‘മെസ്സിക്കൊപ്പം ഇരിക്കാൻ 42,000 ഡോളർ’; തട്ടിപ്പിൽ വഞ്ചിതരാകരുതെന്ന് ചൈനീസ് പൊലീസ്

അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയോടൊപ്പമുള്ള ഒരു സെൽഫി ഏതൊരു ഫുട്ബോൾ ആരാധകരുടെയും സ്വപ്നമാണ്. മെസ്സിക്കൊപ്പം അത്താഴം കഴിക്കാനും സെൽഫിയെടുക്കാനും അവസരം കിട്ടുമെന്ന് കേട്ടാൽ കോടികൾ മുടക്കാൻ തയ്യാറുള്ളവരുണ്ട്. ഇപ്പോഴിതാ മെസ്സി ആരാധകർക്ക് മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് ചൈനീസ് പൊലീസ്. മെസ്സിക്കൊപ്പം അത്താഴം കഴിക്കാൻ അവസരമൊരുക്കുമെന്ന തരത്തിൽ തട്ടിപ്പ് നടക്കുന്നുണ്ടെന്നാണ് മുന്നറിയിപ്പ്.
ഓസ്‌ട്രേലിയയ്‌ക്കെതിരായ സൗഹൃദ മത്സരത്തിനായി അർജന്റീനിയൻ ഇതിഹാസം വ്യാഴാഴ്ച ചൈനയിൽ എത്തിയിരുന്നു. ചൈനീസ് തലസ്ഥാനമായ ബീജിംഗിൽ വൻ വരവേൽപാണ് ആരാധകർ മെസ്സിക്കായി ഒരുക്കിയത്. ഈ അവസരം മുതലെടുത്ത് തട്ടിപ്പ് നടത്തുന്നതായി പൊലീസ് പറയുന്നു. 300,000 യുവാൻ ($42,000) മുടക്കിയാൽ മെസ്സിക്കൊപ്പം ഒരു സായാഹ്നം ചെലവഴിക്കാമെന്നുള്ള തട്ടിപ്പിൽ വഞ്ചിതരാകരുതെന്നാണ് മുന്നറിയിപ്പ്.
ഇത് ഏഴാം തവണയാണ് ഫുട്ബോൾ മത്സരത്തിനായി മെസ്സി ചൈനയിൽ എത്തുന്നത്. 2017ലായിരുന്നു മെസ്സിയുടെ ആദ്യ സന്ദർശനം. ബീജിംഗിൽ അടുത്തിടെ പുനർനിർമിച്ച വർക്കേഴ്സ് സ്റ്റേഡിയത്തിൽ 15 നാണ് അർജന്റീന–ഓസ്ട്രേലിയ സൗഹൃദ മത്സരം നടക്കുക. ഖത്തർ ലോകകപ്പിലെ പ്രീ ക്വാർട്ടറിലാണ് ഇരു ടീമുകളും അവസാനമായി ഏറ്റുമുട്ടിയത്.
Story Highlights: “Sit With Lionel Messi For $42,000”: Scams Galore In China
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here