പഞ്ചാബിൽ വീണ്ടും പാക്ക് ഡ്രോൺ വെടിവച്ചിട്ട് സൈന്യം

അമൃത്സറിലെ അന്താരാഷ്ട്ര അതിർത്തിക്ക് സമീപം പാക്ക് ഡ്രോൺ അതിർത്തി രക്ഷാ സേന വെടിവച്ചു വീഴ്ത്തി. ബുധനാഴ്ച രാത്രി 9 മണിയോടെയാണ് സംഭവം. അതേസമയം തർൻ തരൺ ജില്ലയിൽ നിന്നും ഡ്രോൺ വഴി കടത്താൻ ശ്രമിച്ച രണ്ട് കിലോഗ്രാമിലധികം ഹെറോയിൻ പിടിച്ചെടുത്തതായി ബിഎസ്എഫ് വക്താവ് അറിയിച്ചു.
ബുധനാഴ്ച രാത്രി 9 മണിയോടെ അമൃത്‌സറിലെ ഭൈനി രാജ്പുതാന ഗ്രാമത്തിന് സമീപം, ഡ്രോണിന്റെ നേരിയ ശബ്ദം ബിഎസ്‌എഫ് ഉദ്യോഗസ്ഥർ കേട്ടു. തുടർന്ന് ശബ്ദം ലക്ഷ്യമിട്ട് ജവാൻമാർ വെടിയുതിർക്കാൻ തുടങ്ങി. പിന്നീട് ബിഎസ്എഫും പഞ്ചാബ് പൊലീസും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് ഗ്രാമത്തിന്റെ പ്രാന്തപ്രദേശത്തുള്ള രജതാൽ-ഭരോപാൽ-ഡോക്കെ ട്രൈ ജംഗ്ഷനോട് ചേർന്നുള്ള വയലിൽ നിന്ന് ഡ്രോൺ കണ്ടെത്തിയത്.
തരൺ തരാനിലെ വാൻ ഗ്രാമത്തിന് സമീപം പാകിസ്താൻ ഭാഗത്ത് നിന്ന് ഒരു ഡ്രോൺ വരുന്നത് കണ്ട ബിഎസ്എഫ് ജവാൻമാർ സ്ഥലത്ത് പരിശോധന ആരംഭിച്ചിരുന്നു. സംശയാസ്പദമായ ഒരു മോട്ടോർസൈക്കിൾ വരുന്നത് സൈന്യം, വാഹനം നിർത്താൻ ആവശ്യപ്പെട്ടു. എന്നാൽ ഇവർ നിർത്താതെ ബൈക്കുമായി മാരി കാംബോകെ ഗ്രാമത്തിലേക്ക് രക്ഷപ്പെട്ടു. പിന്തുടർന്നെത്തിയ സൈനികർ ബൈക്ക് ഗ്രാമത്തിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.
ഗ്രാമം വളഞ്ഞുതെരച്ചിൽ നടത്തിയ സൈന്യം ഏകദേശം 2.50 കിലോഗ്രാം ഭാരമുള്ള ഹെറോയിൻ പാക്കറ്റ് കണ്ടെത്തി. ഡ്രോൺ ഉപയോഗിച്ച് ഇറക്കിയ പാക്കറ്റ് ബൈക്ക് യാത്രക്കാരൻ കൊണ്ടുപോവുകയായിരുന്നെന്ന് സംശയിക്കുന്നു.
Story Highlights: Pak Drone Shot Down Near Border In Amritsar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here