഭിപ്രായപ്പെടുന്നത്. സമാനമായ എൽ നിനോ പ്രതിഭാസം 2017-18 കാലഘട്ടത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ശേഷം ലോക കാലാവസ്ഥയിലും താപനിലയിലും ഉണ്ടായിട്ടുള്ള മാറ്റങ്ങൾക്ക് നമ്മൾ നേർസാക്ഷികളാണ്.

സമീപകാലത്തെ തന്നെ ഏറ്റവും കടുത്ത എൽ നിനോ പ്രതിഭാസമുണ്ടായത് 2014-2016 കാലഘട്ടത്തിലായിരുന്നു. ലോക കാലാവസ്ഥാ നിർമിതിയെ തന്നെ തച്ചുതകർത്ത കാലഘട്ടമായിരിന്നു അത്.

എന്തുകൊണ്ട് കാലവർഷം എത്തിയില്ല?

2017 മേയ് 30, 2018 മേയ് 29, 2019 ജൂൺ 8, 2020 ജൂൺ 1, 2021 ജൂൺ 3, 2022 മേയ് 31 – കഴിഞ്ഞ ആറുവർഷം കേരളത്തിൽ കാലവർഷം എത്തിയ ദിനങ്ങളാണ് ഇത് . 2017ൽ മേയ് 30, 2018ൽ മേയ് 29, 2019ൽ ജൂൺ എട്ട് ഇവയൊക്കെയാണ് സമീപകാല ചരിത്രത്തിൽ മഴ ഏറ്റവും വൈകിയ ദിവസം. 2018ലെ പ്രളയം കഴിഞ്ഞു വന്ന വർഷം ആയിരുന്നു. മാത്രമല്ല 2019ൽ വൈകിയാണ് വന്നതെങ്കിലും വെള്ളപ്പൊക്കവും ദുരിതവും ആവർത്തിക്കുകയും ചെയ്തു. 2020ൽ ജൂൺ ഒന്നിനും 2021ൽ മൂന്നിനും മഴയെത്തി. കഴിഞ്ഞ വർഷം മേയ് 31ന് തന്നെ മഴ എത്തി.

14 കേന്ദ്രങ്ങളിലെങ്കിലും തുടർച്ചയായ രണ്ടു ദിവസം രണ്ടര മില്ലിമീറ്ററിൽ അധികം മഴ പെയ്താൽ ആണ് കാലവർഷം എത്തി എന്നു കണക്കാക്കുന്നത്. ഇതിൽ കേരളത്തിലെ എട്ടു കേന്ദ്രങ്ങളിൽ മാത്രമേ രണ്ടരമില്ലീമീറ്ററിൽ അധികം മഴയുള്ളു. ‘എന്‍റെ നാട്ടിൽ മഴയുണ്ടല്ലോ, എന്നിട്ടും എന്തുകൊണ്ടാണ് കാലവർഷം എത്തി’ എന്നു പറയാത്തത് എന്ന് ചിലർ ചോദിക്കാറുണ്ട്. കഴിഞ്ഞ 12 മണിക്കൂറിനിടെകേരളത്തിൽ 30 മില്ലീ മീറ്ററും 19 മില്ലീമീറ്ററും പെയ്ത സ്ഥലങ്ങൾ ഉണ്ടെങ്കിലും ഭൂരിപക്ഷം സ്ഥലത്തും അര മില്ലീമീറ്ററും രണ്ടു മില്ലീമീറ്ററും ഒക്കെയാണ്. അങ്ങനെയെങ്കിൽ എന്തുകൊണ്ട് കാലവർഷം മാറിപ്പോയി?

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

ജൂൺ നാലിന് വരും എന്നു പറഞ്ഞ മഴ വരാത്തത് എന്തുകൊണ്ട് എന്നാണ് നിലവിൽ ഉയരുന്ന ചോദ്യം. അതിന് പ്രധാന കാരണം എന്താണെന്ന് നോക്കാം… നമുക്ക് അറിയാവുന്നതുപോലെ ആദ്യം എത്തുന്നത് ആൻഡമാനിലാണ്. അവിടെ മേയ് 19നും 29നും ഇടയിൽ സാധാരണ എത്തണം. കേരളത്തിൽ ജൂൺ ഒന്നിന് എത്തണം. പക്ഷേ അതിനുള്ള സാധ്യത ഇല്ലെന്ന് നേരത്തെ തന്നെ പ്രവചിക്കപ്പെട്ടു. ജൂൺ രണ്ടിനും ആറിനും ഇടയിൽ ശ്രീലങ്കൻ മേഖലയിലൂടെ കടന്നുപോകുന്ന കാലവർഷപ്പാത്തി. അങ്ങനെയെങ്കിൽ നമുക്ക് നാലിന് തന്നെ മഴ കിട്ടുമായിരുന്നു. അതു സംഭവിക്കാത്തതിന് ഒരു കാരണമുണ്ട്.

അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദം ‘ബിപർജോയ്’ ചുഴലിയായി മാറി. അത് തെക്കുപടിഞ്ഞാറു നിന്നുള്ള കാലവർഷപാത്തിയെ ദുർബലമാക്കി. തകർത്തു കളഞ്ഞു എന്നു തന്നെ പറയാം. ഇനി തെക്കു പടിഞ്ഞാറ് പുതിയ കാറ്റ് രൂപപ്പെടുകയും മഴമേഘങ്ങളായി മാറുകയും വേണം. ഇപ്പോൾ കിട്ടുന്നത് ഈ ന്യൂനമർദ്ദത്തിന്‍റെ മഴയാണ്. അതിന് ജൂൺ 12 വരെ കാത്തിരിക്കേണ്ടി വരുമെന്നാണ് പുതിയ പ്രവചനം. ഇതുകൊണ്ടാണ് കാലവർഷം വൈകിയതല്ല, ന്യൂമർദ്ദത്താൽ അട്ടിമറിക്കപ്പെട്ടതാണ് എന്നു പറയുന്നത്. പ്രവചിക്കാൻ കഴിയാത്ത ഈ അട്ടിമറി ഇനിയും സംഭവിക്കാം. കാരണം നമ്മുടെ അന്തരീക്ഷത്തിലെ താപനില അത്രയേറെ മാറിക്കഴിഞ്ഞു. തിരുവാതിര ഞാറ്റുവേല കയ്യിലുണ്ടെന്ന് ഇനി ഏറെക്കാലം പറയാൻ കഴിയില്ലെന്നു തന്നെയാണ് അർത്ഥം.

Story Highlights : Suresh Gopi Wealth Report BJP candidate Thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here