കെ.വിദ്യ എവിടെയെന്ന് സൂചനയില്ല; അന്വേഷണം ഊർജിതമാക്കി പൊലീസ്

അധ്യാപക നിയമനത്തിന് വ്യാജരേഖ ചമച്ച മുൻ എസ് എഫ് ഐ നേതാവ് കെ.വിദ്യക്കായി അന്വേഷണം ഊർജിതമാക്കി പൊലീസ്. ഇന്നലെ വിദ്യയുടെ വീട്ടിലും, ഹോസ്റ്റലിലും പൊലീസ് പരിശോധന നടത്തിയെങ്കിലും കാര്യമായ വിവരങ്ങൾ ലഭിച്ചില്ല. കെ.വിദ്യയെ അറസ്റ്റ് ചെയ്യാത്തതിൽ പൊലീസിനെതിരെ വ്യാപക വിമർശനം ഉയരുന്നതിനിടെയാണ് അന്വേഷണ സംഘത്തിന്റെ പരിശോധന നടന്നത്.
വ്യാജ സർട്ടിഫിക്കറ്റിന്റെ ഒറിജിനൽ ഉൾപ്പടെ വീട്ടിൽ നിന്ന് കണ്ടെത്താനാകും എന്നാണ് പൊലീസ് കരുതിയിരുന്നത്.അഗളി സിഐയുടെ നേതൃത്വത്തിളുള്ള സംഘമാണ് കാസർഗോഡ് എത്തിയത്. കേസില് കൂടുതൽ ചോദ്യം ചെയ്യലും മൊഴിയെടുപ്പും അടക്കം പുരോഗമിക്കുകയാണ്.
കഴിഞ്ഞ ദിവസം തൃക്കരിപ്പൂർ പൊലീസ് എത്തിയപ്പോൾ വിദ്യയുടെ വീട് പൂട്ടിയ നിലയിലായിരുന്നു. തുടർന്ന് വിദ്യയുടെ ബന്ധു വീട് തുറന്നുകൊടുത്തു. തൃക്കരിപ്പൂർ പൊലീസ് സമീപത്തെ വീട്ടിൽ നിന്നും വിവരങ്ങൾ തിരക്കിയിരുന്നു. വിദ്യയ്‌ക്കെതിരെ കേസ് റജിസ്റ്റർ ചെയ്തു 4 ദിവസം കഴിഞ്ഞിട്ടും അവരെ കണ്ടെത്തിയിട്ടില്ല. കാലടിയിൽ സംസ്കൃത സർവകലാശാലയുടെ ഒരു ഹോസ്റ്റലിലാണു വിദ്യ ഒളിവിൽ താമസിക്കുന്നതെന്ന് ആരോപണമുണ്ട്.
വിദ്യയെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്താൽ മാത്രമേ വ്യാജരേഖ സംബന്ധിച്ച വിവരങ്ങൾ അറിയാനാകൂ. അഗളി പൊലീസ് ഇൻസ്പെക്ടർ കെ.സലീമിന്റെ നേതൃത്വത്തിലുള്ള സംഘമാണു കേസ് അന്വേഷിക്കുന്നത്. അഗളി ഗവ. കോളജ് പ്രിൻസിപ്പൽ ഇൻ ചാർജ് ലാലിമോൾ വർഗീസിന്റെ പരാതിയിൽ കേസ് റജിസ്റ്റർ ചെയ്ത അഗളി പൊലീസ് ഇന്നലെ കോളജിലെത്തി വിവരങ്ങൾ ശേഖരിച്ചിരുന്നു. വിദ്യയ്ക്കെതിരെ മഹാരാജാസ് കോളജ് അധികൃതർ നൽകിയ പരാതിയിൽ എറണാകുളം സെൻട്രൽ സ്റ്റേഷനിൽ റജിസ്റ്റർ ചെയ്ത കേസും അഗളി സ്റ്റേഷനിലേക്കു വ്യാഴാഴ്ച കൈമാറി.
Read Also: ‘പഠിച്ച കള്ളി’; കെ.വിദ്യയ്ക്കും പി.രാജീവിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി കെ.എസ്.യു
കാസർകോട് നീലേശ്വരം കരിന്തളം ഗവ. ആർട്സ് ആൻഡ് സയൻസ് കോളജിൽ വ്യാജ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് ഹാജരാക്കി നിയമനം നേടിയതുമായി ബന്ധപ്പെട്ടു നീലേശ്വരം പൊലീസ് റജിസ്റ്റർ ചെയ്ത കേസിൽ പൊലീസ് രേഖകൾ പിടിച്ചെടുത്തിട്ടുണ്ട്.
Story Highlights: Document Forgery case, Police say Vidya still absconding
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here