Advertisement

തെരുവുനായ ആക്രമണത്തിൽ നിഹാൽ കൊല്ലപ്പെടാനിടയായത് സർക്കാരിന്റെ കെടുകാര്യസ്ഥത മൂലം; കെ. സുധാകരൻ

June 12, 2023
1 minute Read
Stray dog attack K Sudhakaran criticizes the government

കണ്ണൂർ മുഴപ്പിലങ്ങാട് തെരുവുനായയുടെ ആക്രമണത്തിൽ പതിനൊന്ന് വയസ്സുകാരൻ നിഹാൽ നൗഷാദ് കൊല്ലപ്പെടാനിടായായത് സംസ്ഥാന സർക്കാരിന്റെ കുറ്റകരമായ കെടുകാര്യസ്ഥതയും ഗുരുതരമായ അനാസ്ഥയും കൊണ്ടാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. സംസാരശേഷിപോലുമില്ലാത്ത കുട്ടിക്കാണ് നായയുടെ കടിയേറ്റ് ദാരുണാന്ത്യം ഉണ്ടായത്. ഇത് മനുഷ്യമനഃസാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണെന്നും സുധാകരൻ പറഞ്ഞു.

തെരുവുനായ ശല്യം നിയന്ത്രിക്കുന്നതിൽ കടുത്ത കൃത്യവിലോപമാണ് ഉണ്ടായത്. തദ്ദേശസ്വയംഭരണം, മൃഗസംരക്ഷണം, ആരോഗ്യം എന്നീവകുപ്പുകളുടെ ഏകോപനമില്ലായ്മയും തദ്ദേശ സ്ഥാപനങ്ങൾക്ക് ആവശ്യത്തിന് ഫണ്ടില്ലാത്തതും വന്ധ്യംകരണം പദ്ധതി നിലയ്ക്കാൻ കാരണമായി. പേവിഷ പ്രതിരോധ വാക്‌സിനേഷൻ മൂന്നിലൊന്ന് തെരുവുനായ്കൾക്ക് പോലും നൽകാൻ കഴിഞ്ഞിട്ടില്ല. മൂന്ന് വർഷമായി നായ്ക്കളെ സ്റ്റെറലൈസ് ചെയ്യുന്നില്ല.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

തെരുവുനായ്ക്കൾക്ക് ഷെൽട്ടറുകൾ ഒരുക്കുന്ന സംവിധാനം ഒരിടത്തും ഫലപ്രദമായി നടപ്പായില്ല. പ്രാദേശികതലത്തിൽ ഉയരുന്ന പ്രതിഷേധങ്ങളെ രമ്യമായി പരിഹരിച്ച് അതിനാവശ്യമായ മാർഗം സർക്കാർ ഒരുക്കിയിരുന്നെങ്കിൽ തെരുവുനായകളുടെ ആക്രമണത്തിൽ നിന്നും മനുഷ്യരെ രക്ഷിക്കാൻ കഴിയുമായിരുന്നു. ഓരോ മാസവും 35000ത്തോളം പേർ സംസ്ഥാനത്ത് തെരുവുനായയുടെ കടിയേറ്റ് ചികിത്സതേടുന്നതായാണ് കണക്ക്. കഴിഞ്ഞ ഒന്നരവർഷത്തിനിടെ തെരുവുനായയുടെ കടിയേറ്റ് മരണപ്പെട്ടവരുടെ എണ്ണം വർധിക്കുകയാണ്. ഇങ്ങനെ പോയാൽ തെരുവുനായയുടെ കടിയേൽക്കുന്നവരുടെയും അതിനെ തുടർന്ന് മരിക്കുന്നവരുടെയും എണ്ണത്തിൽ കേരളം ഒന്നാം നമ്പരാകും.

സർക്കാർതലത്തിൽ ചെയ്യേണ്ട ഉത്തരവാദിത്വങ്ങൾ നിറവേറ്റാതെ മനുഷ്യജീവനുകൾ പൊലിയുമ്പോൾ വിലപിച്ചിട്ട് പ്രയോജനമില്ല.തെരുവുനായയുടെ അക്രമണത്തിൽ നിന്നും ജനത്തെ രക്ഷിക്കാൻ ശാശ്വത പരിഹാരം വേണമെന്നും അതിനായി സർവകക്ഷിയോഗം വിളിച്ച് പരിഹാരമാർഗം ചർച്ച ചെയ്യണമെന്നും കെ. സുധാകരൻ ആവശ്യപ്പെട്ടു.

Story Highlights: Stray dog attack K Sudhakaran criticizes the government

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top