‘മോദി തെളിച്ച വഴിയിലൂടെ പിണറായി അതിവേഗം നടക്കുന്നു’; കെ.സി വേണുഗോപാൽ

മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പഠിക്കുകയാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. മോദി തെളിച്ച വഴിയിലൂടെ പ്രധാനമന്ത്രിയേക്കാൾ വേഗത്തിലാണ് പിണറായി വിജയൻ സഞ്ചരിക്കുന്നത്. സർക്കാരിനെതിരെ സംസാരിക്കുന്നവരെ കേസിൽ കുടുക്കാനാണ് ശ്രമിക്കുന്നത്. ഇതുകൊണ്ടൊന്നും കേരളത്തിലെ കോൺഗ്രസ് നേതാക്കൾ ഭയപ്പെടുന്നില്ലെന്നും കെ.സി വേണുഗോപാൽ ഡൽഹിയിൽ പറഞ്ഞു.
ഇത്രയും നാറിയ ഒരു സർക്കാർ ഇതുവരെ ഉണ്ടായിട്ടില്ല. കെപിസിസി പ്രസിഡന്റിനെതിരെ എടുത്തിരിക്കുന്നത് കള്ളക്കേസാണ്. പാവപ്പെട്ടവർക്ക് വീട് വച്ച് നൽകിയതിനാണ് പ്രതിപക്ഷ നേതാവിനെതിരെയുള്ള കേസ്. കേന്ദ്രത്തിൽ മോദി സർക്കാർ ചെയ്യുന്നതു തന്നെയാണ് കേരളത്തിൽ പിണറായി വിജയൻ സർക്കാരും ചെയ്യുന്നത്. പ്രതിപക്ഷ നേതാക്കൾക്കെതിരെ കേസെടുക്കാൻ കേരള പൊലീസ് കാണിക്കുന്ന ശുഷ്കാന്തി കെ വിദ്യയുടെ വ്യാജരേഖ കേസിലും കാണിക്കണം.
യഥാർത്ഥ കള്ളന്മാർക്കും കൊള്ളക്കാർക്കും പൂർണ്ണ സംരക്ഷണം നൽകുകയും, അത് മറയ്ക്കാൻ നിരപരാധികളെ വേട്ടയാടുകയും ചെയ്യുന്ന അവസ്ഥയിലേക്ക് കേരളാ പൊലീസ് എത്തി എന്നുള്ളത് ദൗർഭാഗ്യകരമാണ്. വിഷയത്തിൽ സിപിഐഎം കേന്ദ്ര നേതൃത്വം മൗനം പാലിക്കുകയാണെന്ന് കെ.സി വേണുഗോപാൽ കുറ്റപ്പെടുത്തി. അതേസമയം, മുൻ ട്വിറ്റർ മേധാവിയുടെ വെളിപ്പെടുത്തലിലും അദ്ദേഹം പ്രതികരിച്ചു. കോൺഗ്രസ് ഉന്നയിച്ച ആരോപണം സത്യമാണെന്ന് തെളിഞ്ഞിരിക്കുകയാണ്. ഭീഷണിപ്പെടുത്തിയും വിരട്ടിയുമാണ് മോദി സർക്കാർ മുന്നോട്ട് പോകുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
Story Highlights: KC Venugopal against Pinarayi Vijayan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here