‘ബിപോര്‍ജോയ്’ ഗുജറാത്ത് തീരം തൊട്ടു; ശക്തമായ കാറ്റും മഴയും

ബിപോർജോയ് ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്ത് കരതൊട്ടു. ചുഴലിക്കാറ്റിന്റെ സ്വാധീന ഫലമായി മേഖലയിൽ ശക്തമായ കാറ്റും മഴയുമാണ് അനുഭവപ്പെടുന്നത്. ഇന്ന് അർധരാത്രി വരെ ചുഴലിക്കാറ്റ് തീവ്രതയോടെ വീശും. പോർബന്ധറിൽ വ്യാപക നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ജനങ്ങൾ വീടുകൾക്ക് ഉള്ളിൽ തന്നെ കഴിയണമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
മണിക്കൂറിൽ 115 മുതൽ 125 കിലോമീറ്റർ വേഗതയിലാണ് ബിപോർജോയ് ചുഴലിക്കാറ്റ് വീശിയടിക്കുന്നത്. കാറ്റഗറി മൂന്നിൽപെടുന്ന അതി തീവ്ര ചുഴലിക്കാറ്റായി എത്തുന്ന ബിപോർജോയുടെ സഞ്ചാരപാതയിൽ നിന്ന് ഒരു ലക്ഷം പേരെ ഒഴിപ്പിച്ച് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയിരിക്കുകയാണ്. ഗുജറാത്തിന്റെ തീരാ മേഖലയിലെ എട്ടു ജില്ലകളിലെ 120 ഗ്രാമങ്ങളിൽ കാറ്റ് കനത്ത നാശമുണ്ടാക്കും എന്നാണ് മുന്നറിയിപ്പ്. മൂന്നു സൈനിക വിഭാഗങ്ങളും സർവ്വസജ്ജരായി നിലയുറപ്പിച്ചിട്ടുണ്ട്. ഭക്ഷണവും മരുന്നുമായി മൂന്നു കപ്പപ്പലുകൾ നാവികസേന ഒരുക്കി നിർത്തിയിട്ടുണ്ട്. ഗുജറാത്തിന്റെ തീരമേഖലയിൽ വ്യോമ, റെയിൽ, റോഡ് ഗതാഗതം നിർത്തിവെച്ചിരിക്കുകയാണ്.
സൗരാഷ്ട്ര- കച്ച് തീരങ്ങളിലും അതിനോട് ചേര്‍ന്നുള്ള പാകിസ്താനിലെ മാണ്ഡവി- കറാച്ചി പ്രദേശത്തിനിടയിലും കാറ്റിന്‍റെ തീവ്രത അനുഭവപ്പെടുമെന്നാണ് പ്രവചനം. വ്യാഴാഴ്ച രാവിലെ മുതല്‍ ഗുജറാത്തിലെ സൗരാഷ്ട്ര- കച്ച് മേഖലയില്‍ പല ജില്ലകളിലും ശക്തമായ കാറ്റും മഴയും അനുഭവപ്പെടുന്നുണ്ട്.
Story Highlights: Cyclone Biparjoy begins landfall, coastal Guj hit by heavy rain
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here